സ്ഥാനാര്‍ഥികളുടെ ചെലവ് രജിസ്റ്റര്‍: രണ്ടാംഘട്ടം പരിശോധന ഇന്ന്

Posted on: May 8, 2016 11:20 am | Last updated: May 8, 2016 at 11:20 am

മലപ്പുറം: തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിന്റെ ഭാഗമായി സ്ഥാനാര്‍ഥികളുടെ അക്കൗണ്ട് രജിസ്റ്റര്‍ ഷാഡോ ഒബ്‌സര്‍വേഷന്‍ രജിസ്റ്ററുമായി ഒത്തുനോക്കുന്ന രണ്ടാം ഘട്ട പരിശോധന ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാര്‍, അസി. റിട്ടേണിംഗ് ഓഫീസര്‍മാര്‍ എന്നിവരുടെ ഓഫീസുകളില്‍ ചെലവ് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ഇന്ന് നടക്കും. ആദ്യഘട്ട പരിശോധന മെയ് നാലിന് നടത്തിയിരുന്നു. ഈ പരിശോധന സമയത്ത് സ്ഥാനാര്‍ഥികള്‍ ഹാജരാക്കിയ കണക്ക് ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസറുടെയും അസി. റിട്ടേണിംഗ് ഓഫീസറുടെയും ഓഫീസുകളില്‍ പ്രദര്‍ശിപ്പിക്കുകയും വെബ്‌പോര്‍ട്ടലില്‍ ലഭ്യമാക്കി വരികയുമാണ്.
ഇലക്ഷന്‍ എക്‌സ്‌പെന്‍ഡീച്ചര്‍ മോണിറ്ററിംഗ് സെല്ലിന്റെ വിവിധ ഘടകങ്ങളായ സ്റ്റാറ്റിക് സര്‍വലന്‍സ് ടീം, ഫ്‌ളെയിംഗ് സ്‌ക്വാഡ്, വീഡിയോ നിരീക്ഷകര്‍, അസി. എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍, എം സി എം സി എന്നിവയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ ഒബ്‌സര്‍വേഷന്‍ രജിസ്റ്ററില്‍ അക്കൗണ്ട് ടീം രേഖപ്പെടുത്തിയ കണക്ക് സ്ഥാനാര്‍ഥികളുടെ കണക്കുമായി ഒത്തുനോക്കി വ്യത്യാസം ഉണ്ടെങ്കില്‍ സ്ഥാനാര്‍ഥിക്ക് നോട്ടീസ് നല്‍കും. പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച തിരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍, ബാനറുകള്‍, ചുവരെഴുത്തുകള്‍, പോസ്റ്ററുകള്‍ എന്നിവ നീക്കം ചെയ്തതിന് ആന്റി ഡിഫേഴ്‌സ്‌മെന്റ് സ്‌ക്വാഡ് നിശ്ചയിച്ച തുകയും അക്കൗണ്ടിംഗ് ടീം ഷാഡോ ഒബ്‌സര്‍വേഷന്‍ രജിസ്റ്ററില്‍ ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടെ ചെലവ് ഇനത്തില്‍ ഉള്‍ക്കൊള്ളിക്കും.