നാദാപുരം: ‘സമാധാനം’ വാഗ്ദാനം ചെയ്ത് മുന്നണി സ്ഥാനാര്‍ഥികള്‍

Posted on: May 1, 2016 10:26 am | Last updated: May 1, 2016 at 10:26 am

കോഴിക്കോട്: നാദാപുരത്തിന്റെ സമാധാനം ലക്ഷ്യംവെച്ചാണ് നാദാപുരം മണ്ഡലത്തില്‍ മൂന്ന് മുന്നണി സ്ഥാനാര്‍ഥികളും പ്രചാരണത്തിനിറങ്ങുന്നത്. അക്രമത്തിലൂടെ വോട്ട് വേണ്ട എന്ന നിലപാടിലാണ് നിലവിലെ എം എല്‍ എയും എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുമായ ഇ കെ വിജയന്‍. ആരുടെയെങ്കിലും രക്തം വീണിട്ട് ജയിക്കുന്നതിനേക്കാള്‍ നല്ലത് തോല്‍ക്കുന്നതാണെന്നും കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സ്ഥാനാര്‍ഥികളുട മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
എന്നാല്‍ നാദപുരത്തെ പ്രദേശങ്ങളെ പാര്‍ട്ടി ഗ്രാമങ്ങളാക്കി മാറ്റി അവിടത്തുകാരെ ചാവേറുകളാക്കിത്തീര്‍ത്ത് സമാധാനം ഇല്ലാതാക്കാനുള്ള ശ്രമമാണ് എല്‍ ഡി എഫ് നടത്തുന്നതെന്നായിരുന്നു യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. പ്രവീണ്‍ കുമാറിന്റെ നിലപാട്. നാദാപുരത്തെ സമാധാനമാണ് യു ഡി എഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.
പൊതുവിദ്യാഭ്യാസം, ആരോഗ്യം, പശ്ചാത്തല സൗകര്യങ്ങള്‍ എന്നിവക്ക് പ്രാമുഖ്യം നല്‍കിയുള്ള പ്രചാരണമാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഇ കെ വിജയന്‍ മണ്ഡലത്തില്‍ നടത്തുന്നത്. കൂടാതെ നിലവിലെ എം എല്‍ എ എന്ന നിലയില്‍ മണ്ഡലത്തില്‍ കൈവരിച്ച വികസനങ്ങളും പ്രചാരണായുധമാക്കുന്നുണ്ട്. വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തിയതായും എം എല്‍ എ അവകാശപ്പെടുന്നുണ്ട്. പത്ത് പഞ്ചായത്തുകളടങ്ങിയ നാദാപുരം മണ്ഡലത്തിലെ വാണിേമല്‍ പഞ്ചായത്തിലെ ആദിവാസി കുട്ടികളടക്കം പഠിക്കുന്ന വെളിയൂര്‍ എച്ച് എസിന്റെ വികസനത്തിനായി 1.65 കോടി രൂപ അനുവദിച്ചതായും, അതൊടൊപ്പം പ്രാദേശിക വികസന ഫണ്ടില്‍ നിന്നും മറ്റ് സ്‌കൂളുകള്‍ക്ക് ഉള്‍പ്പെടെ വികസനത്തിനും തുക നല്‍കിയിട്ടുണ്ട്.
ആരോഗ്യ രംഗത്ത് നാദാപുരം സര്‍ക്കാര്‍ ആശുപത്രിക്ക് അഞ്ച് നില കെട്ടിടം നിര്‍മിച്ച് നല്‍കി. പ്രാദേശിക ആശുപത്രികളെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകള്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി മിനി സിവില്‍ സ്റ്റേഷന്‍ കല്ലാച്ചിയില്‍ പണി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിംഗ് സൗകര്യത്തിന് ശ്രമം നടത്തിയെങ്കിലും സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളെത്തുടര്‍ന്ന് അത് പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വെന്നെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്തെ വലിയ പ്രശ്‌നമായ കുടിവെള്ള പ്രശ്‌നത്തിന് വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനിടയിലാണ് ഇലക്ഷന്‍ പ്രഖ്യാപനമണ്ടായത്.
