മധ്യകേരളം തുണക്കുമെന്ന പ്രതീക്ഷയില്‍ യു ഡി എഫ്

Posted on: May 7, 2016 5:07 am | Last updated: May 11, 2016 at 11:50 pm

udfതിരുവനന്തപുരം: പ്രചാരണം അവസാന റൗണ്ടിലേക്ക് കടന്നതോടെ തിരഞ്ഞെടുപ്പ് പോരാട്ടം കടുക്കുന്നു. ഭരണത്തുടര്‍ച്ച അവകാശപ്പെടുന്ന യു ഡി എഫിന് മേല്‍ ഇടത് മുന്നണി കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വോട്ടെടുപ്പിലേക്കുള്ള അകലം ഒന്‍പത് ദിവസമായി കുറഞ്ഞതോടെ ഇടതുതരംഗം രൂപപ്പെടുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് സി പി എം വിലയിരുത്തല്‍. 75 സീറ്റ് ഉറപ്പിക്കുന്ന പാര്‍ട്ടി ഇത് 90ന് മുകളിലെത്തിയാല്‍ അത്ഭുതപ്പെടേണ്ടെന്ന നിലപാടിലാണ്. 70 സീറ്റിന് മുകളിലേക്കെത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തില്‍ തന്നെയാണ് യു ഡി എഫ്. അപ്പോഴും സിറ്റിംഗ് സീറ്റുകളില്‍ പലതിലും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നത് മുന്നണിയെ ആശങ്കപ്പെടുത്തുന്നു.
ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണെന്ന മുതിര്‍ന്ന നേതാവ് എ കെ ആന്റണിയുടെ വിലയിരുത്തല്‍ തന്നെ എല്‍ ഡി എഫ് മുന്നേറ്റം തുറന്ന് സമ്മതിക്കലാണെന്നാണ് സി പി എം അവകാശപ്പെടുന്നത്. തെക്കും വടക്കും ഇടത് ആധിപത്യം പ്രകടമാകുമെന്നാണ് വിലയിരുത്തല്‍. മധ്യകേരളത്തിലാണ് യു ഡി എഫ് പ്രതീക്ഷ. മലബാറില്‍ എല്‍ ഡി എഫിന് വ്യക്തമായ മേധാവിത്വം ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സി പി എം സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു. മധ്യകേരളത്തില്‍ യു ഡി എഫിന് മുന്‍തൂക്കം ലഭിച്ചാലും എല്‍ ഡി എഫ് പ്രകടനം തീര്‍ത്തും മോശമാകില്ല. തെക്കന്‍ കേരളത്തിലെ മുന്‍തൂക്കം കൂടിയാകുന്നതോടെ 85 സീറ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നാണ് സി പി എമ്മിന്റെ കണക്ക്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ വ്യക്തമായ മേല്‍ക്കൈ എല്‍ ഡി എഫ് അവകാശപ്പെടുന്നു. മലപ്പുറത്തും വയനാട്ടിലും നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ സീറ്റും ഉറപ്പിക്കുന്നു. ആലപ്പുഴ, കൊല്ലം, ഇടുക്കി ജില്ലകളിലും സമ്പൂര്‍ണ ആധിപത്യമാണ് ഇടത് മുന്നണിയുടെ കണക്ക്. തിരുവനന്തപുരം ജില്ലയിലെ മേല്‍ക്കൈ കൂടിയാകുന്നതോടെ ഭരണം അനായസമാകുമെന്നും എല്‍ ഡി എഫ് ക്യാമ്പ് പ്രതീക്ഷ പുലര്‍ത്തുന്നു.
യു ഡി എഫിന്റെ പ്രതീക്ഷ മുഴുവന്‍ മലപ്പുറത്തും മധ്യകേരളത്തിലുമാണ്. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ മുന്‍തൂക്കമുണ്ടാകുമെന്നാണ് യു ഡി എഫ് കേന്ദ്രങ്ങളുടെ അവകാശവാദം. അപ്പോഴും അപ്രതീക്ഷിതമായി മുസ്‌ലിം ലീഗ് ചില മണ്ഡലങ്ങളില്‍ കടുത്ത വെല്ലുവിളി നേരിടുന്നത് യു ഡി എഫിന്റെ കണക്കുകള്‍ തെറ്റിക്കുന്നു.
