കോണ്‍ഗ്രസ് ബിജെപിയുടെ റിക്രൂട്ടിംഗ് ഏജന്‍സി: വിഎസ്

Posted on: May 10, 2016 12:07 pm | Last updated: May 10, 2016 at 9:57 pm

v s achuthanandanകോഴിക്കോട്: ഉമ്മന്‍ ചാണ്ടിക്കും കോണ്‍ഗ്രസിനുമെതിരേ വീണ്ടും വിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കോണ്‍ഗ്രസ് ബിജെപിയുടെ റിക്രൂട്ടിംഗ് ഏജന്‍സിയാണെന്നും വര്‍ഗീയ വിഷം ചീറ്റുന്ന ബിജെപിക്ക് കുടപിടിച്ചത് കോണ്‍ഗ്രസാണെന്നും വിഎസ് ആരോപിക്കുന്നു. ഇതിനായി കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയവരുടെ പട്ടികയും വിഎസ് നിരത്തുന്നു.

വര്‍ഗീയ വിഷം ചീറ്റുന്ന ബിജെപിക്ക് കുടപിടിച്ചത് കോണ്‍ഗ്രസാണെന്നും സ്വയം ചീഞ്ഞ് ബി.ജെ.പി.ക്ക് വളമാകുയാണ് കോണ്‍ഗ്രസെന്നും വി എസ് പറയുന്നു. . ഇന്ന് ഭാരതത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലിരുന്ന സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രി പദത്തിലിരുന്ന എത്ര പേരാണ് പരിവാരങ്ങളായി ബിജെപിയില്‍ ചേര്‍ന്ന് ആ സംസ്ഥാനങ്ങളിലെ ഭരണം തന്നെ ബിജെപിക്ക് അടിയറ വച്ചതെന്നും വി എസ് ചോദിക്കുന്നു.
കോണ്‍ഗ്രസ് വിട്ട് അനുയായികളോടൊപ്പം ബിജെപിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ ചരിത്രം വ്യക്തമായി പ്രതിപാദിക്കുന്നതാണ് വിഎസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കോണ്‍ഗ്രസിന് ഉള്ളില്‍ നിന്ന് ഒരു സംഘ് പ്രചാരകനെ പോലെ ബിജെപിക്ക് വിടുപണി ചെയ്യുന്ന കോണ്‍ഗ്രസുകാരനാണ് ഉമ്മന്‍ ചാണ്ടിയെന്നും വിഎസ് ആരോപിക്കുന്നു.

അതിനായി വെളളാപ്പളളി നടേശനെ പോലെ ഒരു മാദ്ധ്യവര്‍ത്തിയെയും ഉമ്മന്‍ ചാണ്ടി സൃഷ്ടിച്ചെടുത്തുവെന്നും അദ്ദേഹം പറയുന്നു. ഇതിന്റെ ടെസ്റ്റ് ഡോസ്സാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ നാം കണ്ടതെന്നും വിഎസ് പറയുന്നു. ഉമ്മന്‍ ചാണ്ടി തന്നെ മണ്ഡലം തിരിച്ച് ഈ പരീക്ഷണം കേരളമൊട്ടാകെ ഈ നിയമസഭാ തെരെഞ്ഞെടുപ്പില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നു. മദ്ധ്യവര്‍ത്തിയായ നടേശന്‍ യുഡിഎഫ് അധികാരത്തില്‍ വരുന്നതാണ് ബിജെപിക്ക് നല്ലതെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ടെന്നും വിഎസ് പറയുന്നു.