നാദപുരത്തെ പ്രധാന വിളകളായ തേങ്ങ, റബ്ബര്‍ വിലയിടിവ് പരിഹരിക്കാന്‍ താന്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ശ്രമം നടത്തും; എം എല്‍ എ പറഞ്ഞു. ഈ അഞ്ച് വര്‍ഷം കൊണ്ട് ഏകദേശം 250 കോടി രൂപ പ്രദേശത്തിന്റെ വികസനത്തിനായി ചെലവഴിച്ചിട്ടുണ്ട്. പ്രതിപക്ഷ എം എല്‍ എ ആയതുകൊണ്ട് തന്നെ തനിക്ക് വികസന കാര്യങ്ങള്‍ ചെയ്യുന്നതിന് പരിധിയുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൗഹൃദം, സമാധാനം, വികസനം എന്നീ മുദ്രാവാക്യവുമായാണ് യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. പ്രവീണ്‍ കുമാര്‍ കന്നി അങ്കത്തിനിറങ്ങുന്നത്. നാദാപുരം എന്ന് കേള്‍ക്കുമ്പോള്‍ വളരെ സഹതാപകരമായ പ്രതികരണമാണ് മറ്റുള്ളവരില്‍ നിന്നും ലഭിക്കുന്നത്. ഇതിന് പരിഹാരം കാണാന്‍ നാദപുരത്ത് സമാധാനം വരണമെന്ന് അദ്ദേഹം പറഞ്ഞു. അത്യാധുനിക ചികിത്സാ സൗകര്യങ്ങളോ ഒ പി സൗകര്യങ്ങളോ ഒന്നും തന്നെയില്ലാതെയാണ് നാദാപുരത്ത് ആശുപത്രി പണിതിരിക്കുന്നതെന്നും ഡോക്ടര്‍മാരുടെ അഭാവം കാരണം രോഗികള്‍ക്ക് ക്യൂ നില്‍ക്കേണ്ട അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ എല്‍ ഡി എഫ് ഭരിച്ച മണ്ഡലമായ നാദപുരത്ത് ഒരു കോളജ് പോലും കൊണ്ടു വരാന്‍ കഴിഞ്ഞിട്ടില്ല. കോളജുകളില്ലാത്ത മണ്ഡലങ്ങളില്‍ കോളജ് വേണമെന്ന യു ഡി എഫ് നയത്തിന്റെ ഭാഗമായാണ് നാദപുരത്ത് കോളജിന് അനുമതി നല്‍കിയത്.
കോളജിനായി കണ്ടുപിടിച്ച സ്ഥലത്താണ് കഴിഞ്ഞ ദിവസം ബോംബ് നിര്‍മാണത്തിനിടെ അപകടമുണ്ടായതെന്നും, ഇതുപോലും വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ നിലവിലെ എം എല്‍ എക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ എം എല്‍ എ ആയായാല്‍ നാദാപുരത്ത് യുവാക്കള്‍ക്കായി ഐ ടി പാര്‍ക്ക്, കൃഷിയെ പരിപോക്ഷിപ്പിക്കാനായി ഹൈടെക് അഗ്രികള്‍ച്ചര്‍ സെന്റര്‍ എന്നിവ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാനുള്ള നടപടികള്‍ സ്വകരിക്കുമെന്നും അദ്ദേഹം മുഖാമുഖം പരിപാടിയില്‍ പറഞ്ഞു. മഴ ഏറെ ലഭിക്കുന്ന സ്ഥലമായിട്ടും നാദാപുരത്തെ ഏഴ് പഞ്ചായത്തില്‍ നടക്കുന്ന അനധികൃത ക്വാറി ഖനനമാണ് നാദാപുരത്തെ വരള്‍ച്ചയ്ക്ക് കാരണമെന്ന് ബി ജെ പി സ്ഥാനാര്‍ഥി എം പി രാജേഷ് പറഞ്ഞു. യാതൊരു വിധ പരിഗണനയും പരിസ്ഥിതിക്ക് നല്‍കാതെയാണ് മുന്നണികള്‍ ക്വാറി ഖനനത്തിന് അനുമതി നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പല പദ്ധതികളുടെയും പേരില്‍ സാമ്പത്തികം കിട്ടും വരെ പദ്ധതികളെ കുറിച്ച് പറയുകയും പിന്നീട് സമ്പത്ത് കൈയില്‍ വന്നാല്‍ ആ പദ്ധതിയെ ഒഴിവാക്കുകയുമാണ് ചെയ്യുന്നത്; അദ്ദേഹം കുറ്റപ്പെടുത്തി. നാദാപുരത്ത് ഷിബിന്‍ വധവുമായി ബന്ധപ്പെട്ട് ഇരക്കും കൊല നടത്തിയവനും ഒരേ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കിയത്. ഷിബിന്റെ കുടുംബത്തിന് 20 ലക്ഷവും കൊല നടത്തിയവര്‍ക്ക് 17.50 ലക്ഷവും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് തെറ്റായ കീഴ്‌വഴക്കമാണുണ്ടാക്കുക.. ബി ജെ പി അധികാരത്തിലെത്തിയാല്‍ നാദപുരത്തെ സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.