പ്രചാരണ വിഷയങ്ങള്‍ മാറിവരുന്നത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയാണ് ഇടത് മുന്നണിക്ക്. ബി ജെ പി ഉയര്‍ത്തുന്ന വെല്ലുവിളി സൃഷ്ടിക്കുന്ന അടിയൊഴുക്കുകളും എല്‍ ഡി എഫിന് അനുകൂലമാണ്. ബി ജെ പി ഉയര്‍ത്തുന്ന ഫാസിസ്റ്റ് ഭീഷണി ഫലപ്രദമായി പ്രതിരോധിക്കാന്‍ ഇടത് മുന്നണിക്കേ കഴിയൂവെന്ന പ്രചാരണം ന്യൂനപക്ഷ വോട്ടുകള്‍ സ്വാധീനിക്കാന്‍ എല്‍ ഡി എഫിനെ സഹായിക്കും. യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ചില കാര്യങ്ങളില്‍ ആര്‍ എസ് എസിനോട് സ്വീകരിച്ച മൃദുസമീപനം പ്രാദേശിക തലത്തില്‍ എല്‍ ഡി എഫ് സജീവ ചര്‍ച്ചയാക്കുന്നുണ്ട്. എം ജി കോളജ് അക്രമവുമായി ബന്ധപ്പെട്ട എ ബി വി പി പ്രവര്‍ത്തകര്‍ക്കെതിരെയും വര്‍ഗീയ വിഷം ചീറ്റിയതിന് പ്രവീണ്‍ തൊഗാഡിയക്കെതിരെയും ചുമത്തിയ കേസുകള്‍ പിന്‍വലിച്ചതാണ് ഇടത് മുന്നണി പ്രധാനമായി ഉയര്‍ത്തിക്കാട്ടുന്നത്.
ഒപ്പം, ഭരണവിരുദ്ധ വികാരവും അഴിമതിയും സര്‍ക്കാറിന്റെ ചില വിവാദ തീരുമാനങ്ങളുമെല്ലാം വോട്ടായി മാറുമെന്നും എല്‍ ഡി എഫ് കണക്ക് കൂട്ടുന്നു. മദ്യനയത്തില്‍ തുടങ്ങിയ പ്രചാരണം ഒടുവില്‍ എത്തിനില്‍ക്കുന്നത് പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകത്തിലാണ്. ഇത്രയും ദിവസമായിട്ടും പ്രതിയെ കണ്ടെത്താന്‍ കഴിയാത്തത് സര്‍ക്കാറിനെ വലയ്ക്കുന്നുണ്ട്. ആഭ്യന്തര വകുപ്പിന്റെയും പോലീസിന്റെയും വീഴ്ചകള്‍ പുറത്തുവരുന്നതും തിരഞ്ഞെടുപ്പ് ഗോദയില്‍ യു ഡി എഫിനെ പ്രതിരോധത്തിലാക്കുന്നു.
എന്നാല്‍, ഭരണവിരുദ്ധ വികാരമില്ലെന്ന നിലപാടിലാണ് യു ഡി എഫ്. സര്‍ക്കാറിന്റെ വികസനം വോട്ടായി മാറുമെന്നും ഭരണത്തുടര്‍ച്ചക്ക് വഴിവെക്കുമെന്നും മുന്നണി അവകാശപ്പെടുന്നു. അക്കൗണ്ട് തുറക്കാന്‍ ഇറങ്ങിയ ബി ജെ പി സര്‍വശക്തിയും പ്രചാരണരംഗത്ത് പ്രയോഗിക്കുകയാണ്. കേന്ദ്രഭരണത്തിന്റെ ആനുകൂല്യവും കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യവും പരമാവധി ഉപയോഗിക്കുന്നു. ബി ഡി ജെ എസ് സഖ്യം വലിയ രീതിയില്‍ വോട്ടായി മാറുമെന്നാണ് ബി ജെ പിയുടെ കണക്ക്. എന്നാല്‍, അക്കൗണ്ട് തുറക്കുകയെന്നത് ഇത്തവണയും സ്വപ്നമായ വശേഷിക്കുമെന്നാണ് ഇടത്, വലത് മുന്നണികളുടെ വിലയിരുത്തല്‍.