കോഴിക്കോട്: അടക്കി വാഴാന്‍ ഇടത്; കരുത്തറിയിക്കാന്‍ വലത്

Posted on: May 11, 2016 2:45 pm | Last updated: May 11, 2016 at 2:45 pm

KOZHIKODEകഴിഞ്ഞ ഒരു പതിറ്റാണ്ടായി മലബാറില്‍ ഇടതുപക്ഷത്തിന് ഏറ്റവും കൂടുതല്‍ എം എല്‍ എമാരെ സംഭാവന ചെയ്യുന്ന ജില്ലയാണ് കോഴിക്കോട്. കഴിഞ്ഞ തവണ ആകെയുള്ള 13 മണ്ഡലങ്ങളില്‍ പത്തും ഇടതിനൊപ്പം നിന്നു. ഇടത് തരംഗം ആഞ്ഞുവീശിയ 2006ല്‍ 12 മണ്ഡലങ്ങളില്‍ 11 ഇടത്തും ചെങ്കൊടി പാറി. യു ഡി എഫ് 100 സീറ്റില്‍ അധികാരത്തില്‍വന്ന 2001ല്‍ ആറ് സീറ്റ് നിലനിര്‍ത്തി ഒപ്പമെത്താന്‍ എല്‍ ഡി എഫിന് കഴിഞ്ഞു. കോഴിക്കോട് നിന്നും ഒരു കോണ്‍ഗ്രസുകാരന്‍ സംസ്ഥാന നിയമസഭയിലെത്തിയിട്ട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞു. രാഷ്ട്രീയ ബലാബലങ്ങള്‍ നോക്കിയാല്‍ സി പി എമ്മിനും മുസ്‌ലിം ലീഗിനും കോണ്‍ഗ്രസിനുമെല്ലാം ശക്തമായ അടിത്തറ ജില്ലയിലുണ്ട്. വലിയ രാഷ്ട്രീയ അടിയൊഴുക്ക് പ്രതീക്ഷിക്കപ്പെടുകയും ന്യനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണത്തിന് സാധ്യത കല്‍പ്പിക്കപ്പെടുകയും ചെയ്യുന്ന ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ പരസ്യ പ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ എല്‍ ഡി എഫിന് തന്നെയാണ് മേല്‍കൈ. ജില്ലയിലെ 13 മണ്ഡലങ്ങളും ഇത്തവണ പിടിച്ചടക്കുമെന്ന് എല്‍ ഡി എഫ് അവകാശപ്പെടുന്നു. എന്നാല്‍ കഴിഞ്ഞ തവണ ജയിച്ച മൂന്ന് മണ്ഡലങ്ങള്‍ അടക്കം ആറിടത്ത് ഉറച്ച വിജയ പ്രതീക്ഷ യു ഡി എഫും പങ്കുവെക്കുന്നു. ബി ജെ പിക്ക് വിജയ പ്രതീക്ഷയില്ലെങ്കിലും മൂന്നിടത്ത് രണ്ടാമതെത്തുമെന്ന് അവകാശപ്പെടുന്നു.

പ്രചാരണ രംഗത്തെ ചലനങ്ങള്‍ നിരീക്ഷിച്ചാല്‍ ജില്ലയില്‍ ഏഴിടത്ത് (കോഴിക്കോട് സൗത്ത്, കുന്ദമംഗലം, കൊടുവള്ളി, തിരുവമ്പാടി, വടകര, കുറ്റിയാടി, ബേപ്പൂര്‍) ശക്തമായ മത്സരമാണ് നടക്കുന്നത്. ഇതില്‍ തന്നെ അഞ്ചിടത്ത് തീ പാറും പോരാട്ടം. കഴിഞ്ഞ തവണ മുസ്‌ലിം ലീഗ് ജയിച്ച കോഴിക്കോട് സൗത്ത്, തിരുവമ്പാടി, കൊടുവള്ളി, എല്‍ ഡി എഫ് ജയിച്ച വടകര, ഇടത് സ്വതന്ത്രന്‍ ജയിച്ച കുന്ദമംഗലം എന്നിവടങ്ങളിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം. കോഴിക്കോട് നോര്‍ത്ത്, എലത്തൂര്‍, നാദാപുരം, കൊയിലാണ്ടി, ബാലുശ്ശേരി, പേരാമ്പ്ര മണ്ഡലങ്ങളില്‍ ഇടത് മേധാവിത്വം പ്രകടമാണ്.
