Connect with us

Ongoing News

കേരളം ഭരിക്കാന്‍ തിരുവനന്തപുരം പിടിക്കണം..!

Published

|

Last Updated

തലസ്ഥാന ജില്ല ആരെ തുണക്കുമോ അവര്‍ക്ക് സൗത്ത് ബ്ലോക്കിലേക്കുള്ള വഴി എളുപ്പമാകും. തിരുവനന്തപുരം ജില്ലയുടെ സമീപകാല തിരഞ്ഞെടുപ്പ് ചരിത്രം തന്നെയാണ് ഈ വിലയിരുത്തലിന്റെ അടിസ്ഥാനം. കേരളത്തിലെ പതിനാല് ജില്ലകളെടുത്താല്‍ ഏതെങ്കിലും ഒരു മുന്നണിക്ക് മേധാവിത്വം ലഭിക്കുമെന്ന് പറയാന്‍ കഴിയാത്ത ഏക ജില്ലയും ഒരുപക്ഷെ തിരുവനന്തപുരമാകും. രണ്ടോ മുന്നോ മണ്ഡലങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ശേഷിക്കുന്നിടത്തെല്ലാം ഇഞ്ചോടിഞ്ച് പോരാട്ടം. മൂന്നിടത്ത് ബി ജെ പിയും ശക്തമായി രംഗത്തുണ്ട്.
1987 മുതല്‍ ഭരിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുകയെന്ന സ്വഭാവമാണ് പ്രകടിപ്പിക്കാറുള്ളത്. 1987, 1996, 2006 വര്‍ഷങ്ങളില്‍ എല്‍ ഡി എഫിനായിരുന്നു സംസ്ഥാന ഭരണം. ഈ വര്‍ഷങ്ങളില്‍ ഇടതുമുന്നണി തിരുവനന്തപുരം ജില്ലയില്‍ മികച്ച വിജയം നേടി. 1987ല്‍ ആകെയുള്ള 14 മണ്ഡലങ്ങളില്‍ 13ഉം ഇടതുമുന്നണിക്കായിരുന്നു. 96ല്‍ ഒമ്പത് സീറ്റും 2006ല്‍ 10 സീറ്റും എല്‍ ഡി എഫിനൊപ്പം നിന്നു.
യു ഡി എഫിന് അധികാരം ലഭിച്ച 1991, 2001, 2011 വര്‍ഷങ്ങളില്‍ തലസ്ഥാന ജില്ലയും ഐക്യമുന്നണിക്കൊപ്പം നിന്നു. 91ല്‍ എട്ടും 2001ല്‍ ഒരു സ്വതന്ത്രനടക്കം 10ഉം 2011ല്‍ ആദ്യം എട്ടും പിന്നീട് ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ ഒമ്പത് സീറ്റും യു ഡി എഫ് നേടി.
നഗര മണ്ഡലങ്ങളില്‍ തന്നെയാണ് പ്രധാന മത്സരം. നേമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം സെന്‍ട്രല്‍, കഴക്കൂട്ടം മണ്ഡലങ്ങളില്‍. ഈ നാലില്‍ നേമം ഒഴികെ മൂന്നിടവും കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകള്‍. ഇവിടെയെല്ലാം യു ഡി എഫ് കനത്ത വെല്ലുവിളി നേരിടുന്നു.
തിരുവനന്തപുരം സെന്‍ട്രലില്‍ മന്ത്രി വി എസ് ശിവകുമാറും എല്‍ ഡി എഫിലെ ആന്റണി രാജുവും തമ്മിലാണ് പ്രധാന മത്സരം. ബി ജെ പിക്കായി എസ് ശ്രീശാന്ത് കളത്തില്‍. ജാതി, സാമുദായിക വോട്ടുകള്‍ നിര്‍ണായകമാകുന്ന ഇവിടെ വിജയം ആരെ തുണക്കുമെന്നത് പ്രവചനാതീതം. നേരിയ മുന്‍തൂക്കം ശിവകുമാറിനെന്ന് വിലയിരുത്തുമ്പോഴും ന്യൂനപക്ഷ വോട്ടുകള്‍ ആന്റണി രാജുവിനെ തുണച്ചാല്‍ ഫലം മറിച്ചാകും.
