വിജിലന്‍സ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍: ഹൈക്കോടതി

Posted on: April 29, 2016 3:00 pm | Last updated: April 29, 2016 at 3:19 pm
SHARE

കൊച്ചി: വിജിലന്‍സിനെ വിവരാവകാശ നിയമത്തന്റെ പരിധിയില്‍ ഉള്‍പ്പെടുത്തരുതെന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന് ഹൈകോടതി സ്‌റ്റേ. ജസ്റ്റിസുമാരായ കുര്യന്‍ തോമസ്, പി.എന്‍ രവീന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കഴിഞ്ഞ ജനുവരിയില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് സ്‌റ്റേ ചെയ്തത്. രഹസ്യ വിവരങ്ങളടങ്ങിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടുകള്‍ നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സും ആം ആദ്മി പാര്‍ട്ടിയുമാണ് ഹൈകോടതിയെ സമീപിച്ചത്.

വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയ ജനുവരി 18ലെ ഉത്തരവ് പിന്‍വലിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ നടപടി വിവാദമായതോടെ വ്യാഖ്യാനത്തില്‍ വന്ന പിഴവാണെന്ന് ചൂണ്ടിക്കാട്ടി മാര്‍ച്ച് 22ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ഉത്തരവ് റദ്ദാക്കുകയായിരുന്നു. എന്നാല്‍, അതിന് ശേഷവും ആര്‍.ടി.ഐ പ്രകാരം സമര്‍പ്പിച്ച അപേക്ഷക്ക് വിജിലന്‍സില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് ഹരജിക്കാര്‍ ഹൈകോടതിയെ സമീപ്പിച്ചത്.

വിജിലന്‍സ് അന്വേഷണ പരിധിയില്‍ വരുന്ന മുഖ്യമന്ത്രി, മുന്‍ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, ഐ.എ.എസ്‌ഐ.പി.എസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ വിവരങ്ങള്‍ ആര്‍.ടി.ഐ വഴി നല്‍കുന്നത് ഒഴിവാക്കിയാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ 2009 മുതല്‍ തുടര്‍ച്ചയായി ആവശ്യപ്പെടുകയും നിയമവകുപ്പ്, അഡ്വക്കേറ്റ് ജനറല്‍ തുടങ്ങി ബന്ധപ്പെട്ട എല്ലാവരുടെയും വിദഗ്ധാഭിപ്രായം തേടുകയും ചെയ്ത ശേഷമാണ് വിജിലന്‍സിലെ രഹസ്യ വിഭാഗത്തെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയത്. പൊലീസിലെ ഇന്റലിജന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓര്‍ഗനൈസേഷന്റെ എട്ട് വിഭാഗങ്ങളെ 2006ല്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.