Connect with us

Articles

പശു രാഷ്ട്രീയത്തെ കോണ്‍ഗ്രസ് പ്രതിരോധിച്ചോ?

Published

|

Last Updated

1984ല്‍ മഹാരാഷ്ട്രയിലെ തദ്ദേശ”ഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശിവസേനയുമായി പരസ്യ സഖ്യമുണ്ടാക്കി. ആര്‍ എസ് എസിന്റെ രഹസ്യ പിന്തുണയും നേടി. 1984ല്‍ ആര്‍ എസ് എസ് സ്ഥാപകദിനമായ വിജയദശമി ദിനത്തില്‍ ദേവറസ് കോണ്‍ഗ്രസിന് ആര്‍ എസ് എസിനോട് വിരോധമില്ലെന്ന് പരസ്യമായ പ്രഖ്യാപനം നടത്തി. ഇന്ദിരാഗാന്ധിയുടെ വധമുള്‍പ്പെടെയുള്ള അത്യന്തം ദുരന്തപൂര്‍ണമായ ദേശീയ സാഹചര്യത്തെ ഹിന്ദുത്വാനുകൂലമായ പ്രത്യയശാസ്ത്രവത്കരണത്തിനുള്ള അവസരമാക്കി സംഘപരിവാര്‍ ആഘോഷപൂര്‍ണമാക്കുകയായിരുന്നല്ലോ.
1984ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധി അയോധ്യയില്‍ നിന്നാണ് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. രാമരാജ്യ പ്രഖ്യാപനത്തോടെ ആരംഭിച്ച കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ക്യാമ്പയിന്‍ ഹിന്ദുവോട്ട് ബേങ്കുകളെ ലക്ഷ്യം വെച്ചുള്ള പരസ്യമായ വര്‍ഗീയ പ്രചരണമാകുകയായിരുന്നു. ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 48ശതമാനം വോട്ടും 415 സീറ്റും കിട്ടിയപ്പോള്‍ രാഷ്ട്രത്തിന്റെ ആത്മാവിന് തീകൊളുത്താന്‍ കാത്തിരിക്കുന്ന വര്‍ഗീയ ഭ്രാന്തന്മാര്‍ നിയമാതീതമായി അഴിഞ്ഞാടാനുള്ള അവസരം കൂടി സൃഷ്ടിക്കപ്പെടുകയായിരുന്നു. രാജീവ് ഗാന്ധി ഗവണ്‍മെന്റ് ഇലക്‌ട്രോണിക്‌സ് യുഗത്തിലേക്ക് രാജ്യത്തെ നയിക്കുന്നുവെന്ന വ്യാജേന ദൂരദര്‍ശന്‍ ചാനലിലൂടെ രാമായണം സീരിയല്‍ പ്രക്ഷേപണം ചെയ്യുകയായിരുന്നു. രാമാനന്ദസാഗറിന്റെ ടി വി രാമായണം സംഘ്പരിവാറിന്റെ രാമക്ഷേത്ര അജന്‍ഡക്കാവശ്യമായ പ്രത്യയ ശാസ്ത്ര പരിസരം രൂപപ്പെടുത്തുകയായിരുന്നു.
1986 ഫെബ്രുവരി ഒന്നിന് ഒരു മുന്‍സിഫ് കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലായിരുന്നല്ലോ അന്നത്തെ യു പിയിലെ എന്‍ ഡി തിവാരിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഗവണ്‍മെന്റ് 1949ല്‍ തര്‍ക്ക”ഭൂമിയായി പൂട്ടിയിട്ട പള്ളി ഹിന്ദുത്വശക്തികള്‍ക്ക് തുറന്നുകൊടുക്കാന്‍ തീരുമാനിച്ചത്. രാജീവ് ഗാന്ധി സര്‍ക്കാര്‍ തന്നെയായിരുന്നു തര്‍ക്കഭൂമിയെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ച സ്ഥലത്ത് 1989 നവംബല്‍ ഒമ്പതിന് സര്‍ക്കാര്‍ ഒത്താശയോടെ ശിലാന്യാസത്തിന് അനുമതി നല്‍കിയത്. ദേശീയോദ്ഗ്രഥനസമിതിയുടെയും സുപ്രീം കോടതിയുടെയും നിര്‍ദേശങ്ങളെയും കല്‍പ്പനകളെയും തൃണവത്ഗണിച്ചുകൊണ്ടാണ് 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കാനെത്തിയ കര്‍സേവകര്‍ക്ക് നരസിംഹ റാവു സര്‍ക്കാര്‍ ഒത്താശ ചെയ്തുകൊടുത്തത്.
