കോപ്ടര്‍ ഇടപാട്: സോണിയയെ മോദി ഭയപ്പെടുന്നു- കെജ്‌രിവാള്‍

Posted on: May 7, 2016 10:44 pm | Last updated: May 7, 2016 at 10:44 pm

kejriwalന്യൂഡല്‍ഹി: വിവാദമായ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ സോണിയ ഗാന്ധിക്കെതിരെ നടപടിയെടുക്കാന്‍ നരേന്ദ്ര മോദിക്ക് ധൈര്യമില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കോപ്ടര്‍ ഇടപാട് കേസ് പരിഗണിക്കവെ കോണ്‍ഗ്രസ് നേതാക്കളായ സോണിയ, അഹമ്മദ് പട്ടേല്‍ തുടങ്ങിയവരുടെ പേരുകള്‍ ഇറ്റാലിയന്‍ കോടതി പരാമര്‍ശിച്ചിരുന്നെങ്കിലും ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മോദിക്ക് ഭയമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എ എ പിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിയുടെ കാര്യത്തില്‍ പരസ്പരം ഒന്നും സംസാരിക്കില്ലെന്ന് ബി ജെ പിയും കോണ്‍ഗ്രസും പരസ്പരം ധാരണയുണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ് മൗനം പാലിക്കുന്നത്. അതിനാല്‍, കോപ്ടര്‍ ഇടപാട് അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണം ഒരിഞ്ച് പോലും മുന്നോട്ടുനീക്കാന്‍ പ്രധാനമന്ത്രി അനുവദിക്കില്ല. ആരോപണവിധേയര്‍ക്കെതിരെ ബി ജെ പി സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഒരു നടപടിയും സ്വീകരിക്കാത്തതെന്നും കെജ്‌രിവാള്‍ ചോദിച്ചു. അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കാനാണ് സര്‍ക്കാറിനെ ജനങ്ങള്‍ തിരഞ്ഞെടുത്തത്. അല്ലാതെ ഇത്തരക്കാരെ സംരക്ഷിക്കാനല്ല. എന്തിനാണ് താങ്കള്‍ സോണിയയെ ഭയപ്പെടുന്നതെന്നും കെജ്‌രിവാള്‍ ചോദിച്ചു. അമിത് ഷായും മനോഹര്‍ പരീക്കറും സോണിയക്ക് മുന്നില്‍ നിന്ന് അപേക്ഷിക്കുന്ന കാഴ്ച ദയനീയമാണ്. നരേന്ദ്ര മോദി ബിരുദം നേടിയിട്ടില്ലെന്ന് തെളിഞ്ഞുകഴിഞ്ഞു. ബിരുദമുണ്ടെന്ന് കള്ളം പറഞ്ഞതിനു അദ്ദേഹം ജനങ്ങളോട് മാപ്പ് പറയണം. ബി എയും എം എയും ഉള്ള പ്രധാനമന്ത്രിയെ അല്ല, സത്യസന്ധനായ പ്രധാനമന്ത്രിയെയാണ് ജനങ്ങള്‍ക്ക് വേണ്ടതെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.