ജനവാസ കേന്ദ്രത്തിലെ എല്‍ പി ജി ഗോഡൗണിനെതിരെ നാട്ടുകാര്‍

Posted on: May 7, 2016 9:25 am | Last updated: May 7, 2016 at 9:25 am

വടകര: ജനവാസ കേന്ദ്രത്തില്‍ എല്‍ പി ജി ഗ്യാസ് ഗോഡൗണ്‍ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഏറാമല പഞ്ചായത്തിലെ മുയിപ്ര പടിഞ്ഞാറ് ഭാഗത്താണ് സ്വകാര്യ വ്യക്തികളുടെ സ്ഥലം പാട്ടത്തിനെടുത്ത് ഗ്യാസ് ഗോഡൗണ്‍ സ്ഥാപിക്കുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ ഗ്യാസ് ഗോഡൗണ്‍ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് പ്രക്ഷോഭത്തിന് തെയ്യാറെടുക്കുകയാണ്. അമ്പത് മീറ്റര്‍ ചുറ്റളവില്‍ വീടുകളൊ, സ്ഥാപനങ്ങളൊ പാടില്ലെന്ന് നിയമമുണ്ടെങ്കിലും ഗോഡൗണ്‍ സ്ഥാപിക്കുന്നിടത്ത് നിരവധി വീടുകളുണ്ട്. പ്രധാന വൈദ്യുതി ലൈനും തോടുകളും പ്രദേശത്തൂടെ കടന്നു പോകുന്നു. സമീപത്തായി ഒരു വിദ്യാലയവും സ്ഥിതിചെയ്യുന്നു. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി നേരത്തെ പഞ്ചായത്ത് സെക്രട്ടറിക്ക് നാട്ടുകാര്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് കെട്ടിടത്തിന് അനുമതി നല്‍കില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിരുന്നു. വീടിന് സമീപത്ത് ഗോഡൗണ്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് മുന്‍ പഞ്ചായത്ത് സെക്രട്ടറി കോടതിയില്‍ സത്യാവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. കൂടാതെ പഞ്ചായത്ത് ഭരണ സമിതിയും ഈ വിഷയം പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഗോഡൗണ്‍ സ്ഥാപിക്കാന്‍ പാടില്ലെന്ന സബ് കമ്മിറ്റി റിപോര്‍ട്ട് ഗൗനക്കാതെ പുതുതായി ചാര്‍ജെടുത്ത പഞ്ചായത്ത് സെക്രട്ടറി അടിക്കുറിപ്പ് കമേഴ്‌സ്യല്‍ പര്‍പ്പസ് എന്ന പേരില്‍ കെട്ടിടം നിര്‍മിക്കാന്‍ അനുമതിനല്‍കി.ഇതേതുടര്‍ന്നാണ് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് പ്രക്ഷോഭത്തിന് രൂപം നല്‍കിയിരിക്കുന്നത്. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി ഒ നാണു, കണ്‍വീനറായി കെ കെ ജയരാജന്‍ എന്നിവരെയും തിരഞ്ഞെടുത്തു.