ഫെഡറേഷന്‍ കപ്പ് : ബഗാന്‍ സെമിയില്‍

Posted on: May 6, 2016 11:31 am | Last updated: May 6, 2016 at 2:34 pm
ബഗാന്‍-സാല്‍ഗോക്കര്‍ മത്സരത്തില്‍ നിന്ന്‌
ബഗാന്‍-സാല്‍ഗോക്കര്‍ മത്സരത്തില്‍ നിന്ന്‌

കൊല്‍ക്കത്ത: സാല്‍ഗോക്കര്‍ എഫ് സിയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് മോഹന്‍ ബഗാന്‍ ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളിന്റെ സെമിഫൈനലില്‍. ആദ്യപാദം 3-2ന് ജയിച്ച ബഗാന്‍ ഇരുപാദത്തിലുമായി 7-2നാണ് ഗോവന്‍ ക്ലബ്ബിനെ തകര്‍ത്തത്.
കാസുമി യുസ(25)യിലൂടെ ബഗാന്‍ ഗോളടി തുടങ്ങി. 45,52 മിനുട്ടുകളില്‍ സോണി നോര്‍ദെയിലൂടെ ലീഡ് വര്‍ധിപ്പിച്ചു. ഇഞ്ചുറി ടൈമില്‍ ജെജെ ലാല്‍പെഖുലയിലൂടെ നാലാം ഗോള്‍.
രണ്ട് മാറ്റങ്ങളുമായി സാല്‍ഗോക്കര്‍ കളത്തിലിറങ്ങിയപ്പോള്‍ ബഗാന്‍കോച്ച് സന്‍ജോയ് സിംഗ് മൂന്ന്മാറ്റങ്ങള്‍ വരുത്തി.
പ്രോണയ് ഹാല്‍ദര്‍, കീന്‍ ലൂയിസ്, സുഭാഷ് സിംഗ് എന്നിവരെ പുറത്തിരുത്തി സോണി നോര്‍ദെ, അസ്ഹറുദ്ദീന്‍ മാലിക്, ബിക്രംജിത് സിംഗ് എന്നിവരെ ആദ്യ ഇലവനില്‍ ഇറക്കി.