Connect with us

International

കൊടും ചൂടിലും വരള്‍ച്ചയിലും ഏഷ്യന്‍ രാജ്യങ്ങള്‍ വലയുന്നു

Published

|

Last Updated

ക്വലാലംപൂര്‍: എല്‍ നിനോ പ്രതിഭാസം മൂലം ശക്തമായ വരള്‍ച്ചയും കഠിനമായ ചൂടും ഏഷ്യന്‍ രാജ്യങ്ങളെയാകെ താളം തെറ്റിക്കുന്നതായി ഗവേഷകര്‍. ഏഷ്യയിലുടനീളം ഭക്ഷണത്തിനും വെള്ളത്തിനും ദൗര്‍ലഭ്യം നേരിടുന്നതായും എല്‍ നിനോയുടെ മറ്റൊരു രൂപമായ ലാ നിന ചൂടും വരള്‍ച്ചയും കൂടുതല്‍ കഠിനമാക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈയടുത്ത കാലത്തൊന്നും ഇത്രയും രൂക്ഷമായ എല്‍ നിനോ പ്രതിഭാസം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഫിലിപ്പൈന്‍സിലെ മികോംഗ് നദിയിലെ വെള്ളം പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇതാദ്യമായി ഗണ്യമായ രീതിയില്‍ കുറഞ്ഞു. ഇതോടെ ഭക്ഷ്യസംബന്ധമായ ചില അസ്വസ്ഥതകള്‍ ഫിലിപ്പൈന്‍സിനെ ബാധിച്ചിട്ടുണ്ട്. അതോടൊപ്പം ഫിലപ്പൈന്‍സിലെ താപനില 40 ഡിഗ്രി സെല്‍ഷ്യസും കവിഞ്ഞിരിക്കുകയാണ്.

തെക്ക്കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക മേഖലയെയും വരള്‍ച്ച ബാധിച്ചു. 10 ബില്യന്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം പകുതിയോടെ തെക്ക്കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ചൂട് കുറയുമെങ്കിലും ഭീഷണി സൃഷ്ടിച്ച് ലാ നിന തൊട്ടുപിറകിലുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ലാ നിന ശക്തമായ മഴക്ക് വഴിയൊരുക്കും. ഈ വര്‍ഷം മധ്യത്തോടെ മഴ സാധാരണ നിലയില്‍ ഇവിടെയെത്തുകയും ലാ നിന മൂലം വെള്ളപ്പൊക്കം പോലുള്ള രൂക്ഷ പ്രതിസന്ധികള്‍ വീണ്ടും ശക്തമാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടെ കൃഷി നശിക്കുകയും ധാന്യങ്ങള്‍ കീടനാശിനികളുടെ ആക്രമണത്തിനിരയായി കേടുവരികയും ചെയ്യും.
എല്‍ നിനോയെ തുടര്‍ന്ന് സാധാരണ നിലയില്‍ ലാ നിനാ പ്രതിഭാസവും ഉണ്ടാകാറുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ലാ നിന ശക്തമാകുമെന്ന് യു എന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ സ്റ്റീഫന്‍ ഒ ബ്രീന്‍ പറഞ്ഞു. നിലവില്‍ എല്‍ നിനോ പ്രതിഭാസം മൂലം ആഗോള തലത്തില്‍ ആറ് കോടി ജനങ്ങള്‍ അടിയന്തര സഹായം ആവശ്യമുള്ളവരാണ്. ഇത് കൂടുതലും ബാധിച്ചിരിക്കുന്നത് ആഫ്രിക്കന്‍ രാജ്യങ്ങളെയാണ്. ഏഷ്യയെ സംബന്ധിച്ചിടത്തോളം വലിയൊരു ദുരന്തമായിരിക്കും എല്‍ നിനോയും ലാ നിനയും ഉണ്ടാക്കുകയെന്ന് ഗ്രീന്‍ പീസ് ക്യാമ്പയിന്‍ അംഗം വില്‍ഹെമിന പെലെഗ്രിന പറഞ്ഞു. കനത്ത മഴയും ഇതേ തുടര്‍ന്നുണ്ടാകുന്ന രൂക്ഷമായ വെള്ളപ്പൊക്കവും ഏഷ്യന്‍ രാജ്യങ്ങളിലെ ഭക്ഷ്യവിഭവങ്ങളുടെ നാശത്തിന് ഇടവരുത്തുമെന്നും വില്‍ഹെമിന മുന്നറിയിപ്പ് നല്‍കുന്നു.
നിലവില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ മിക്കതും കടുത്ത വരള്‍ച്ചയുടെയും ചൂടിന്റെയും പിടിയിലാണ്. ചൂട് റെക്കോര്‍ഡ് ഉയരത്തിലെത്തി.
ഒരു നൂറ്റാണ്ടിനിടെയുള്ള ഏറ്റവും കനത്ത ചൂടിന്റെ പിടിയിലാണ് വിയറ്റ്‌നാം. ലോകതലത്തില്‍ തന്നെ അരി കയറ്റുമതി ചെയ്യുന്ന പ്രധാനപ്പെട്ട രാജ്യമാണ് വിയറ്റ്‌നാം. എന്നാല്‍ വരള്‍ച്ച ശക്തമായതോടെ വിളകള്‍ നശിച്ച് കയറ്റുമതിയെയും മോശമായി ബാധിച്ചു. ഇന്ത്യയിലെയും സ്ഥിതി വ്യത്യസ്തമല്ല. 30 കോടിയിലധികം ഇന്ത്യക്കാര്‍ വരള്‍ച്ചയുടെ ദുരിതം നേരിടുന്നവരാണ്. വ്യാപകമായി കൃഷിനാശവും ഉണ്ടാകുന്നു.

---- facebook comment plugin here -----

Latest