കോഴിക്കോട് സൗത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായ മന്ത്രി എം കെ മുനീറും ഇടത് സ്ഥാനാര്‍ഥിയായ ഐ എന്‍ എല്ലിന്റെ പ്രൊഫ. എ പി അബ്ദുല്‍ വഹാബും തമ്മിലാണ് പ്രധാന മത്സരം. എന്‍ ഡി എക്കായി ബി ഡി ജെ എസിന്റെ സതീശന്‍ കുറ്റിയിലും രംഗത്തുണ്ടെങ്കിലും പ്രചാരണ രംഗത്ത് സജീവമല്ല. പ്രചാരണ രംഗത്ത് മുനീര്‍ നേരത്തെ ഇറങ്ങിയിരുന്നെങ്കിലും അദ്ദേഹത്തിന് ഒപ്പമെത്താന്‍ വഹാബിന് കഴിഞ്ഞിട്ടുണ്ട്. ലീഗിനും സി പി എമ്മിനും വലിയ വോട്ടുള്ള സൗത്ത് നഗരത്തിലെ ന്യൂനപക്ഷ കേന്ദ്രീകരണ മണ്ഡലം കൂടിയാണ്. കഴിഞ്ഞ തവണ 1376 വോട്ടിന്റെ നേരിയ ഭൂരിഭക്ഷത്തിലാണ് മുനീര്‍ ജയിച്ചത്. എന്നാല്‍ 2011ലെ തിരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ സൗത്ത് എന്ന് അറിയപ്പെടുന്ന പഴയ കോഴിക്കോട് രണ്ടില്‍ പതിനാലായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഐ എന്‍ എല്ലിലെ പി എം എ സലാം ജയിച്ചിരുന്നു. കടുത്ത മത്സരം നടക്കുന്ന ഇവിടെ ബി ഡി ജെ എസ് സ്ഥാനാര്‍ഥി പിടിക്കുന്ന വോട്ടുകളാകും മുന്നണികളുടെ വിധി നിര്‍ണയിക്കുക.
കനത്ത മത്സരം നടക്കുന്ന കുന്ദമംഗലം പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലെത്തിയപ്പോള്‍ ആര്‍ക്കും പിടിതരാത്ത അവസ്ഥയിലാണ്. സിറ്റിംഗ് എം എല്‍ എയായ ഇടത് സ്വതന്ത്രന്‍ പി ടി എ റഹീമും യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദീഖും മുതിര്‍ന്ന ബി ജെ പി നേതാവ് സി കെ പത്മനാഭനുമാണ് അങ്കംവെട്ടുന്നത്. സി പി എമ്മിന്റെയും മുസ്‌ലിം ലീഗിന്റെയും ബി ജെ പിയുടെയും വലിയ സ്വാധീന മേഖലകള്‍ മണ്ഡലത്തിലുണ്ട്. ബി ജെ പി 25,000ത്തിന് മുകളില്‍ വോട്ട് പിടിക്കുന്ന മണ്ഡലമായതിനാല്‍ ന്യൂനപക്ഷ വോട്ടുകളില്‍ വലിയ അടിയൊഴുക്ക് തങ്ങള്‍ക്ക് അനുകൂലമായി ഉണ്ടാകുമെന്ന് എല്‍ ഡി എഫ് അവകാശപ്പെടുന്നു. ഒപ്പം ഒളവണ്ണ പോലുള്ള സി പി എമ്മിന്റെ ഉരുക്ക്‌കോട്ടകളും റഹീമിന്റെ പ്രതീക്ഷ ഉയര്‍ത്തുന്നു. എന്നാല്‍ അട്ടിമറി സാധ്യത യു ഡി എഫ് പങ്കുവെക്കുന്നു. ബി ജെ പിക്ക് ജയസാധ്യതയില്ലെങ്കിലും രണ്ടാം സ്ഥാനം ലക്ഷ്യമിടുന്ന ഇവര്‍ പിടിക്കുന്ന വോട്ടുകള്‍ ഇരുമുന്നണിക്കും നിര്‍ണായകമാകും.
