നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായി: അപര ഭീഷണിയില്‍ മുന്നണികള്‍

Posted on: May 1, 2016 10:27 am | Last updated: May 1, 2016 at 10:27 am

കോഴിക്കോട്: നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായതോടെ അപര ഭീഷണിയില്‍ മുന്നണികള്‍. ജില്ലയില്‍ കടുത്ത മത്സരങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളിലെല്ലാം യഥേഷ്ടം അപരന്‍മാരുമുണ്ട്. ഒരു സ്ഥാനാര്‍ഥിക്ക് മൂന്നും നാലും അപരന്‍മാരാള്ള മണ്ഡലങ്ങളുണ്ട്. മുന്‍കാല തിരഞ്ഞെടുപ്പ് ചരിത്രം എടുത്താല്‍ ജില്ലയിലെ ചില മണ്ഡലങ്ങളില്‍ നേരിയ മാര്‍ജിനിലാണ് ഫലം ഉണ്ടാകാറുള്ളത്.
വിജയിച്ച സ്ഥാനാര്‍ഥിക്ക് കിട്ടിയ ഭൂരിഭക്ഷത്തിനേക്കാള്‍ വോട്ടുകള്‍ അപരന്‍മാര്‍ പിടിക്കാറുണ്ട്. ഈ സാഹചര്യത്തില്‍ അപരന്‍മാരെ ചില സ്ഥാനാര്‍ഥികള്‍ ആശങ്കയോടെ നോക്കിക്കാണുമ്പോള്‍ സ്ഥാനാര്‍ഥികള്‍ക്കൊപ്പം ഫോട്ടോയും ഇത്തവണ വോട്ടിംഗ് മെഷീനില്‍ തെളിയുന്നതിനാല്‍ ഭയമില്ലെന്ന് ചിലര്‍ പറയുന്നു. ഇത്തവണ യു ഡി എഫിനാണ് അപര ഭീഷണി കൂടുതല്‍. ആകെയുള്ള 13 മണ്ഡലങ്ങളില്‍ 12 ഇടത്തും യു ഡി എഫിന് അപരന്‍മാരുണ്ട്. എല്‍ ഡി എഫിന് അഞ്ചിടത്താണ് അപരന്‍മാരുള്ളത്.
കോഴിക്കോട് നോര്‍ത്തിലെ ഇടത് സ്ഥാനാര്‍ഥി എ പ്രദീപ് കുമാറിന് ഇതേ പേരിലും യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. പി എം സുരേഷ് ബാബുവിന് ടി സുരേഷ് ബാബു എന്ന പേരിലും അപരന്‍മാരുണ്ട്.
സൗത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി എം കെ മുനീറിന് അബ്ദുല്‍ മുനീര്‍, ഡി മുനീര്‍ എന്നീ രണ്ട് അപരന്‍മാരുണ്ട്. ഇടതു സ്വതന്ത്രനായ അബ്ദുല്‍ വഹാബിന് അപര ഭീഷണിയില്ല. കുറ്റിയാടിയില്‍ സിറ്റിംഗ് എം എല്‍ എ. കെ കെ ലതികയെ നേരിടുന്ന മുസ്‌ലിം ലീഗ് നേതാവ് പാറക്കല്‍ അബ്ദുല്ലക്ക് തലവേദനയായി പള്ളിയില്‍ അബ്ദുല്ല, പുത്തന്‍പുരയില്‍ അബ്ദുല്ല, അബ്ദുല്ല എന്നിവര്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി എഫ് എം അബ്ദുല്ലയും രംഗത്തുണ്ട്. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ലതികക്കും എന്‍ ഡി എ സ്ഥാനാര്‍ഥി രാമദാസ് മണലേരിക്കും അപര ഭീഷണിയില്ല.
ചതുഷ്‌കോണ മത്സരം നടക്കുന്ന വടകരയില്‍ ആര്‍ എം പി നേതാവ് കെ കെ രമക്ക് അപരയായി ടി പി രമയും കെ രമയും രംഗത്തുണ്ട്. ഇതില്‍ ടി പി രമ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏറാമല പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ സി പി എം സ്ഥാനാര്‍ഥിയായി മത്സരിച്ചയാളാണ്. യു ഡി എഫ് സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രന് മടപറമ്പത്ത് ചന്ദ്രന്‍, ചന്ദ്രന്‍ എന്നിങ്ങനെ രണ്ട് അപരന്മാരും എല്‍ ഡി എഫ് സ്ഥാനാര്‍ഥി സി കെ നാണുവിന് അതേ പേരില്‍ മറ്റൊരാളും അപരനായുണ്ട്.
