ബി ജെ പിക്കെതിരെ ആന്റണിയുടെ പ്രസ്താവനക്ക് വിശ്വാസ്യതയില്ല: കാരാട്ട്

Posted on: May 3, 2016 9:44 am | Last updated: May 3, 2016 at 9:44 am

കോട്ടയം: ബി ജെ പിക്കെതിരെ എ കെ ആന്റണി നടത്തുന്ന പ്രസ്താവനക്ക് വിശ്വാസ്യതയില്ലെന്നും ബി ജെ പി കേരളത്തില്‍ അക്കൗണ്ട് തുറന്നാല്‍ അതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിനും യു ഡി എഫിനും മാത്രമായിരിക്കുമെന്നും സി പി എം നേതാവ് പ്രകാശ് കാരാട്ട്. കോട്ടയം പ്രസ്‌ക്ലബില്‍ ‘മുഖാമുഖം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ആന്റണിയുടെ പ്രതികരണം വിശ്വസിക്കാന്‍ തക്ക കാരണങ്ങളില്ല. അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധി നല്ലതാണെങ്കിലും ബി ജെ പിയുമായി കൈകോര്‍ത്തു തന്നെയാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു പി എ സര്‍ക്കാറിന്റെ ദുര്‍ഭരണവും അഴിമതിയുമാണ് ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എയെ അധികാരത്തിലെത്തിച്ചത്.
ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വര്‍ഗീയധ്രുവീകരണവും കലാപവും ദൈനം ദിനകാര്യങ്ങള്‍ പോലെയാണ് നടക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ അതിന് സമ്മതിക്കില്ല. കേരളത്തില്‍ ബി ജെ പി അക്കൗണ്ട് തുറക്കുന്നതിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണം. മദ്യനയത്തില്‍ സി പി എമ്മിന് തുറന്നസമീപനമാണ്. മദ്യനയത്തെക്കുറിച്ച് പാര്‍ട്ടി പുനര്‍വിചിന്തനത്തിന് തയ്യാറാണ്.
2013ല്‍ നടന്ന അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാട് സുപ്രീംകോടതിയുടെ നിരീക്ഷണത്തിലും മേല്‍നോട്ടത്തിലും നടത്തണമെന്ന് പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് ഇറ്റലി കേസ് അന്വേഷിച്ചപ്പോള്‍ മിണ്ടാതിരുന്ന ബി ജെ പിയുടെ നീക്കം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.