യു ഡി എഫിനായി മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി എം എ റസാഖും എല്‍ ഡി എഫിനായി ലീഗ് വിമതന്‍ കാരാട്ട് റസാഖും മത്സരിക്കുന്ന കൊടുവള്ളിയില്‍ ഇരുവിഭാഗവും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. ജില്ലയില്‍ മുസ്‌ലിംലീഗിന്റെ ഉരുക്ക്‌കോട്ടയാണെങ്കിലും കാരാട്ട് റസാഖിന്റെ മണ്ഡലത്തിലെ സ്വാധീനം തന്നെയാണ് യു ഡി എഫിന് ഭീഷണി. കഴിഞ്ഞ തവണ 16000 വോട്ടിന് മുകളിലെ ഭൂരിപക്ഷത്തില്‍ മുസ്‌ലിം ലീഗിലെ വി എം ഉമ്മര്‍ ജയിച്ച മണ്ഡലത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്ക് പ്രകാരം യു ഡി എഫ് ഭൂരിഭക്ഷം ആറായിരത്തില്‍ താഴെയാണ്. മുസ്‌ലിം ഭൂരിപക്ഷ കേന്ദ്രമായ മണ്ഡലത്തില്‍ സാമുദായിക സംഘടനകളുടെ നിലപാടുകള്‍ നിര്‍ണായകമാകും. 2006ലെ തിരഞ്ഞെടുപ്പില്‍ ലീഗ് വിമതനായി മത്സരിച്ച് പി ടി എ റഹീം മണ്ഡലത്തില്‍ അട്ടിമറി വിജയം നേടിയിട്ടുമുണ്ട്. ഇരു മുന്നണിയും മണ്ഡലത്തിലെ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലുമുള്ള വോട്ടിംഗ് കണക്കുകളും സാമുദായിക സംഘടനകളുടെ സ്വാധീനവും വിവരിച്ച് വിജയം അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ആര് ജയിച്ചാലും നേരിയ ഭൂരിപക്ഷം എന്ന അവസ്ഥയിലേക്ക് പോരാട്ട ചൂട് എത്തിയതായാണ് സുവര്‍ണ നഗരിയല്‍ നിന്നുള്ള റിപ്പോര്‍ട്ട്. ബി ജെ പിക്കായി സംവിധായകന്‍ അലി അക്ബര്‍ ഇവിടെ മത്സരിക്കുന്നുണ്ടെങ്കിലും പ്രചാരണത്തില്‍ ഒരു സ്വാധീനവും ഉണ്ടാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ മണ്ഡലത്തിലെ ബി ജെ പി വോട്ടുകള്‍ ആര്‍ക്ക് തുണയാകുമെന്ന് കണ്ടറിയണം.
യു ഡി എഫ് ശക്തികേന്ദ്രങ്ങളിലൊന്നായ ജില്ലയിലെ മലയോര മണ്ഡലമായ തിരുവമ്പാടിയിലാണ് ഇത്തവണ ഏറ്റവും വലിയ രാഷ്ട്രീയ അടിയൊഴുക്കുകള്‍ പ്രതീക്ഷിക്കപ്പെടുന്നത്. എല്‍ ഡി എഫിനായി സി പി എം സ്ഥാനാര്‍ഥി ജോര്‍ജ് എം തോമസും യു ഡി എഫിനായി മുന്‍ കൊടുവള്ളി എം എല്‍ എ വി എം ഉമ്മറും എന്‍ ഡി എക്കായി ബി ഡി ജെ എസിന്റെ ഗിരി പാമ്പനാലുമാണ് മത്സരിക്കുന്നത്. കൂടാതെ വിവിധ കര്‍ഷക സംഘടനകളെ പ്രതിനിധീകരിച്ച് സൈമണ്‍ തോണക്കര, സിബി വയലിനും രംഗത്തുണ്ട്. യു ഡി എഫ് സ്ഥാനാര്‍ഥി നിശ്ചയവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ മണ്ഡലത്തിലുണ്ടായിരുന്നു. ഇതിന്റെ പിന്നാലെയാണ് കര്‍ഷക സംഘടനകളുടെ സ്ഥാനാര്‍ഥികള്‍ രംഗത്തെത്തിയത്. മുമ്പെങ്ങുമില്ലാത്ത വിധം സാമുദായിക രീതിയിലുള്ള പ്രചാരണം മണ്ഡലത്തില്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയ ബലാബലത്തിലും പ്രചാരണ രംഗത്തും ഇരുമുന്നണിയും തുല്ല്യമാണ്. രാഷ്ട്രീയ അടിയൊഴുക്കുകള്‍ തന്നെയാകും മണ്ഡലത്തിലെ വിധി നിര്‍ണയിക്കുക.