നാദാപുരത്തെ യു ഡി എഫ് സ്ഥാനാര്‍ഥി കെ പ്രവീണ്‍കുമാറിന്റെ അതേ പേരില്‍ മറ്റൊരാളും പ്രവീണ്‍ എന്ന പേരില്‍ മറ്റൊരാളും പത്രിക നല്‍കിയിട്ടുണ്ട്. എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഇ കെ വിജയന് അപര ഭീഷണിയില്ല. കൊയിലാണ്ടിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ ദാസന് അതേ പേരിലും യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ സുബ്രഹ്മണ്യന് എം എന്‍ സുബ്രഹ്മണ്യന്‍ എന്ന പേരിലും അപരനുണ്ട്.
യു ഡി എഫിലെ എം എ റസാഖ് മാസ്റ്ററും എല്‍ ഡി എഫ് സ്വതന്ത്രന്‍ കാരാട്ട് അബ്ദുര്‍റസാഖും ഏറ്റുമുട്ടുന്ന കൊടുവള്ളിയില്‍ കെ ടി അബ്ദുര്‍റസാഖ് എന്നയാള്‍ സ്വതന്ത്രനായി പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. തിരുവമ്പാടിയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി വി എം ഉമ്മറിന് അപരനായി വി ഉമ്മര്‍, സി എം ഉമ്മര്‍ എന്നിവര്‍ പത്രിക നല്‍കിയിട്ടുണ്ട്. എല്‍ ഡി എഫിലെ ജോര്‍ജ് എം തോമസിനും എന്‍ ഡി എ സ്ഥാനാര്‍ഥിക്കും അപരന്മാരില്ല.
പേരാമ്പ്രയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ് എമ്മിലെ ടി എം മുഹമ്മദ് ഇഖ്ബാലിനെ ഭയപ്പെടുത്താന്‍ രണ്ട് മുഹമ്മദ് ഇഖ്ബാല്‍മാര്‍ സ്വതന്ത്രവേഷത്തില്‍ ഇവിടെ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. എല്‍ ഡി എഫിന് അപരനില്ല. ബാലുശ്ശേരിയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി യു സി രാമന് അപരനുള്ളപ്പോള്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പുരുഷന്‍ കടലുണ്ടിക്ക് അപരനില്ല.
എലത്തൂരിലെ എല്‍ ഡിഎഫ് സ്ഥാനാര്‍ഥി എ കെ ശശീന്ദ്രന്റെ പേരിനോട് സാമ്യമുള്ള എം ശശിധരന്‍ സ്വതന്ത്രനായി പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. യു ഡി എഫ് സ്ഥാനാര്‍ഥി കിഷന്‍ചന്ദിന്റെ പേരിനോട് സാമ്യമില്ലെങ്കിലും കൃഷ്ണന്‍ എന്നയാളും മത്സര രംഗത്തുണ്ട്.
ബേപ്പൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥി എം പി ആദം മുല്‍സിക്ക് അപരനായി ഇ ആദം മാലിക്, ആദം എന്ന പേരില്‍ രണ്ട് പേര്‍ രംഗത്തുള്ളപ്പോള്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി കെ സി മമ്മദ്‌കോയക്ക് അപരനായി വി കെ മുഹമ്മദ് കോയ രംഗത്തുണ്ട്. കുന്ദമംഗലത്ത് യു ഡി എഫ് സ്ഥാനാര്‍ഥി ടി സിദ്ദീഖിന് മൂന്ന് സിദ്ദീഖുമാരും ഒരു അബൂബക്കര്‍ സിദ്ദീഖും അപരനായുണ്ട്. എന്നാല്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി ടി എ റഹീമിനും എന്‍ ഡി എ സ്ഥാനാര്‍ഥി സി കെ പത്മനാഭനും അപരനില്ല.