ഏഴു പുതിയ ആശുപത്രികള്‍; ഓരോ മാസവും 60 കിടക്കകള്‍

Posted on: May 3, 2016 7:34 pm | Last updated: May 3, 2016 at 7:34 pm

hospitalദോഹ: ഒന്നര വര്‍ഷത്തിനിടെ രാജ്യത്ത് 1100 ബെഡുകള്‍ അധികം ഉണ്ടാകുന്ന വിധം ഏഴു ആശുപത്രികള്‍ കൂടി തുറക്കും. ഓരോ മാസവും ശരാശരി 60 കിടക്കകള്‍ വര്‍ധിക്കുന്ന വിധമാമാണ് ചികിത്സാ രംഗത്ത് വികസനം നടപ്പിലാക്കുന്നതെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. അടുത്ത വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുന്ന രീതിലാണ് പദ്ധതികള്‍ പുരോഗമിക്കുന്നത്.
65 ബെഡുകളുള്ള കമ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍, വുമന്‍സ് വെല്‍നസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, ആംബുലേറ്ററി കെയര്‍ സെന്റര്‍, ഖത്വര്‍ റീഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ദോഹ, അല്‍ ഖോര്‍, മിസൈഈദ് ഇന്‍ഡസ്ട്രിയല്‍ ഏരിയ ആശുപതികള്‍ എന്നിവയാണ് ഏഴു പുതിയ ആശുപത്രികള്‍. രാജ്യത്തെ ചികിത്സാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ഒരു പതിറ്റാണ്ടായി സര്‍ക്കാര്‍ നടത്തി വരുന്ന പരിശ്രമത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതികള്‍ പൂര്‍ത്തിയാകുന്നത്. രാജ്യത്ത് ആശുപത്രികള്‍ക്കും ചികിത്സാ സൗകര്യങ്ങള്‍ക്കും ആവശ്യം വര്‍ധിച്ചു വരുന്നതു പരിഗണിച്ചാണ് വികസനം. അത്യാധുനിക സൗകര്യങ്ങളോടെയാണ് കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്തെ ജനങ്ങള്‍ക്കു വേണ്ടി മികച്ച ചികിത്സാ സൗകര്യങ്ങള്‍ സംവിധാനിക്കുക എന്ന ഉത്തരവാദിത്വത്തിന്റെ ഭാഗായമാണ് ഏഴു പുതിയ ആശുപത്രികള്‍ തുറക്കുന്നതെന്ന് എച്ച് എം സി ഹെല്‍ത്ത് കെയര്‍ ഫെസിലീറ്റീസ് മേധാവി ഹമദ് അല്‍ ഖലീഫ പറഞ്ഞു. വനിതകള്‍ക്കായുള്ള പ്രത്യേക ചികിത്സാ കേന്ദ്രം, മേഖലയിലെ തന്നെ ആദ്യത്തെ ആംബുലേറ്ററി കെയര്‍ സെന്റര്‍ എന്നിവ പുതിയ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. രാജ്യത്തെ ആശുപത്രി മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്ന പദ്ധതികളാണ് പൂര്‍ത്തിയാകുന്നത്. ബെഡുകള്‍ വര്‍ധിക്കുന്നതോടെ രോഗികള്‍ക്ക് അതിവേഗം വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ സാധിക്കും. കൂടാതെ നിലിവിലുള്ള ആശുപത്രികളിലെ തിരക്കു കുറക്കാനും പുതിയ കേന്ദ്രങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പകര്‍ച്ച വ്യാധികളുടെ ചികിത്സ, പരിചരണം, പ്രതിരോധം, ഗവേഷണം എന്നീ ലക്ഷ്യങ്ങളോടെയാണ് കമ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ സ്ഥാപിക്കുന്നത്. പ്രതിവര്‍ഷം 15,000 പ്രസവങ്ങള്‍ക്കുള്ള സൗകര്യങ്ങളോടെയാണ് വുമന്‍സ് വെല്‍നസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ തയാറാകുന്നത്. 260 ബെഡുകളുണ്ടാകുന്ന ഇവിടെ 53 എന്‍ ഐ സി സികളും 48 സ്റ്റെപ്പ് ഡൗണ്‍ കോസ്റ്റുകളുമുണ്ടാകും. ഔട്ട് പേഷ്യന്റ് സേവനങ്ങളാണ് ആംബുലേറ്ററി കെയര്‍ സെന്ററിലുണ്ടാകുക. കിടത്തി ചികിത്സ ആവശ്യമില്ലാത്ത മുതിര്‍ന്ന രോഗികളെയാണ് ലക്ഷ്യം വെക്കുന്നത്. അനസ്‌തേഷ്യ, ചികിത്സാനന്തര നിരീക്ഷണം എന്നിവ ആവശ്യമുള്ളവര്‍ക്കെല്ലാം ഇവിടെ പരിചരണം ലഭിക്കും.
38,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ഒരുക്കുന്നത്. 193 ബെഡുകളുള്ള ഇവിടെ കുട്ടികക്കും മുതിര്‍ന്നവര്‍ക്കും സംയോജിത ചികിത്സാ സൗകര്യം ലഭ്യമാക്കും. മൂന്നു ഇന്‍ഡസ്ട്രിയല്‍ ഏരിയ ആശുപത്രികളിലും 112 വീതം കിടക്കകളാണുണ്ടാകുക. പുരുഷ തൊഴിലാളികള്‍ക്കു വേണ്ടിയാണ് ഈ ആശുപത്രികള്‍ പ്രധാനമായും പ്രവര്‍ത്തിക്കുക.
ആദ്യ നാലു ആശുപത്രി സൗകര്യങ്ങളും ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റി പ്രദേശത്താണ് സ്ഥാപിക്കുന്നത്. എച്ച് എം സിയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളാണ് ഈ പദ്ധതികളെന്ന് അധികൃതര്‍ പറയുന്നു. ഇവ കൂടാതെ ഹമദ് ജനറല്‍ ആശുപത്രിയിലും മറ്റു ആശുപത്രികളിലുമായി അത്യാധുനിക സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും രാജ്യത്തെ ആരോഗ്യ സേവനത്തിന് നാലു പതിറ്റാണ്ടായി നേതൃത്വം കൊടുത്തു വരുന്ന എച്ച് എം സി ലോകോത്തര ചികിത്സാ സൗകര്യം രാജ്യത്ത് ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.