Connect with us

Palakkad

തരൂരില്‍ എല്‍ ഡി എഫ് പര്യടനം ആവേശമാകുന്നു; മറികടക്കാന്‍ യു ഡി എഫ്

Published

|

Last Updated

വടക്കഞ്ചേരി: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായി കൊണ്ടിരിക്കെ ആവേശം നിറഞ്ഞ പ്രചരണപ്രവര്‍ത്തനങ്ങളുമായി മുന്നേറുകയാണ് തരൂര്‍ നിയോജകമണ്ഡലത്തിലെ ഇടത് – വലത് മുന്നണി സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും.
മുന്‍മന്ത്രി എ കെ ബാലന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി വീണ്ടും മണ്ഡലത്തില്‍ ജനവിധി തേടുമ്പോള്‍ മുമ്പ് രണ്ട് തവണ മത്സരിച്ച് പരാജയപ്പെട്ട കുഴല്‍മന്ദം പഞ്ചായത്ത് പ്രസിഡന്റ് സി പ്രകാശനാണ് ഇത്തവണയും യു ഡി എഫ് സ്ഥാനാര്‍ഥി. പഴയകുഴല്‍മന്ദം മണ്ഡലത്തിലാണ് ഇവര്‍ തമ്മില്‍ ഏറ്റുമുട്ടിയിട്ടുള്ളത്. എന്നും തരൂര്‍ മണ്ഡലം ഘടകകക്ഷികള്‍ക്ക് നല്‍കലാണ് കോണ്‍ഗ്രസ് നയമെങ്കില്‍ ഇത്തവണ ജേക്കബ്ബ് ഗ്രൂപ്പിന് സ്ഥാനാര്‍ഥിയെ കിട്ടാതെ വന്നപ്പോള്‍ കോണ്‍ഗ്രസ് തന്നെ മണ്ഡലത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചു. ഏറ്റെടുത്തപ്പോള്‍ എ കെ ബാലനെതിരെ മത്സരിക്കാന്‍ കെ പി സി സി പ്രസിഡന്റ് തിരഞ്ഞെടുത്തത് സി പ്രകാശിനെയായിരുന്നു.
ഘടകകക്ഷികള്‍ മത്സരിക്കുമ്പോള്‍ പിന്നാക്കം നിന്നിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ സജീവമായതോടെ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പിന് വാശിയും വീറും ഏറിയിരിക്കുകയാണ്. എ കെ ബാലന്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞതും പ്രചരണംതുടങ്ങി നാലുഘട്ടം കഴിഞ്ഞ ശേഷമാണ് യുഡി എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.
നിര്‍ണയം വൈകിയെങ്കിലും പ്രചരണത്തില്‍ യു ഡി എഫ് ഒപ്പത്തിനൊപ്പം മുന്നേറി കൊണ്ടിരിക്കുന്ന കാഴ്ചയാണ് തരൂര്‍ മണ്ഡലത്തില്‍ ഇപ്പോള്‍ കാണുന്നത്. ബി ജെ പി കേന്ദ്രങ്ങളിലെ വോട്ടുകള്‍ വിള്ളല്‍ വീഴാതെ ഉറപ്പിക്കാനും യുവ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് ഉറപ്പിക്കാനുമാണ് ബി ജെ പിയുടെ പ്രചരണം. എല്‍ ഡി എഫ് സ്ഥാനാര്‍ഥി എ കെ ബാലന്‍ അഞ്ചാം ഘട്ട പര്യടനവും പൂര്‍ത്തിയാക്കി കുടുംബയോഗങ്ങളും കണ്‍വെന്‍ഷനുകളും തീര്‍ത്ത് സ്ഥാനാര്‍ഥി സ്വീകരണപര്യടനത്തിലാണ് ഇപ്പോള്‍ മണ്ഡലത്തില്‍.
ഓരോ സ്വീകരണ കേന്ദ്രത്തിലും പ്രായഭേദമെന്യേ നിരവധി ആളുകളാണ് സ്ഥാനാര്‍ഥിയെ കാണാനും ഹാരാര്‍പ്പണം നടത്താനും തടിച്ച് കൂടുന്നത്. മന്ത്രിയായിരുന്ന കാലത്തും കഴിഞ്ഞ് അഞ്ച് വര്‍ഷം എം എല്‍ എ ആയിരുന്ന കാലത്തും മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ഓരോന്നും നിരത്തിയാണ് വോട്ട് അഭ്യര്‍ഥന നടത്തുന്നത്.
എല്‍ ഡി എഫ് അധികാരത്തിലെത്തിയാല്‍ പ്രകടന പത്രികയില്‍ പറയുന്ന കാര്യങ്ങളും വിശദീകരിക്കുന്നുണ്ട്. പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകത്തെക്കുറിച്ചും സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളും ഓരോ സ്വീകരണ കേന്ദ്രങ്ങളിലും എ കെ ബാലന്‍ വിശദീകരിക്കുന്നുണ്ട്.