നേമം സീറ്റില്‍ സിറ്റിംഗ് എം എല്‍ എ. ശിവന്‍കുട്ടിയും യു ഡി എഫിനായി ജെ ഡി യുവിലെ സുരേന്ദ്രന്‍പിള്ളയും ബി ജെ പിക്കായി മുതിര്‍ന്ന നേതാവ് ഒ രാജഗോപാലും കൊമ്പുകോര്‍ക്കുന്നു. നിയമസഭയിലേക്ക് നേമം വഴിയെന്നാണ് ബി ജെ പിയുടെ ഉപശാല വര്‍ത്തമാനം. ബി ജെ പി അത്രമേല്‍ പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലം. എല്‍ ഡി എഫും ബി ജെ പിയും തമ്മിലാണ് പ്രധാന മത്സരം എന്ന നിലയിലാണ് പ്രചാരണത്തിന്റെ ഗതി. ബി ജെ പിക്കെതിരെ ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള എതിര്‍പ്പ് ശിവന്‍കുട്ടിക്ക് അനുകൂലമാണ്. ഈ ആനുകൂല്യത്തിലൂടെ നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും മണ്ഡലം ഇടതിനൊപ്പം നില്‍ക്കുമെന്നാണ് കണക്ക് കൂട്ടല്‍.
ഐ ടി കേന്ദ്രമായ കഴക്കൂട്ടത്തും പ്രചാരണ രംഗത്ത് ത്രികോണ പ്രതീതിയാണ്. യു ഡി എഫിന് വേണ്ടി കോണ്‍ഗ്രസിലെ സിറ്റിംഗ് എം എല്‍ എ. എം എ വാഹിദ്. എല്‍ ഡി എഫിനായി കടകംപള്ളി സുരേന്ദ്രനും ബി ജെ പിക്കായി വി മുരളീധരനും കളത്തില്‍. ടെക്‌നോപാര്‍ക്ക് ഉള്‍പ്പെടെ ഐ ടി കമ്പനികളില്‍ ജോലി ചെയ്യുന്ന വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇരുപതിനായിരത്തോളം പേര്‍ക്ക് മണ്ഡലത്തില്‍ വോട്ടുണ്ട്. മണ്ഡലത്തിലെ ജയപരാജയം നിര്‍ണയിക്കുന്നതില്‍ ടെക്‌നോപാര്‍ക്ക് പ്രധാന ഘടകമാകും. അതിനാല്‍ തന്നെ ടെക്‌നോപാര്‍ക്ക് കേന്ദ്രീകരിച്ച് മൂന്ന് സ്ഥാനാര്‍ഥികളും പ്രത്യേകം പ്രചാരണം നടത്തുന്നുണ്ട്.
ജാതി സമവാക്യങ്ങളാകും വട്ടിയൂര്‍ക്കാവിലെ ഫലത്തില്‍ നിര്‍ണായകമാകുക. വന്‍ ഭൂരിപക്ഷത്തിന് കഴിതവണ തിരഞ്ഞെടുക്കപ്പെട്ട കെ മുരളീധരനാണ് യു ഡി എഫിന് വേണ്ടി ഇത്തവണയും കളത്തില്‍. എല്‍ ഡി എഫിനായി ടി എന്‍ സീമയും ബി ജെ പിക്ക് സംസ്ഥാന അധ്യക്ഷന്‍ കുമ്മനംരാജശേഖരനും മത്സരിക്കുന്നു. കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായി പാര്‍ട്ടി ചിഹ്നത്തില്‍ സി പി എം മത്സരിക്കുന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത. കുമ്മനം രാജശേഖരന് വേണ്ടി ആര്‍ എസ് എസ് സജീവമായി മണ്ഡലത്തിലുണ്ട്. അഞ്ച് വര്‍ഷത്തെ വികസനം വോട്ടായി മാറുമെന്ന പ്രതീക്ഷയില്‍ കെ മുരളീധരനും.
ആറ്റിങ്ങല്‍, ചിറയിന്‍കീഴ് മണ്ഡലങ്ങള്‍ നിലവില്‍ എല്‍ ഡി എഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. സിറ്റിംഗ് എം എല്‍ എമാരായ ബി സത്യനും വി ശശിയും തന്നെയാണ് ഇവിടെ വീണ്ടും ജനവിധി തേടുന്നത്. ആറ്റിങ്ങല്‍ സീറ്റില്‍ യു ഡി എഫിന് വേണ്ടി മത്സരിക്കുന്നത് ആര്‍ എസ് പിയിലെ കെ ചന്ദ്രബാബുവാണ്. ചിറയിന്‍കീഴില്‍ കോണ്‍ഗ്രസിലെ കെ അജിത്കുമാറും. ബി ജെ പിക്ക് കാര്യമായ സ്വാധീനമില്ലാത്ത ഈ രണ്ട് മണ്ഡലങ്ങളിലും എല്‍ ഡി എഫിന് തന്നെയാണ് മുന്‍തൂക്കം.