ചതുഷ്‌കോണ മത്സരം നടക്കുന്ന വടകരയിലെ ഫലം സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. എല്‍ ഡി എഫിനായി സിറ്റിംഗ് എം എല്‍ എയും ജെ ഡി എസിന്റെ മുതിര്‍ന്ന നേതാവുമായ സി കെ നാണുവാണ് മത്സരിക്കുന്നത്. യു ഡി എഫിനായി ജെ ഡി യു നേതാവ് മനയത്ത് ചന്ദ്രനും ബി ജെ പിക്കായി അഡ്വ. എം രാജേഷ് കുമാറും സ്വതന്ത്ര സ്ഥാനാര്‍ഥിയായിയി ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയും മത്സരിക്കുന്നു. രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയാക്കാവുന്ന, മുന്നണിക്ക് പുറത്തുള്ള ചില കുറ് മുന്നണികള്‍ ഇവിടെ പ്രചാരണം തുടങ്ങിയതോടെ രൂപപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ബി ജെ പി ഒഴികെയുള്ള മൂന്ന് സ്ഥാനാര്‍ഥികളും വിജയ പ്രതീക്ഷ പങ്കുവെക്കുന്നു. രാഷ്ട്രീയ അടിയൊഴുക്കുകള്‍ വടകരയുടെയും വിധി നിര്‍ണയിക്കും.
കുറ്റിയാടിയില്‍ എല്‍ ഡി എഫിനായി സിറ്റിംഗ് എം എല്‍ എ കെ കെ ലതികയും യു ഡി എഫിനായി മുസ്‌ലിംലീഗിലെ പാറക്കല്‍ അബ്ദുല്ലയും ബി ജെ പിക്കായി രാമദാസ് മണലേരിയുമണ് ഏറ്റുമുട്ടുന്നത്. കടുത്ത മത്സരമാണ് നടക്കുന്നതെങ്കിലും എല്‍ ഡി എഫിനാണ് നേരിയ മുന്‍തൂക്കം. എന്നാല്‍ യു ഡി എഫും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മതന്യൂനപക്ഷ സംഘടനകളുടെ നിലപാടുകള്‍ മണ്ഡലത്തില്‍ നിര്‍ണായകമാകും.
ബേപ്പൂരില്‍ എല്‍ ഡി എഫിനായി മേയര്‍ വി കെ സി മമ്മദ്‌കോയയും യു ഡി എഫിനായി യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ആദം മുല്‍സിയും എന്‍ ഡി എക്കായി യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രകാശ് ബാബുവുമാണ് മത്സരിക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇടതുക്ഷം മാത്രം ജയിച്ചുവരുന്ന മണ്ഡലമാണ് ബേപ്പൂര്‍. എന്നാല്‍ കഴിഞ്ഞ തവണ എളമരം കരീമിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയെന്ന ആത്മവിശ്വാസത്തിലാണ് ആദം മുല്‍സി. ജില്ലയില്‍ കുന്ദമംഗലം കഴിഞ്ഞാല്‍ ബി ജെ പിയുടെ വലിയ സ്വാധീന മേഖലാണ് ബേപ്പൂര്‍.
എലത്തൂര്‍, ബാലുശ്ശേരി, കൊയിലാണ്ടി, പേരാമ്പ്ര, നാദാപുരം മണ്ഡലങ്ങളും അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഇടതിനൊപ്പം നില്‍ക്കുമെന്നാണ് വിലയിരുത്തല്‍. ബാലുശ്ശേരിയില്‍ ദളിത് ലീഗ് നേതാവ് യു സി രാമന് ഓളമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്.