Connect with us

Gulf

സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ 'വിദൂര തൊഴില്‍' ബദലുമായി വിദഗ്ധര്‍

Published

|

Last Updated

മസ്‌കത്ത്:സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ജീവനക്കാരെ പിരിച്ചു വിടുകയും കമ്പനികള്‍ക്ക് ചെലവു ചുരുക്കേണ്ടി വരികയും ചെയ്യുന്ന കാലത്ത് പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാതിരിക്കാനും കമ്പനികള്‍ക്ക് പിടിച്ചു നില്‍ക്കാനുമായി ഡിസ്റ്റന്‍സ് എംപ്ലോയ്‌മെന്റ് ബദല്‍ സ്വീകരിക്കണമെന്ന് വിദഗ്ധര്‍. സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ റിക്രൂട്ടിംഗ് പോര്‍ട്ടലായ ബെയ്ത് ഡോട്ട് കോം സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത വിദഗ്ധരാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.
ഇത് പുതിയ ആശയമല്ല. നേരത്തേ ആവിഷ്‌കരിക്കപ്പെട്ടതാണ്. ഈ ബദല്‍ ആശയം ഇപ്പോള്‍ സ്വീകരിക്കേണ്ട ഘട്ടമാണ്. ഖത്വറിന്റെ സാഹചര്യത്തില്‍ ഡിസ്റ്റന്‍സ് എംപ്ലോയ്‌മെന്റിന് ഏറെ പ്രസക്തിയുണ്ടെന്ന് സെമിനാറില്‍ സംസാരിച്ച ടെലി വര്‍ക്ക് അഡ്‌വൈസര്‍ മുന്‍ദിര്‍ സെയ്ദാന്‍ ഗള്‍ഫ് ടൈംസ് പത്രത്തോടു പറഞ്ഞു. രാജ്യം നേരത്തേ ഈ രീതി അവതരിപ്പിച്ചിട്ടുണ്ട്.

ഖത്വര്‍ ചാരിറ്റിയും ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബേങ്കും സംയുക്തമയാണ് തഖാത് എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിച്ചത്. ഡിസ്റ്റന്‍സ് എംപ്ലോയ്‌മെന്റിലൂടെ അറബ് മനുഷ്യവിഭവശേഷിയെ പ്രയോജനപ്പെടുത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
ഒരു അറബ് സന്നദ്ധത എന്ന നിലയിലാണ് ഈ പ്രോഗ്രാം ആരംഭിച്ചതെങ്കിലും ഇപ്പോള്‍ അത് പൊതുവായി നടപ്പിലാക്കേണ്ടതുണ്ടെന്ന് മുന്‍ദിര്‍ സെയ്ദാന്‍ പറഞ്ഞു. അറബിതര സമൂഹത്തിനും അതിന്റെ സൗകര്യം ലഭിക്കുകയും അവരെ ഉപയോഗപ്പെടുത്തുകയും ചെയ്യാം. ജോലിക്കാരെ നിയമിക്കുകയും അവരെക്കൊണ്ട് നേരിട്ട് ജോലിയെടുപ്പിക്കുകയും ചെയ്യുക എന്നതിനു പകരം നിയമനം നല്‍കുകയും ജോലിസ്ഥലം മാറ്റുക അല്ലെങ്കില്‍ വിദൂരത്തിരുന്നു നിയന്ത്രിക്കുക എന്ന രീതികളാണ് സ്വീകരിക്കേണ്ടത്.

കമ്പനികള്‍ക്ക് അവരുടെ ജീവനക്കാരെ സ്വന്തം നാട്ടില്‍ പോയി ജോലി ചെയ്യാന്‍ നിയോഗിക്കാം. ശേഷം അവരുടെ ജോലികള്‍ റിമോട്ടില്‍ നിയന്ത്രിക്കണം. സാമ്പത്തികസ്ഥിതി ഭദ്രമാകുമ്പോള്‍ ജീവനക്കാരെ തിരിച്ചു കൊണ്ടുവരാം. ജോലിക്കാരുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതുകൂടിയായിരിക്കും ഇത്തരം ബദലുകളെന്നും അദ്ദേഹം പറഞ്ഞു.

