Connect with us

International

ആണവായുധം പ്രയോഗിക്കുക പരമാധികാരത്തിന് ഭീഷണിയാകുമ്പോള്‍ മാത്രം: ഉത്തര കൊറിയ

Published

|

Last Updated

പ്യോംഗ്യാംഗ്: രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയില്ലാത്തിടത്തോളം തന്റെ രാജ്യം ആണവായുധം ഉപയോഗിക്കില്ലെന്ന് വടക്കന്‍ കൊറിയയുടെ നേതാവ് കിം ജോംഗ് ഉന്‍. 35 വര്‍ഷത്തിന് ശേഷം ആദ്യമായി തലസ്ഥാനത്ത് നടക്കുന്ന വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ പ്രതിനിധി സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് കിം ഇക്കാര്യം പറഞ്ഞത്. ഉത്തരവാദിത്വമുള്ള ആണവായുധ രാജ്യമെന്ന നിലക്ക് ശത്രുക്കള്‍ ആണവായുധമുപയോഗിച്ചുള്ള ആക്രമണം നടത്തുംവരെ രാജ്യം ആണവായുധം ഉപയോഗിക്കില്ലെന്ന് കിമ്മിനെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആണവായുധം കൈവശം വെക്കാതിരിക്കല്‍ കരാറിനും ആഗോള ആണവായുധ നിരായൂധീകരണത്തിനും സത്യസന്ധമായി ശ്രമിക്കാന്‍ രാജ്യം തയ്യാറാണ്. ശത്രുത പുലര്‍ത്തുന്ന രാജ്യങ്ങളുമായി സാധാരണ ബന്ധത്തിലേക്ക് വരാന്‍ വടക്കന്‍ കൊറിയ തയ്യാറാണെന്ന് അമേരിക്കയുടേയും ദക്ഷിണ കൊറിയയുടേയും പേരെടുത്തു പറയാതെ കിം പറഞ്ഞു.

2003ല്‍ ആണവായുധ നിരായുധീകരണ കരാറില്‍നിന്നും പിന്‍വാങ്ങിയ വടക്കന്‍ കൊറിയ 2006ലാണ് ആണവായുധ പരീക്ഷണങ്ങള്‍ ആരംഭിച്ചത്. 2011ല്‍ കിം അധികാരത്തിലേറിയ ശേഷം രണ്ട് ആണവയുധ പരീക്ഷണവും വിജയകരമായ രണ്ട് റോക്കറ്റ് വിക്ഷേപണവും നടത്തിയിട്ടുണ്ട്. എന്നാല്‍ റോക്കറ്റ് വിക്ഷേപണത്തിന് പകരം ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണമാണ് വടക്കന്‍ കൊറിയ നടത്തിയതെന്നാണ് വ്യാപകമായി കരുതപ്പെടുന്നത്.