ഗുവൈഫാത്ത് ഹൈവേ; 59 ശതമാനം ജോലി പൂര്‍ത്തിയായി

Posted on: May 8, 2016 3:03 pm | Last updated: May 8, 2016 at 3:03 pm

high wayഅബുദാബി: മഫ്‌റഖ്-ഗുവൈഫാത്ത് അന്താരാഷ്ട്രപാതയുടെ നിര്‍മാണം 59 ശതമാനം പൂര്‍ത്തിയായതായി അബുദാബി ജനറല്‍ സര്‍വീസ് കമ്പനി (മുസാനദ) അറിയിച്ചു. പടിഞ്ഞാറന്‍ പ്രവിശ്യയിലെ ചെറുപട്ടണങ്ങളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്ന പാതയുടെ നിര്‍മാണം മുനിസിപ്പല്‍ കാര്യാലയവും ഗതാഗതവകുപ്പുമായി സഹകരിച്ചാണ് നടത്തുന്നത്. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ദര്‍ശനത്തിന്റെ ഭാഗമായാണ് പാത ഒരുക്കുന്നത്. അബുദാബി വിഷന്റെ ഭാഗമായി അടിസ്ഥാനസൗകര്യമൊരുക്കുന്നതിനായി റോഡുകള്‍ രാജ്യാന്തരതലത്തിലേക്ക് ഉയര്‍ത്തുന്നതിനാണ് ഗുവൈഫാത്ത് റോഡ് നവീകരിച്ചത്.
2017ല്‍ പൂര്‍ത്തിയാകുന്ന പദ്ധതി 5.3 ബില്യണ്‍ ദിര്‍ഹമിലാണ് നിര്‍മിക്കുന്നത്. 24 മണിക്കൂറും ജോലി ചെയ്താണ് നിര്‍മാണം പൂര്‍ത്തിയാകുന്നത്. മഫ്‌റഖ്-ഗുവൈഫാത്ത് പാതയില്‍ പുതുതായി 15 അപ്പര്‍ ഇന്റര്‍ചെയ്ഞ്ചുകള്‍ നിര്‍മിക്കും. മഫ്‌റഖ്, ഹമീം, അബൂ അല്‍ അബ്‌യദ്, മദീനത്ത് സായിദ് എന്നിവിടങ്ങളിലെ ഇന്റര്‍ചെയ്ഞ്ചുകള്‍ നവീകരിക്കും. ആദ്യപാദത്തില്‍ 246 കിലോമീറ്റര്‍ നീളത്തിലാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്.
2017ല്‍ പദ്ധതി പൂര്‍ണമായും പൂര്‍ത്തിയാകുമെന്ന് മെയിന്‍ റോഡ് ഡിവിഷന്‍ ഡയറക്ടര്‍ എന്‍ജി.ഫൈസല്‍ അല്‍ സുവൈദി അറിയിച്ചു.
റോഡില്‍ വാഹനങ്ങളുടെ പെരുപ്പവും ആധിക്യവും കാരണം അപകടം വര്‍ധിച്ചതാണ് ട്രാഫിക് സുരക്ഷ മെച്ചപ്പെടുത്താന്‍ റോഡ് നവീകരിക്കുന്നത്, സുവൈദി വ്യക്തമാക്കി. അയല്‍രാജ്യമായ സഊദിയുമായി വാണിജ്യഗതാഗതം സുഗമമാക്കുന്നതിനും ഗുവൈഫാത്ത് റോഡിന്റെ നവീകരണംവഴി സാധിക്കും.
2014ലാണ് മഫ്‌റഖ്-ഗുവൈഫാത്ത് റോഡ് നിര്‍മാണം ആരംഭിച്ചത്. ഗുവൈഫാത്ത് റോഡില്‍ കഴിഞ്ഞ കാലങ്ങളില്‍ വന്‍ഗതാഗതകുരുക്കാണ് അനുഭവപ്പെട്ടത്. മണിക്കൂറുകളോളം ഇത് നീണ്ടുനില്‍ക്കുന്നത് നിത്യസംഭവമാണെന്ന് സഊദി റൂട്ടില്‍ സ്ഥിരമായി യാത്ര ചെയ്യുന്ന ഡ്രൈവര്‍മാര്‍ വ്യക്തമാക്കുന്നു. 80 കിലോമീറ്റര്‍ നീണ്ടുനില്‍ക്കുന്ന മദീനത്ത് സായിദിലെ നിലവിലെ ട്രക്ക് റോഡില്‍നിന്നും വാഹനങ്ങള്‍ വഴിമാറിപ്പോവണമെന്ന് റോഡ് ട്രാഫിക് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് കമ്മിറ്റി അറിയിച്ചു.