റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ തീപിടിത്തം; 450ലധികം വീടുകള്‍ കത്തിനശിച്ചു

Posted on: May 4, 2016 10:14 am | Last updated: May 4, 2016 at 10:14 am

rohingyയാംഗൂണ്‍: പടിഞ്ഞാറന്‍ മ്യാന്മറില്‍ റോഹിംഗ്യന്‍ മുസ്‌ലിംകളുടെ അഭയാര്‍ഥി കോളനിയിലുണ്ടായ തീപ്പിടിത്തത്തില്‍ നൂറുകണക്കിന് വീടുകള്‍ കത്തി നശിച്ചു. രണ്ടായിരത്തിലധികം റോഹിംഗ്യന്‍ വംശജര്‍ തീപ്പിടിത്തത്തെ തുടര്‍ന്ന് ഭവനരഹിതരായി. മൊത്തം 450ലധികം കുടുംബങ്ങളുടെ വീടുകള്‍ കത്തിയമര്‍ന്നതായാണ് റിപ്പോര്‍ട്ട്. തീപ്പിടിത്തത്തില്‍ 14 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

റാഖിന സംസ്ഥാനത്തിന്റെ തലസ്ഥാനമായ സിത്‌വെയിലെ ബാവ് ദു ഫാ ക്യാമ്പിലാണ് തീപ്പിടിത്തം. എന്നാല്‍ തീപ്പിടിത്തത്തിലേക്ക് നയിച്ച കാരണങ്ങള്‍ പുറത്തുവന്നിട്ടില്ല. പാചക സ്റ്റൗവില്‍ നിന്നാണ് തീപടര്‍ന്നതെന്നും ഇത് അതിവേഗം തൊട്ടടുത്തുള്ള വീടുകളിലേക്കും പടര്‍ന്നുപിടിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശക്തമായ കാറ്റുണ്ടായിരുന്നത് മൂലം അതിവേഗം തീപടര്‍ന്നുപിടിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നാല് വര്‍ഷം മുമ്പ് ബുദ്ധഭീകരവാദികളുടെ ആക്രമണങ്ങളില്‍ നിന്ന് ജീവന്‍ രക്ഷപ്പെട്ട 14,000 റോഹിംഗ്യന്‍ വംശജരാണ് ഈ കോളനിയില്‍ ദുരിതങ്ങളേറ്റു വാങ്ങി ജീവിക്കുന്നത്. വര്‍ഷങ്ങളായി ബുദ്ധഭീകരവാദികളുടെ ആക്രമണത്തിനിരയാകുന്ന ഇവര്‍, ലോകത്തെ ഏറ്റവും കൂടുതല്‍ പീഡനങ്ങളേറ്റുവാങ്ങുന്ന മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരാണെന്ന് ഐക്യരാഷ്ട്ര സഭ ചൂണ്ടിക്കാട്ടിയിരുന്നു. മ്യാന്മറിലെ മുസ്‌ലിം ന്യൂനപക്ഷം നേരിടുന്ന ഭീകരമായ അവസ്ഥയെ കുറിച്ച് കഴിഞ്ഞ മാസം യു എന്‍ പ്രത്യേകം എടുത്തുപറയുകയും ചെയ്തിരുന്നു.

ബുദ്ധഭീകരരില്‍ നിന്ന് നിരവധി ആക്രമണങ്ങള്‍ ഇവര്‍ക്ക് നേരിടേണ്ടിവന്നു. ആയിരക്കണക്കിന് റോഹിംഗ്യന്‍ മുസ്‌ലിംകള്‍ ബുദ്ധഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 2012ലെ റോഹിംഗ്യന്‍ വിരുദ്ധ കലാപത്തിനിടെ മ്യാന്‍മറിലെ മുസ്‌ലിം പള്ളികള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. മ്യാന്മര്‍ സ്വതന്ത്ര്യമായ 1948 മുതല്‍ ഇവര്‍ കടുത്ത പീഡനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു.
എന്നാല്‍ ഇതില്‍ നിന്നെല്ലാം രക്ഷപ്പെട്ട് റോഹിംഗ്യന്‍ വംശജരാണ് ഇപ്പോള്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിഞ്ഞുകൂടുന്നത്. ക്യാമ്പുകളിലെ ദുരിതാവസ്ഥകളെ കുറിച്ച് മുമ്പും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ജോലിയില്‍ പ്രവേശിക്കുന്നതിനും വിദ്യാഭ്യാസം നേടുന്നതിനും നിയന്ത്രണങ്ങള്‍ ഇവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചിട്ടുണ്ട്. ഇത് സഹിക്കാനാകാതെ പതിനായിരക്കണക്കിന് റോഹിംഗ്യന്‍ വംശജര്‍ ഇന്തോനേഷ്യയിലേക്കും മലേഷ്യയിലേക്കും സമുദ്രമാര്‍ഗം കുടിയേറിപ്പാര്‍ത്തിട്ടുണ്ട്. പലായത്തിനിടെ ബോട്ട് മുങ്ങി നൂറുകണക്കിന് അഭയാര്‍ഥികള്‍ മുങ്ങിമരിക്കുകയും ചെയ്തിരുന്നു.