ജിഷ വധം: ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു

Posted on: May 5, 2016 4:27 pm | Last updated: May 5, 2016 at 8:41 pm

ന്യൂഡല്‍ഹി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ ബിജെപി നേതാക്കള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സന്ദര്‍ശിച്ച് ആശങ്കയറിയിച്ചു. കേരളത്തില്‍ ക്രമസമാധാനനില തകര്‍ന്നതായി ബിജെപി നേതാക്കള്‍ കമ്മീഷനെ അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുടെ നേതൃത്വത്തിലാണ് നേതാക്കള്‍ കമ്മീഷനെ കണ്ടത്.

തിരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ അര്‍ധസൈനിക വിഭാഗത്തെ സംസ്ഥാനത്ത് വിന്യസിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ തിരഞ്ഞെടുപ്പ് നടത്തണം. കേരളത്തിലെ ദളിത് വിഭാഗങ്ങള്‍ കടുത്ത അതിക്രമം നേരിടുകയാണെന്ന് ബിജെപി ആരോപിച്ചു.

പെരുമ്പാവൂര്‍ സംഭവം ബിജെപി പാര്‍ലമെന്റില്‍ ഉന്നയിച്ചശേഷമാണ് നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറായത്. രാജ്യത്തെ നടുക്കിയ നിര്‍ഭയ സംഭവത്തെക്കാള്‍ ഹീനമായ ക്രൂരകൃത്യമാണ് പെരുമ്പാവൂരില്‍ നടന്നതെന്നും ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.