വോട്ടിംഗ് മെഷീനുകളുടെ റാന്‍ഡമൈസേഷന്‍ തുടങ്ങി

Posted on: April 29, 2016 11:19 am | Last updated: April 29, 2016 at 11:19 am

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ പോളിംഗ് ബൂത്തുകളില്‍ ഉപയോഗിക്കുന്നതിനുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ കലക്ടറേറ്റിലെ ഇ വി എം ഡിപ്പൊ പരിസരത്ത് തുടങ്ങി. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നല്‍കിയ പട്ടിക പ്രകാരം ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ തരം തിരിക്കുന്ന പ്രക്രിയയാണ് റാന്‍ഡമൈസേഷന്‍. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ കൂടി സാന്നിധ്യത്തിലാണ് ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ പുരോഗമിക്കുന്നത്. ഓരോ നിയോജക മണ്ഡലത്തിലെയും വിവിധ ബൂത്തുകളിലേക്കുള്ള യന്ത്രങ്ങള്‍ തരം തിരിക്കുന്ന രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പിന്നീട് നടക്കും. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് വെങ്കടേശപതി, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചെലവ് നിരീക്ഷകനായ അമിത് ദൊരെരാജു, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സി വി സജന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തരം തിരിക്കലിന് തുടക്കം കുറിച്ചത്. 16 നിയോജക മണ്ഡലങ്ങള്‍ക്ക് വെവ്വേറെ കൗണ്ടറുകളിലായി നടക്കുന്ന റാന്‍ഡമൈസേഷന്‍ ഇന്നും തുടരും. ജില്ലാ കലക്ടറുടെ പ്രത്യേക നിര്‍ദേശ പ്രകാരം പ്രക്രിയ വെബ്-വിഡിയോ ക്യാമറകളില്‍ പകര്‍ത്തുന്നുണ്ട്. ജില്ലയിലെ 2298 പോളിംഗ് ബൂത്തുകളില്‍ ഉപയോഗിക്കുന്നതിനായി 3234 കണ്‍ട്രോള്‍ യൂനിറ്റുകളും 4144 ബാലറ്റ് യൂനിറ്റുകളും കലക്ടറേറ്റിലെ ഇ വി എം ഡിപ്പോയില്‍ സജ്ജമാണ്.