തഖാതിലൂടെ ഖത്വറില്‍ ഈ ആശയം നടപ്പിലാക്കിയപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. കമ്പനികളുടെ സി ഇ ഒ, ജനറല്‍ മാനേജര്‍ തലത്തിലുള്ളവര്‍ ഈ ആശയത്തെ നന്നായി പിന്തുണക്കുന്നു. സാമ്പത്തികമാന്ദ്യത്തെ മറികടക്കല്‍ അനിവാര്യമായതു കൂടി പരിഗണിച്ചാണ് ബദല്‍ മാര്‍ഗങ്ങളെ കമ്പനികള്‍ സ്വീകരിക്കുന്നത്. രാജ്യത്തുവെച്ച് ജോലി ചെയ്യിക്കുന്നതിനു വരുന്ന ചെലവിന്റെ 55 ശതമാനം കുറവു മാത്രമേ റിമോട്ട് എംപ്ലോയ്‌മെന്റിനു വേണ്ടി വരൂ എന്ന് അദ്ദേഹം അറിയിച്ചു.

ശമ്പളത്തില്‍ മാത്രം 40 ശമതാനം തുക ലാഭിക്കാനാകും. പ്രവര്‍ത്തനച്ചെലവില്‍ 15 ശമതാനം കുറവുണ്ടാകും. സര്‍വീസുകള്‍, വിസ, വെള്ളം-വൈദ്യുതി, വിമാനടിക്കറ്റ്, ഫാമിലി, വീട്ടുവാടക തുടങ്ങിയ ചെലവുകളെല്ലാം ഇല്ലാതാകുന്നു. ഇവിടെ ജോലിക്കു വെക്കുമ്പോള്‍ ഓഫര്‍ ചെയ്യുന്നതിനേക്കാള്‍ 30 മുതല്‍ 40 ശതമാനം വരെ കുറച്ചു ശമ്പളം കിട്ടിയാലും ജോലി ചെയ്യാന്‍ അധികപേരും തയാറാണ്.
ഖത്വറില്‍ ഐ ടി, അറബിക് കണ്ടന്റ്, എന്‍ജിനീയറിംഗ്, ഗ്രാഫിക് ഡിസൈന്‍, മള്‍ട്ടി

മീഡിയ തുടങ്ങിയ മേഖലകളില്‍ വിദൂരതൊഴില്‍ രീതി പ്രായോഗികമാണെന്ന് മുന്‍ദിര്‍ പറയുന്നു. അടുത്തിടെ ഇപ്‌സോസ് നടത്തിയ ഒരു സര്‍വേയില്‍ അഡ്മിനിസ്‌ട്രേറ്റീവ് രംഗത്ത് ധാരാളം ഒഴുവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇതില്‍ വലിയൊരു വിഭാഗം പ്രത്യേകിച്ചും ഓയില്‍, ഗ്യാസ് മേഖലയില്‍ റിമോട്ടില്‍ കൈകാര്യം ചെയ്യാവുന്നതേയുള്ളൂ. ഡിസ്റ്റന്‍സ് എംപ്ലോയ്‌മെന്റ് രീതി സ്വീകരിക്കുമ്പോള്‍ അതിന്റെ ഗുണം കമ്പനികള്‍ക്കാണ്. രാജ്യത്തിനും ഫലം ലഭിക്കും. അടിസ്ഥാന സൗകര്യങ്ങളുടെ ഭാരം രാജ്യത്തിനു കുറക്കാനാകും. ആരോഗ്യം, റോഡ്, ട്രാഫിക് എന്നിവക്കൊപ്പം പാരിസ്ഥിതീക ആഘാതങ്ങളിലും കുറവു വരും. ജനസംഖ്യാ അനുപാതത്തെ നിയന്ത്രിക്കാനും സാധിക്കും.

രാജ്യത്ത് ഏതാനം സ്വകാര്യ കമ്പനികള്‍ ഇതിനകം ഈ രീതി സ്വീകരിച്ചിട്ടുണ്ട്. ടെലിഫോണിലൂടെയും ഇന്റര്‍നെറ്റിലൂടെയും നിയന്ത്രിച്ച് ഐ ടി, എന്‍ജിനീയറിംഗ്, കോണ്‍ട്രാക്റ്റിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് ബദല്‍ രീതി നടപ്പിലാക്കിയത്. സഊദി അറേബ്യയില്‍ സര്‍ക്കാറിന്റെ പിന്തുണയോടെ ടെലി വര്‍ക്ക് സംരംഭത്തിനു തുടക്കം കുറിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അവിടെ 11,523 വനിതാ ടെലി വര്‍ക്കേഴ്‌സിനെയാണ് ഉപയോഗിച്ചത്. രണ്ടു ലക്ഷം ടെലി വര്‍ക്കേഴ്‌സിന്റെ ഒഴിവുകള്‍ അടുത്ത അഞ്ചു വര്‍ഷത്തിനിടെ ഉണ്ടാകമെന്ന് സഊദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.