ദാവൂദ് ഇബ്‌റാഹിമിനെ വധിക്കാനോ അറസ്റ്റ് ചെയ്യാനോ ആറ് തവണ ശ്രമിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്

Posted on: April 28, 2016 10:31 am | Last updated: April 28, 2016 at 10:31 am

dawoodന്യൂഡല്‍ഹി: ദാവൂദ് ഇബ്‌റാഹീമിനെ വധിക്കാനോ അറസ്റ്റ് ചെയ്യാനോ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ ആറ് തവണ ശ്രമിച്ചിരുന്നുവെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഈ ശ്രമങ്ങളെല്ലാം തന്നെ വിവിധ കാരണങ്ങളാല്‍ വിഫലമാകുകയായിരുന്നു.

മുംബൈ സ്‌ഫോടനത്തിന് ശേഷം 15 മാസം പിന്നിടുമ്പോള്‍ 1994ല്‍ ദാവൂദ് കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍, ചില അജ്ഞാത കാരണങ്ങളാല്‍ സര്‍ക്കാര്‍ അതിന് അനുവദിച്ചില്ലെന്ന് ഐ പി എസ് ഉദ്യോഗസ്ഥനായ നീരജ് കുമാറും മുതിര്‍ന്ന അഭിഭാഷകനായ രാംജഠ്മലാനിയും അവകാശപ്പെട്ടിരുന്നു.
മറ്റൊരിക്കല്‍ ദാവൂദിന്റെ വിമാനം നിര്‍ബന്ധപൂര്‍വം ഇറക്കാന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോ പദ്ധതിയിട്ടെങ്കിലും ആ ശ്രമം പരാജയപ്പെടുകയായിരുന്നു.
1994ല്‍ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ ദാവൂദിന്റെ 18 പാസ്‌പോര്‍ട്ടുകള്‍ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറിയിരുന്നു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന പി വി നരസിംഹ റാവുവിനായിരുന്നു രഹസ്യ വിവരങ്ങള്‍ നല്‍കിയത്. പക്ഷേ, എന്തുകൊണ്ടോ ആ വിവരങ്ങളെല്ലാം ഇന്ത്യ അവഗണിച്ചു. മുന്‍ പാക് ക്രിക്കറ്റര്‍ ജാവേദ് മിയാന്‍ദാദിന്റെ മകളുമായുള്ള ദാവൂദിന്റെ മകന്റെ വിവാഹ വേളയില്‍ അയാളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. 2005ല്‍ നടന്ന വിവാഹച്ചടങ്ങില്‍ ദാവൂദിന്റെ സാന്നിധ്യം രഹസ്യാന്വേഷണ വിഭാഗത്തിന് സ്ഥിരീകരിക്കാന്‍ കഴിയാത്തതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചു.
2011ല്‍ ഉസാമാ ബിന്‍ ലാദന്റെ മരണത്തിന് പിന്നാലെ, ദാവൂദിനെതിരായ തെളിവുകള്‍ യു എസിന് കൈമാറുകയും ഇയാളെ അന്താരാഷ്ട്ര പിടികിട്ടാപ്പുള്ളിയായി ഇന്ത്യ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതേ തെളിവുകള്‍ 2013ല്‍ അന്നത്തെ ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പാക്കിസ്ഥാനും നല്‍കി. പക്ഷേ, ഇതുമായി ബന്ധപ്പെട്ട് ദാവൂദിനെതിരായ നീക്കങ്ങള്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് പിന്നീട് ഉണ്ടായില്ല.
2013ല്‍ പാക്കിസ്ഥാനില്‍ കടന്ന് ദാവൂദിനെ ഇല്ലാതാക്കാന്‍ ഒമ്പതംഗ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. റോ പരിശീലനം നല്‍കിയ ഈ സംഘത്തിന്റെ രഹസ്യ കോഡ് സൂപ്പര്‍ ബോയ്‌സ് എന്നായിരുന്നു. ബംഗ്ലാദേശ്, സുഡാന്‍, നേപ്പാള്‍ രാജ്യങ്ങളിലേക്കുള്ള പാസ്‌പോര്‍ട്ടുകളും സംഘാംഗങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്നു. പക്ഷേ, ഇനിയും വ്യക്തമാകാത്ത കാരണങ്ങളാല്‍ ഈ ശ്രമവും ഇന്ത്യ ഉപേക്ഷിക്കുകയായിരുന്നു.