Connect with us

Ongoing News

വിമതരും അപരരും കൂടുതല്‍ കണ്ണൂരില്‍; യു ഡി എഫ് വിയര്‍ക്കും

Published

|

Last Updated

കണ്ണൂര്‍:നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുളള സമയം അവസാനിച്ചപ്പോള്‍ വിമതരുടെ ശല്യം ഏറെ യു ഡി എഫിന്. തിരഞ്ഞെടുപ്പിന് വെറും രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ ഏഴു മണ്ഡലങ്ങളിലാണ് യു ഡി എഫിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തി വിമത സ്ഥാനാര്‍ഥികള്‍ രംഗത്തുളളത്. കണ്ണൂരിലാണ് വിമത സ്ഥാനാര്‍ഥികളേറെയും യു ഡി എഫിന് ഭീഷണി ഉയര്‍ത്തുന്നത്. വോട്ടര്‍മാരില്‍ വലിയ സ്വാധീനമുണ്ടാക്കാനാകില്ലെങ്കിലും വോട്ടിംഗില്‍ ചെറു ചലനങ്ങള്‍ക്ക് വഴിയൊരുക്കുന്ന അപരന്മാര്‍ മത്സരിക്കുന്നതും കൂടുതല്‍ കണ്ണൂരില്‍ തന്നെയാണ്.

കണ്ണൂര്‍ ജില്ലയില്‍ മാത്രം നാലിടത്താണ് യു ഡി എഫിനെ വെല്ലുവിളിച്ച് വിമത സ്ഥാനാര്‍ഥികള്‍ മത്സരിക്കാനുളളത്. അതില്‍ തന്നെ തദ്ദേശ തിരഞ്ഞെടുപ്പിലടക്കം യു ഡി എഫിന് ആഘാതം സൃഷ്ടിച്ച കോണ്‍ഗ്രസ് വിമതന്‍ പികെ രാഗേഷ് അഴീക്കോട് മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്ന അവസാന നിമിഷത്തിലും പ്രശ്‌ന പരിഹാരത്തിനായി യു ഡി എഫ് നേതാക്കളാരെങ്കിലും മുന്നോട്ട് വരുമെന്ന പ്രതീക്ഷ പി കെ രാഗേഷ് വച്ചുപുലര്‍ത്തിയെങ്കിലും അതുണ്ടായില്ല. മുസ്‌ലീം ലീഗിലെ കെ എം ഷാജിയാണ് ഇവിടെ യു ഡി എഫ് സ്ഥാനാര്‍ഥി. തനിക്ക് ജയിക്കാനായില്ലെങ്കിലും യു ഡി എഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താനാകുമെന്ന നിലപാടാണ് രാഗേഷിന്റെത്.

കണ്ണൂരില്‍ മുന്‍ മുസ്‌ലിം ലീഗ് നേതാവും മുന്‍ നഗരസഭ കൗണ്‍സിലറുമായ എന്‍ പി സത്താറാണ് മത്സരിക്കുന്ന മറ്റൊരു യു ഡി എഫ് വിമതന്‍. യു ഡി എഫിന്റെ സ്ഥാനാര്‍ഥിയായി ഇവിടെ മത്സരിക്കുന്നത് കോണ്‍ഗ്രസിലെ സതീശന്‍ പാച്ചേനിയാണ്. യു ഡി എഫിന്റെ ഉറച്ച സീറ്റായ ഇവിടെ സ്വതന്ത്രന്‍മാരടക്കം 11 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. മന്ത്രി കെ സി ജോസഫ് മത്സരിക്കുന്ന ഇരിക്കൂറില്‍ മുന്‍ കോണ്‍ഗ്രസ് സേവാദള്‍ നേതാവും സോണിയാഗാന്ധിയുടെ ഡല്‍ഹിയിലെ വസതിയില്‍ സേവാദള്‍ സെക്യൂരിറ്റി വോളണ്ടിയറുമായിരുന്ന ഉളിക്കല്‍ മുണ്ടാനൂര്‍ സ്വദേശി രാജീവ് ജോസഫ് സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്. കൂടാതെ കര്‍ഷക കോണ്‍ഗ്രസ് നേതാവ് അഡ്വ ബിനോയ് തോമസാണ് മറ്റൊരു വിമത സ്ഥാനാര്‍ഥി.

വിമതന്‍മാര്‍ കാര്യമായി വോട്ടു പിടിച്ചാല്‍ ഇരിക്കൂറിലെ നില പരുങ്ങലിലാകുമെന്നാണ് വിലയിരുത്തല്‍. യു ഡി എഫിന്റെ സുരക്ഷിത മണ്ഡലമായി കണക്കാക്കുന്ന പേരാവൂരില്‍ സി കെ ജോസഫാണ് മറ്റൊരു വിമത സ്ഥാനാര്‍ഥി. ഇവിടെയും 11സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. കണ്ണൂര്‍ ജില്ലയില്‍ തന്നെയാണ് അപരന്മാരുടെ ഭീഷണിയും ഏറ്റവും കൂടുതലുള്ളത്. മുന്നണി സ്ഥാനാര്‍ഥികളില്‍ പലര്‍ക്കുമെതിരേ അവരുടെ പേരിനോടു സാമ്യമുള്ളവര്‍ പത്രിക നല്‍കിയിട്ടുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി