Connect with us

Gulf

സൗരോര്‍ജ മേഖലയില്‍ അവസരങ്ങള്‍ തുറന്ന് ദുബൈ സോളാര്‍ ഷോ ഒക്‌ടോബറില്‍

Published

|

Last Updated

ദുബൈ: സൗരോര്‍ജ മേഖലയിലെ നൂതന പദ്ധതികള്‍ തുറന്നുകാട്ടുകയും പൊതു-സ്വകാര്യപങ്കാളിത്തത്തോടെ സൗരോര്‍ജ രംഗത്ത് പുതിയ ആശയങ്ങള്‍ രൂപപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്ന ദുബൈ സോളാര്‍ ഷോ ഒക്‌ടോബറില്‍ നടക്കും. ദുബൈ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒക്‌ടോബര്‍ നാലു മുതല്‍ ആറു വരെയായിരിക്കും സോളാര്‍ ഷോയെന്ന് ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി എം ഡിയും സി ഇ ഒയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ അറിയിച്ചു.
ജലം, ഊര്‍ജം, സാങ്കേതികത, പരിസ്ഥിതി എന്നിവ സംയോജിപ്പിച്ച പ്രദര്‍ശനമായിരിക്കും ഇത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ മാര്‍ഗനിര്‍ദേശത്തില്‍ ദുബൈ ഉപ ഭരണാധികാരിയും ധനകാര്യമന്ത്രിയും ദിവ പ്രസിഡന്റുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് പ്രദര്‍ശനം നടക്കുക.
പൊതു-സ്വകാര്യമേഖലകളിലുള്ളവര്‍ക്ക് ഊര്‍ജരംഗത്ത് ഇടപാടുകള്‍ നടത്താനും പങ്കാളികളെ കണ്ടെത്താനും സൗരോര്‍ജ സാങ്കേതിക വിദ്യകള്‍ അവലോകനം ചെയ്യാനും മേഖലയിലെ നിലവിലുള്ളതും ഭാവിയില്‍ വരുന്നതുമായ പദ്ധതികളെക്കുറിച്ച് പഠിക്കാനും സൗരോര്‍ജ-ഊര്‍ജ പദ്ധതികളിലും പരിപാടികളും പങ്കെടുക്കാനും പര്യവേക്ഷണം നടത്താനും സഹായിക്കുന്ന മികച്ച പ്ലാറ്റ്‌ഫോമായിരിക്കും ദുബൈ സോളാര്‍ ഷോ.
അറേബ്യന്‍ ഗള്‍ഫ് മേഖലയില്‍നിന്നും മധ്യപൗരസ്ത്യദേശത്തുനിന്നുമുള്ള പ്രദര്‍ശകരും പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. സമ്മേളനങ്ങള്‍, ശില്‍പശാലകള്‍ എന്നിവയും നടക്കും. സൗരോര്‍ജത്തിലൂടെ സുസ്ഥിരഭാവി ഉറപ്പാക്കാനുള്ള പദ്ധതികളെക്കുറിച്ച് വിദഗ്ധര്‍ സംസാരിക്കും.