ബി ജെ പി അക്കൗണ്ട് തുറക്കില്ല, കേരളത്തില്‍ ‘ഫിഫ്റ്റി ഫിഫ്റ്റി ‘:എ കെ ആന്റണി

Posted on: May 3, 2016 9:24 am | Last updated: May 3, 2016 at 9:24 am

കണ്ണൂര്‍: കേരളത്തിലെ ഇത്തവണത്തെ പോരാട്ടം എങ്ങിനെയാണെന്നും ആരാണ് ഭരണത്തില്‍ വരികയെന്നും ചേദിച്ചാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എ കെ ആന്റണിക്ക് ഒറ്റ ഉത്തരമേയുള്ളു.ഇവിടത്തെ ഇപ്പോഴത്തെ നില ഫിഫ്റ്റി ഫിഫ്റ്റിയാണ്. പക്ഷേ ഇനിയുള്ള രണ്ടാഴ്ചക്കാലമാണ് ശരിയായ വിലയിരുത്തല്‍ നടക്കുക. ഫൈനല്‍ റൗണ്ടാണ് ഇനി വരുന്നത്. ഫിനിഷിംഗ് പോയിന്റെടുക്കുമ്പോള്‍ ഒരിഞ്ചു മുമ്പിലെങ്കിലും യു ഡി എഫ് ആണെത്തുക. എന്നാല്‍ ഇനിയും കുറേക്കൂടി ഹോം വര്‍ക്ക് ചെയ്യണം. ഗൃഹസമ്പര്‍ക്ക പരിപാടി പോലുള്ളതില്‍ ഒരല്‍പ്പം പിറകിലാണ്. അത് കുറേക്കൂടി ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
യു ഡി എഫ് വരുമെന്ന് തന്നെയാണ് ജനങ്ങളുടെ പ്രതീക്ഷ. തനിക്ക് കള്ളം പറയാനറിയാത്തതു കൊണ്ടാണ് കേരളത്തിലെ മത്സരം ഫിഫ്റ്റി ഫിഫ്റ്റിയെന്നു പറയുന്നത്. കേരളത്തിലെ മത്സരത്തെ ദേശീയ രാഷ്ട്രീയ നേതൃത്വങ്ങള്‍ വളരെ ശ്രദ്ധയോടെയാണ് നോക്കിക്കാണുന്നത്. ഇത്തവണ ഇവിടെ അക്കൗണ്ട് തുറക്കാന്‍ ബി ജെ പി പരാമവധി ശ്രമം നടത്തുന്നുണ്ട്.
എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ അതിനനുവദിക്കില്ല. ബി ജെ പിക്ക് ഇക്കുറി അക്കൗണ്ട് തുറക്കാനാകില്ലെന്ന് തന്നെയാണ് തന്റെ ഉറച്ച വിശ്വാസം. മറ്റൊരിക്കലുമുണ്ടാകാത്ത വിധത്തില്‍ ഇത്തവണ ഇവിടെ ആര്‍ എസ് എസ് നേതൃത്വം ഒന്നടങ്കം ക്യാമ്പ് ചെയ്യുന്നുണ്ട്. പലയിടത്തും പരീക്ഷിച്ച വര്‍ഗീയ ധ്രുവീകരണം ഇവിടെ പരീക്ഷിച്ച് കേരളത്തെ കലക്കാനാണ് അവരുടെ ശ്രമം.
കോണ്‍ഗ്രസ്മുക്തഭാരതം എന്ന ലക്ഷ്യമാണ് അവര്‍ക്ക് പ്രധാനമായുമുള്ളത്.കോണ്‍ഗ്രസ് സര്‍ക്കാറുകളെ അട്ടിമറിക്കാന്‍ അവര്‍ശ്രമിക്കുന്നത് അതു കൊണ്ടാണ്. കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നതിനപ്പുറം ചില രഹസ്യ അജന്‍ഡകള്‍ കൂടി ബിജെപി നേതൃത്വത്തിനുണ്ട്. അതു കൊണ്ടാണ് പ്രധാനമന്ത്രിയടക്കമുള്ള ദേശീയ നേതാക്കള്‍ കേരളത്തില്‍ നിരന്തരം വരുന്നത്.
ബി ജെ പിയുടെ ഒരംഗമെങ്കിലും നിയമസഭയിലെത്തിയാല്‍ കേരളത്തിലെ സമാധാനം തകരും. അസംബ്ലിയില്‍ ജനങ്ങളെ ചേരിതിരിക്കുന്ന അജന്‍ഡയുമായിട്ടായിരിക്കും അവര്‍ വരുന്നത്. അതെല്ലാം ജനങ്ങള്‍ കരുതിയിരിക്കണമെന്നും കണ്ണൂര്‍ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ ആന്റണി പറഞ്ഞു.