Connect with us

Gulf

ട്രാഫിക് പരിശോധന കര്‍ശനമാക്കി

Published

|

Last Updated

അബുദാബി: അബുദാബിയുടെ പടിഞ്ഞാറന്‍ മേഖലയായ അല്‍ ഗുവൈഫാത്ത് റോഡില്‍ ട്രാഫിക് പോലീസ് പരിശോധന കര്‍ശനമാക്കി. എമിറേറ്റിലെ ട്രാഫിക് സുരക്ഷ ശക്തമാക്കുന്നതിനും ഗതാഗത അപകടങ്ങള്‍ കുറക്കുന്നതിനുമായാണ് പരിശോധന.
റോഡുകളിലെ അപകടങ്ങള്‍ കുറക്കുന്നതിന് സമഗ്രമായ പദ്ധതിയാണ് ആവിഷ്‌കരിച്ചതെന്ന് പടിഞ്ഞാറന്‍ മേഖലയിലെ ദേശീയപാത വിഭാഗം മേധാവി മേജര്‍ സുഹൈല്‍ സയാഹ് അല്‍ മസ്‌റൂഇ വ്യക്തമാക്കി. വേനലവധി സമയങ്ങളില്‍ യു എ ഇയിലേക്ക് തിരിച്ചുവരുന്ന ഡ്രൈവര്‍മാരെ ഊന്നല്‍ നല്‍കിയാണ് ട്രാഫിക് ക്യാമ്പയിന്‍ ഒരുക്കിയിട്ടുള്ളത്.
പടിഞ്ഞാറന്‍ മേഖലയിലെ ട്രാഫിക് സുരക്ഷ ശക്തമാക്കുന്നതിനായി മൊബൈല്‍ റഡാര്‍ അല്‍ ഖന്നാസ് തയ്യാറാക്കിയിട്ടുണ്ട്. ഈ വര്‍ഷത്തെ ആദ്യ മൂന്നുമാസം അല്‍ ഖന്നാസ് മൊബൈല്‍ റഡാര്‍ വഴി 415 വാഹനങ്ങള്‍ക്കാണ് പിഴയിട്ടതെന്ന് പടിഞ്ഞാറന്‍ മേഖല ദേശീയപാത വിഭാഗം പബ്ലിക് റിലേഷന്‍ ബ്രാഞ്ച് മാനേജര്‍ ക്യാപ്റ്റന്‍ അബ്ദൂഹ് അല്‍ അലി അറിയിച്ചു. സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവര്‍, കാലഹരണപ്പെട്ട ടയര്‍ ഉപയോഗിക്കല്‍, അമിതഭാരം കയറ്റല്‍ എന്നീ നിയമലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചാല്‍ കടുത്ത ശിക്ഷ ലഭിക്കും. റോഡിലെ വേഗ പരിധിയില്‍ കൂടുതല്‍ വേഗത്തില്‍ വാഹനങ്ങള്‍ ഓടിച്ചാല്‍ കടുത്ത പിഴ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.