വാമനപുരവും സി പി എമ്മിന്റെ സിറ്റിംഗ് സീറ്റാണെങ്കിലും ഇവിടെ എം എല്‍ എയായിരുന്ന കോലിയക്കോട് കൃഷ്ണന്‍ നായരെ മാറ്റി ഡി കെ മുരളിയെയാണ് സ്ഥാനാര്‍ഥിയാക്കിയത്. കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത് ടി ശരത്ചന്ദ്രപ്രസാദിനെയാണ്. മണ്ഡലത്തില്‍ കടുത്ത മത്സരത്തിന്റെ പ്രതീതിയുണ്ടെങ്കിലും എല്‍ ഡി എഫ് തന്നെ ജയിച്ച് കയറുമെന്നാണ് കണക്ക് കൂട്ടല്‍.
യു ഡി എഫിന്റെ സിറ്റിംഗ് സീറ്റായ വര്‍ക്കലയില്‍ വര്‍ക്കല കഹാറിനെ തന്നെയാണ് കോണ്‍ഗ്രസ് രംഗത്ത് ഇറക്കിയിരിക്കുന്നത്. വി ജോയിയാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി. കഹാറിനെ മണ്ഡലം ഒരിക്കല്‍ കൂടി തുണക്കുമെന്നാണ് പൊതു വിലയിരുത്തല്‍. ശക്തമായ മത്സരം നടക്കുന്ന മറ്റൊരു മണ്ഡലം കാട്ടക്കടയാണ്. സ്പീക്കര്‍ എന്‍ ശക്തന്‍ കോണ്‍ഗ്രസിന് വേണ്ടിയും എല്‍ ഡി എഫിനായി ഐ ബി സതീഷും തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ്. ബി ജെ പിക്ക് വേണ്ടി പി കെ കൃഷ്ണദാസും കളത്തില്‍ ഉള്ളതിനാല്‍ അദ്ദേഹം പിടിക്കുന്ന വോട്ട് ഫലത്തില്‍ നിര്‍ണായകമാകും. ബി ജെ പി അധികമായി പിടിക്കുന്ന വോട്ട് ശക്തനെ പ്രതികൂലമായി ബാധിക്കുമെന്നാണ് കണക്ക് കൂട്ടല്‍. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന രണ്ടു മണ്ഡലമാണ് നെയ്യാറ്റിന്‍കരയും പാറശ്ശാലയും.
യു ഡി എഫിന്റെ സിറ്റിംഗ് സീറ്റുകളെങ്കിലും ഇവിടെ ഫലം പ്രവചനാതീതമാണ്. കോണ്‍ഗ്രസിലെ ആര്‍ ശെല്‍വരാജും സി പി എമ്മിലെ ആന്‍സലനും തമ്മിലാണ് നെയ്യാറ്റിന്‍കരയില്‍ നേരിട്ട് ഏറ്റുമുട്ടുന്നത്. പാറശ്ശാലയില്‍ എ ടി ജോര്‍ജും സി കെ ഹരീന്ദ്രനും മാറ്റുരക്കുന്നു.
നെടുമങ്ങാട്ടെ സ്ഥിതിയും വ്യത്യസ്തമല്ല. സി പി ഐ മത്സരിക്കുന്ന സീറ്റില്‍ സി ദിവാകരനും കോണ്‍ഗ്രസിലെ പാലോട് രവിയും തമ്മിലാണ് പ്രധാന മത്സരം. ബി ജെ പിക്ക് വേണ്ടി വി വി രാജേഷും കളത്തിലുണ്ട്. ജെ ഡി എസിലെ ജമീലപ്രകാശവും കോണ്‍ഗ്രസിലെ എം വിന്‍സന്റും ഏറ്റുമുട്ടുന്ന കോവളം മണ്ഡലത്തില്‍ നേരിയ മുന്‍തൂക്കം സിറ്റിംഗ് എം എല്‍ എ ജമീലപ്രകാശത്തിന് തന്നെയാണ്.
ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടും മുമ്പെ വീണ്ടും മത്സരത്തിന് അരങ്ങൊരുങ്ങിയ അരുവിക്കരയില്‍ കെ എസ് ശബരീനാഥനും എ എ റഷീദും തമ്മിലാണ് മത്സരം. ജി കാര്‍ത്തികേയനെ ഏറെ കാലം തുണച്ച മണ്ഡലം ഇത്തവണയും കൈവിടില്ലെന്ന ആത്മവിശ്വാസത്തിലാണ് ശബരീനാഥ്.