Connect with us

Kerala

അട്ടപ്പാടി പാക്കേജ് പ്രഖ്യാപനത്തിലൊതുങ്ങി; പാവങ്ങള്‍ക്ക് ദുരിതം ബാക്കി

Published

|

Last Updated

മണ്ണാര്‍ക്കാട്:സംസ്ഥാനത്തെ ഏറ്റവും വിസ്തൃതമായ ആദിവാസി മേഖലയായ അട്ടപ്പാടിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് പ്രഖ്യാപനത്തിലൊതുങ്ങി. അഞ്ച് വര്‍ഷം കൊണ്ട് അട്ടപ്പാടിയുടെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇവരുടെ അവസ്ഥ കൂടുതല്‍ ദുസ്സഹമാവുകയാണ് ചെയ്തത്. 117 നവജാത ശിശുക്കളാണ് ഇവിടെ മരിച്ചുവീണത്. ആരോഗ്യം, കൃഷി, സാമൂഹികനീതി, പട്ടികവര്‍ഗ ക്ഷേമം, എക്‌സൈസ് എന്നിങ്ങനെ വിവിധ മേഖലകളിലായി കോടികളുടെ പദ്ധതികളാണ് ഇവിടെ പ്രഖ്യാപിച്ചിരുന്നത്. പ്രഖ്യാപനമല്ലാതെ സര്‍ക്കാറിന്റെ ഇടപെടല്‍ ഇവിടെ ഒരു മേഖലയിലുമുണ്ടായില്ല. തുടര്‍ച്ചയായ നവജാത ശിശുമരണങ്ങള്‍ നേരിടാനെടുത്ത പദ്ധതികളെല്ലാം പരാജയപ്പെട്ടു.

കൂടുതല്‍ ഡോക്ടര്‍മാരെയോ മറ്റു ജീവനക്കാരെയോ നിയമിക്കാത്ത സര്‍ക്കാര്‍ ആരോഗ്യരംഗത്തെ പ്രശ്‌നങ്ങള്‍ നേരിടാന്‍ ഫണ്ടും അനുവദിച്ചില്ല. സര്‍ക്കാറിന്റെ പിടിപ്പുകേട് കാരണം ദേശീയ ആരോഗ്യ മിഷന്‍ ഫണ്ടും ഇല്ലാതായി. മൂന്ന് കോടി ചെലവഴിച്ചിട്ടും പരമ്പരാഗത കൃഷി വികസന പദ്ധതിയും പാളി.
ഇവിടെ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിച്ചത് ആദിവാസി സ്ത്രീകളാണ്. തൊഴിലില്ലായ്മയും പോഷകാഹാരക്കുറവും അവരെ വേട്ടയാടുന്നു. ജനനി ജന്മരക്ഷാ പദ്ധതി ഉള്‍പ്പെടെ പല ക്ഷേമ പദ്ധതികളും സര്‍ക്കാര്‍ നിര്‍ത്തലാക്കി. ആകെയുണ്ടായിരുന്ന തൊഴിലുറപ്പ് പദ്ധതിയിലെ കൂലി പോലും ലഭിക്കുന്നുമില്ല. പരമ്പരാഗത കൃഷി വികസനത്തിന് 7.9 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാറിന്റെ പാക്കേജില്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ഈ പദ്ധതിയും നടപ്പായില്ല. 30,070 ഏക്കര്‍ ഭൂമി പട്ടികവര്‍ഗക്കാര്‍ക്ക് നല്‍കിയതായി പത്രങ്ങളില്‍ പരസ്യം കണ്ടെങ്കിലും ഇവരാരും ആ ഭൂമി കണ്ടിട്ടില്ല. സബ് കലക്ടര്‍ താത്പര്യമെടുത്ത് അട്ടപ്പാടിയില്‍ 497 കുടുംബങ്ങള്‍ക്ക് നല്‍കാനുള്ള ഭൂമി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഇതിന്റെ വിതരണം പൂര്‍ത്തിയായിട്ടില്ല.
സാമൂഹികനീതി വകുപ്പിന്റെ കീഴില്‍ 12 ലക്ഷം രൂപ ചെലവില്‍ മെഡിക്കല്‍ അങ്കണ്‍വാടി പ്രഖ്യാപിച്ചിരുന്നു. ഇത് എന്താണെന്ന് ബന്ധപ്പെട്ടവര്‍ക്ക് പോലും അറിയില്ല. വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍, ലഹരി വിമുക്ത കേന്ദ്രം എന്നിവയും ഇവിടെ പ്രഖ്യാപിക്കപ്പെട്ടതാണ്. നടക്കാതെ പോയവയുടെ പട്ടികയിലാണ് ഇവയുമുള്ളത്. പട്ടിക വര്‍ഗ മേഖലയില്‍ 2,000 വീടുകളാണ് കേന്ദ്ര മന്ത്രിയും മുഖ്യമന്ത്രിയും കൂടി പ്രഖ്യാപിച്ചത്. വിവിധ പദ്ധതികളിലായി 3,500 വീടുകള്‍. സര്‍ക്കാറിന്റെ വാക്ക് വിശ്വസിച്ച് ഉണ്ടായിരുന്ന പഴയ വീട് പൊളിച്ചവര്‍ ഇപ്പോള്‍ പെരുവഴിയിലാണ്. സര്‍ക്കാറിനെ വിശ്വസിച്ചവര്‍ ഇന്ന് പ്ലാസ്റ്റിക്ക് കൂടാരങ്ങളില്‍ അന്തിയുറങ്ങുന്നു.
പട്ടികവര്‍ഗക്കാരുടെ ഒരു ലക്ഷം രൂപ വരെയുള്ള ഭവനവായ്പ എഴുതിത്തള്ളുമെന്ന് മൂന്ന് വര്‍ഷമായി സര്‍ക്കാര്‍ പറയുന്നതാണ്. 12,216 പേരുടെ പട്ടികയും സര്‍ക്കാര്‍ രണ്ട് വര്‍ഷം മുമ്പ് ശേഖരിച്ചു. ഒരാള്‍ക്ക് പോലും ആനുകൂല്യം ലഭിച്ചിട്ടില്ല. ആദിവാസി മേഖലയില്‍ പദ്ധതികള്‍ ആവോളമുണ്ട്. പ്രഖ്യാപനങ്ങളും മുറക്ക് നടക്കാറുണ്ട്. എന്നാല്‍, ഇവിടെ ആദിവാസികള്‍ക്ക് തൊഴിലില്ല, കൂലിയില്ല, ഭൂമിയില്ല, കൂരയില്ല, കുടിവെള്ളമില്ല, ചികിത്സയില്ല… ദുരിതപൂര്‍ണമാണ് ഇവരുടെ ജീവിതം.

Latest