അയോധ്യാ പ്രശ്‌നത്തില്‍ ആവശ്യമായ എന്തുനടപടിയും സ്വീകരിക്കാനും കേന്ദ്ര സര്‍ക്കാറിന് സ്വാതന്ത്ര്യമുണ്ടെന്ന് 1992 നവംബര്‍ 25 ലെ സുപ്രീം കോടതി വിധി വ്യക്തമാക്കിയതാണ്. വി പി സിംഗ് ഗവണ്‍മെന്റ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ശിപാര്‍ശയനുസരിച്ച് പിന്നാക്ക ജാതിവിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ ബി ജെ പിയും കോണ്‍ഗ്രസിലെ ഹിന്ദുത്വവാദികളും ആ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള കുത്സിതമായ നീക്കങ്ങളാണ് നടത്തിയത്. കോണ്‍ഗ്രസിന്റെ ഹിന്ദുത്വാനുകൂല നിലപാടുകളാണ് ഇന്ന് സംഘ്പരിവാറിന് ദേശീയാധികാരത്തിലെത്തിച്ചിരിക്കുന്നത്. മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ചകോണ്‍ഗ്രസ് ഭരിച്ച പഴയ എല്ലാ സംസ്ഥാനങ്ങളിലും ബി ജെ പി അധികാരം പിടിച്ചെടുത്തിരിക്കുകയാണ്.
അരുണാചല്‍ പ്രദേശില്‍ പശുവിന്റെ രൂപസാദൃശ്യമുള്ള മിഥുന്‍ എന്ന മൃഗത്തെ അറക്കുന്ന ദൃശ്യങ്ങള്‍ ശേഖരിച്ച് ഇത് ഗോവധമാണെന്ന് കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടാണ് നബാംതൂക്കി സര്‍ക്കാറിനെ ബി ജെ പിയും കോണ്‍ഗ്രസിലെ ഒരു വിഭാഗവും ചേര്‍ന്ന് അട്ടിമറിച്ചത്. ഉത്തരാഖണ്ഡിലെ ഹരീഷ് റാവത്ത് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ബി ജെ പിയുടെ ശ്രമങ്ങളോടൊപ്പം ചേര്‍ന്നത് കോണ്‍ഗ്രസിലെ ഒരു വിഭാഗം എം എല്‍ എമാര്‍ തന്നെയാണല്ലോ. ഏറ്റവുമൊടുവില്‍ ത്രിപുരയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ആ സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള നാല് എം എല്‍ എമാരും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ബി ജെ പിയില്‍ ചേരുകയാണെന്നാണ്. ഇവര്‍ രാജി അറിയിച്ചുകൊണ്ടുള്ള കത്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അയച്ചിരിക്കുകയാണത്രേ.
ദാദ്രിയിലും ഷിംലയിലും ഝാര്‍ഖണ്ഡിലുമെല്ലാം നടന്ന പശുവിന്റെ പേരിലുള്ള നരഹത്യകള്‍ക്കെതിരെ ദേശവ്യാപകമായി പ്രക്ഷോഭം ഉയര്‍ത്താന്‍ പോലും കോണ്‍ഗ്രസ് തയ്യാറായില്ല. ദാദ്രിയിലെ മുഹമ്മദ് അഖ്‌ലാഖിന്റെ മൃഗീയമായ കൊലപാതകത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം കത്തിനില്‍ക്കുമ്പോഴാണ് എ ഐ സി സി വക്താവ് ദിഗ്‌വിജയ് സിംഗ് ഗോവധ നിരോധന ആവശ്യവുമായി രംഗത്തുവന്നത്. അഖ്‌ലാഖിന്റെ കൊലയാളികള്‍ക്കെതിരായി മതനിരപേക്ഷ ജനാധിപത്യശക്തികള്‍ പ്രതിഷേധ പ്രക്ഷോഭം നടത്തുമ്പോള്‍ കോണ്‍ഗ്രസ് പശു ബെല്‍റ്റിലെ വോട്ടു ബേങ്കുകളില്‍ കണ്ണുവെച്ച് ഗോവധ നിരോധന മുദ്രാവാക്യം ഉയര്‍ത്തുകയാണ് ചെയ്തത്.
ഷിംലയില്‍ പശുക്കടത്തിന്റെ പേരില്‍ ന്യൂമാനെന്ന ചെറുപ്പക്കാരനെ തല്ലിക്കൊന്ന ആര്‍ എസ് എസുകാര്‍ക്കെതിരെ കേസെടുക്കാന്‍ മടിച്ചുനിന്നത് ഹിമാചല്‍ പ്രദേശ് ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാറാണ്. പശുവിനെ കടത്തിയതിന്റെ പേരില്‍ കൊല്ലപ്പെട്ട ന്യൂമാനെതിരായി കേസെടുത്തവര്‍ ന്യൂമാനെ മൃഗീയമായി മര്‍ദിച്ചുകൊന്ന ആര്‍ എസ് എസുകാര്‍ക്കെതിരായി കേസെടുത്തത് ദേശീയ രാഷ്ട്രീയത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നുവന്നതോടെയാണ്. കോണ്‍ഗ്രസും ബി ജെ പിയും ഹിന്ദുത്വ അജന്‍ഡയെ ഒരേ പോലെ ഏറിയും കുറഞ്ഞും ഏറ്റെടുത്തും പ്രയോഗവത്കരിച്ചുമാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയം കളിക്കുന്നത്. ഭൂരിപക്ഷ മത വോട്ടുബേങ്കുകളില്‍ കണ്ണുനട്ട് രാജ്യത്തിന്റെ മതനിരപേക്ഷതയും ബഹുസ്വരതയും അപകടപ്പെടുത്തുന്ന ഈ നീക്കങ്ങളെ ജനാധിപത്യവാദികള്‍ അതിശക്തമായി പ്രതിരോധിക്കേണ്ടതുണ്ട്. (അവസാനിച്ചു)

Latest