Connect with us

Gulf

അഴിമതി ഗവണ്‍മെന്റിനെ താഴെയിറക്കാനും ഫാസിസത്തെ പ്രതിരോധിക്കാനും വോട്ട്

Published

|

Last Updated

കോടികളുടെ അഴിമതി നടത്തിയ ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റിനെ താഴെയിറക്കാനും ദേശീയ രാഷ്ട്രീയത്തില്‍ അഴിമതിക്കും വര്‍ഗീയതക്കുമെതിരായ അടിസ്ഥാന ജനപക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്നതിനും കേരളത്തില്‍ ഇടതുപക്ഷം ജയിച്ചു വരേണ്ടതുണ്ടെന്ന് സംസ്‌കൃതി മുന്‍ ജന. സെക്രട്ടറ പി എന്‍ ബാബുരാജന്‍.
അഴിമതിക്കും വര്‍ഗീയതക്കുമെതിരെ സമീപകാലത്തുണ്ടായ വിഷയങ്ങളില്‍ പോലും പാര്‍ലിമെന്റിലും പുറത്തും ശബ്ദുമുയര്‍ത്തിയത് ഇടതുപക്ഷമായിരുന്നു. ഇന്ത്യയില്‍ മൂന്നു സ്റ്റേറ്റുകളിലേ ഉള്ളൂവെങ്കിലും ഇടതുപക്ഷത്തിന്റെ സാന്നിധ്യം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അനിവാര്യമാണെന്ന് ജനം ചിന്തിക്കുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മതന്യൂനപക്ഷങ്ങള്‍ ആര്‍ എസ് എസിന്റെ തല്ലു കൊള്ളേണ്ടി വരുമ്പോള്‍ കേരളത്തില്‍ ആര്‍ എസ് എസിനെ പ്രതിരോധിച്ചു നിര്‍ത്തുന്നത് സി പി എമ്മാണ്. ഫാസിസം ഇടതുപക്ഷത്തിന്റെ എക്കാലത്തെയും മുഖ്യശത്രുവാണ്. ഫാസിസ്റ്റുകളെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്താനാണ് മുമ്പ് കോണ്‍ഗ്രസിനെ കേന്ദ്രത്തില്‍ പിന്തുണച്ചത്. എന്നാല്‍ തിരിച്ച് സി പി എമ്മിനെ തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ബി ജെ പി ജയിച്ചാല്‍ പോലും ഇടതുപക്ഷം ജയിക്കരുതെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്.
കേരളത്തില്‍ രണ്ടു പ്രധാന ശക്തികളാണുള്ളത്. ബി ജെ പി അതിനിടയില്‍ ചെറുപാര്‍ട്ടി പാത്രമാണ്. എസ് എന്‍ ഡി പി പിന്തുണ കൊണ്ടും അവര്‍ക്ക് വളര്‍ച്ച കിട്ടാന്‍ പോകുന്നില്ല. ബി ജെ പിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞാല്‍ അത് കോണ്‍ഗ്രസും ഘടകകക്ഷികളും നല്‍കുന്ന വഴിവിട്ട സഹായം കൊണ്ടുമാത്രമായിരിക്കും. അതുണ്ടായില്ലെങ്കില്‍ ഈ തിരഞ്ഞെടുപ്പിലും ബി ജെ പി അക്കൗണ്ടു തുറക്കില്ല. സംസ്ഥാനത്തെ ഭൂരിപക്ഷസമുദായം മതേതര പാര്‍ട്ടികളിലാണ് അണി ചേര്‍ന്നിട്ടുള്ളത്. ബി ജെ പി വര്‍ഗീയതക്കെതിരെ ഉമ്മന്‍ചാണ്ടി ഒന്നും പറയുന്നില്ല. ആന്റണി ഡല്‍ഹിയില്‍ നിന്നു വന്ന ശേഷമാണ് ബി ജെ പിക്കെതിരെ പറഞ്ഞത്. ആന്റണി ബി ജെ പിയുടൈ വിപത്ത് തിരിച്ചറിഞ്ഞതു കൊണ്ടാണ് ഈ നിലപാട് സ്വീകരിക്കുന്നത്. ബി ജെ പിയുമായി കൂട്ടുകൂടിയാല്‍ കോണ്‍ഗ്രസ് രാഷ്ട്രീയം ചരിത്രത്തില്‍ നിന്നും ഇല്ലാതായിപ്പോകുമെന്നതിന് കേരളത്തില്‍ തന്നെ നിരവധി തെളിവുകളുണ്ട്.
വര്‍ഗീയത മുഖ്യവിഷയമായി ഉയര്‍ത്തുന്നതിനൊപ്പം അഴിമതിക്കും കുത്തകവത്കരണത്തിനുമെതിരായ പോരാട്ടം കൂടിയാണ് കേരളത്തില്‍ നടത്തുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയ അഴിമതിക്കെതിരായ വിധി കൂടിയാണ് ഈ തിരഞ്ഞെടുപ്പ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് പണയപ്പെടുത്തുന്നതുള്‍പ്പെടെയുള്ള യു ഡി എഫിന്റെ വികസനനയം ആത്യന്തികമായി രാജ്യതാത്പര്യത്തിനു വിരുദ്ധമാണ്. കൊച്ചി മെട്രോ ഡി എം ആര്‍ സിക്കു നല്‍കാതിരിക്കാന്‍ യു ഡി എഫ് നടത്തിയ കളികള്‍ ജനം കണ്ടതാണല്ലോ. അതുകൊണ്ടു തന്നെ ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം 80 സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്ന് ബാബുരാജന്‍ അവകാശവാദം ഉന്നയിച്ചു.