21 പന്തില്‍ സെഞ്ച്വറി !

Posted on: April 29, 2016 5:30 am | Last updated: April 29, 2016 at 9:32 am
SHARE

centuryന്യൂഡല്‍ഹി: ട്വന്റി20 ക്രിക്കറ്റില്‍ ഏറ്റവും വേഗമേറിയ സെഞ്ച്വറിക്ക് പുതിയ അവകാശി. 21 പന്തുകളില്‍ മൂന്നക്കം പിന്നിട്ട് വിസ്മയം സൃഷ്ടിച്ചിരിക്കുന്നത് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയുടെ ഇരുപത്തിമൂന്നുകാരന്‍ ഇറാഖ് തോമസാണ്. വിന്‍ഡീസിന്റെ സൂപ്പര്‍ താരം ക്രിസ് ഗെയില്‍ 30 പന്തില്‍ നേടിയ സെഞ്ച്വറി റെക്കോര്‍ഡാണ് ഇറാഖ് തോമസിന് മുന്നില്‍ നിഷ്പ്രഭമായത്.
2013 ഐ പി എല്ലില്‍ പൂനെ വാരിയേഴ്‌സിനെതിരെയാണ് ബാംഗ്ലൂരിനായി ഗെയില്‍ ടി20യിലെ അതിവേഗ സെഞ്ച്വറി സ്വന്തമാക്കിയത്. ടുബാഗോ ക്രിക്കറ്റ് അസോസിയേഷന്റെ ടി20 ടൂര്‍ണമെന്റിലാണ് ഇറാഖ് തോമസ് ചരിത്രം സൃഷ്ടിച്ചത്.
സ്‌പെസൈഡിന്റെ 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സ്‌കാര്‍ബറോക്കായി 31 പന്തില്‍ 131 റണ്‍സാണ് ഇറാഖ് തോമസ് അടിച്ച് കൂട്ടിയത്. എട്ടോവറില്‍ സ്‌കാര്‍ബോറ ലക്ഷ്യത്തിലെത്തുകയും ചെയ്തു. 15 സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതാണ് തോമസിന്റെ ഇന്നിംഗ്‌സ്.
തകര്‍പ്പന്‍ ഫോം സൂക്ഷിക്കുന്ന ഇറാഖ് തോമസ് കഴിഞ്ഞ ദിവസം ചാര്‍ലോറ്റെവിലെക്കെതിരെ 53 പന്തില്‍ 97 റണ്‍സടിച്ചിരുന്നു.
ടി20 ക്രിക്കറ്റില്‍ കന്നി സെഞ്ച്വറി നേടിയതിന്റെ ആവേശത്തിലാണ് ഇറാഖ് തോമസ്. ഇതൊരു വലിയ ഗ്രൗണ്ടല്ല.
അതുകൊണ്ടു തന്നെ ബൗളര്‍മാര്‍ക്ക് മേല്‍ മാനസികാധിപത്യം തനിക്കുണ്ടായിരുന്നു. തുടക്കത്തിലെ സിക്‌സറുകള്‍ നേടാന്‍ സാധിച്ചപ്പോള്‍ തന്നെ ഇതൊരു സ്‌പെഷ്യല്‍ ഇന്നിംഗ്‌സായി മാറുമെന്ന് തോന്നിയിരുന്നു – ഇറാഖ് തോമസ് പറഞ്ഞു.