ഇന്നലെ രാവിലെ പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ ഉദ്ഘാടനം ചെയ്ത എല്‍ ഡി എഫ് കണ്ണമ്പ്ര പഞ്ചായത്ത് റാലിയില്‍ പങ്കെടുത്ത് കൊണ്ടാണ് പര്യടനത്തിന് തുടക്കം കുറിച്ചത്. പുതുക്കോട് പഞ്ചായത്തിലെ ജില്ലാതിര്‍ത്തി രപ്രദേശമായ ചൂലിപ്പാടത്ത് നിന്നുള്ള ആദ്യ സ്വീകരണത്തിന് ശേഷം താളിക്കോട്, ചെന്തലാംകുണ്ട്, ഉളികുത്താംപാടം, ചുങ്കം, തിരുവടി, പട്ടോല പ്രദേശങ്ങളില്‍ പര്യടനം നടത്തി. ഉച്ചഭക്ഷണം കഴിഞ്ഞ് നേരെ തരൂരിലേക്ക്. തരൂരില്‍ ബാലസംഘത്തിന്റെ നേതൃത്വത്തില്‍ പര്യടനം നടത്തുന്ന കലാജാഥ സന്ദര്‍ശിച്ച് അവരുടെ കൂടെ മൂന്ന് സ്വീകരണ കേന്ദ്രങ്ങളില്‍ പങ്കെടുത്തു. വൈകീട്ട് മൂന്ന് മണിയോടെ കാവശേരി പഞ്ചായത്തിലായിരുന്നു പര്യടനം.
കല്ലേപ്പുള്ളിയില്‍ നിന്നാരംഭിച്ച് തെക്കുമുറി, കിഴക്കേപ്പാടം, എരകുളം, തീരത്തോട്, വള്ളിക്കാട്, മാടത്തിക്കാട്, കോട്ടപറമ്പ്, കൊങ്ങാളക്കോട്, വാഴക്കച്ചിറ എന്നിവിടങ്ങളില്‍ സ്വീകരണമേറ്റു വാങ്ങി രാത്രി എട്ട് മണിയോടെ വടക്കേത്തറയില്‍ സമാപിച്ചു. എല്‍ ഡി എഫ് നേതാക്കളായ സി കെ ചാമുണ്ണി, കെ ഇ ഹനീഫ, എം കെ സുരേന്ദ്രന്‍, ടി കണ്ണന്‍, കെ എന്‍ സുകുമാരന്‍, എ അയ്യപ്പന്‍, കെ വി പ്രകാശന്‍, മുഹമ്മദാലി മാസ്റ്റര്‍, വി പൊന്നുക്കുട്ടന്‍, പി സി പ്രമോദ് എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പം വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.
യു ഡി എഫ് സ്ഥാനാര്‍ഥി ഇന്നലെ പര്യടനം മുഴുവനും പുതുക്കോട് പഞ്ചായത്തിലായിരുന്നു. രാവിലെ 9മണിയോടെ സി പ്രകാശന്‍ കോണ്‍ഗ്രസ് നേതാക്കളുടെ അടുത്തെത്തി. ജില്ലാ അതിര്‍ത്തി പ്രദേശമായ ചൂലിപ്പാടത്തിന്ന് നിന്നാരംഭിച്ച പര്യടനം ഡി സിസി സെക്രട്ടറി എ ആണ്ടിയപ്പു ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ഉച്ചക്ക് ഒരുമണിക്ക് പട്ടോലയില്‍ ഭക്ഷണവും അല്‍പ്പം വിശ്രമവും.
പിന്നീട് മൂന്ന് മണിയോടെ പര്യടനത്തിന് തുടക്കമിട്ടു. കണക്കനൂര്‍, പുളിഞ്ചോട്, മണപ്പാടം, കറുഞ്ചേരി, തച്ചനടി പഞ്ചായത്ത് സെന്റര്‍ തുടങ്ങി നിരവധി കേന്ദ്രങ്ങളിലെ പര്യടനത്തിന് ഷേഷം തച്ചനടി സെന്ററില്‍ സമാപിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ യു ഡി എഫ് സര്‍ക്കാറിന്റെ വികസന നേട്ടങ്ങളും തുടര്‍ ഭരണം ലഭിച്ചാല്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന വികസനങ്ങളും നിരത്തിയാണ് സ്ഥാനാര്‍ഥിയുടെ പ്രസംഗം. ബി ജെ പി സ്ഥാനാര്‍ഥി കെ വി ദിവാകരന്റെ പര്യടനം തരൂര്‍, കാവശേരി പഞ്ചായത്തുകളിലായിരുന്നു.
അത്തിപ്പൊറ്റ, പാടൂര്‍, കാവശേരി എന്നിവിടങ്ങളില്‍ കുടുംബയോഗങ്ങളിലും പങ്കെടുത്തു. മണ്ഡലത്തിലെ ശക്തികേന്ദ്രങ്ങളില്‍ ചോര്‍ച്ചയില്ലാതെ വോട്ട് ഉറപ്പിക്കലും യുവവോട്ടര്‍മാരെ നേരില്‍ കാണലുമാണ് സ്ഥാനാര്‍ഥിയുടെ പ്രധാന പ്രചരണതന്ത്രം.

Latest