Connect with us

Articles

പ്രകടന പത്രികകള്‍ വായിക്കുമ്പോള്‍

Published

|

Last Updated

തിരഞ്ഞെടുപ്പ് കളത്തില്‍ ചൂടേറുകയാണ്. ഓരോ വോട്ടും ഉറപ്പിക്കാന്‍ വേനല്‍ചൂടിനെ അവഗണിച്ച് സ്ഥാനാര്‍ഥികള്‍ കളം നിറഞ്ഞ് കളിക്കുന്നു. വിജ്ഞാപനം വന്നതോടെ വോട്ടെടുപ്പിനുള്ള നടപടിക്രമങ്ങള്‍ക്ക് ഔപചാരിക തുടക്കമായി. നാമനിര്‍ദേശ പത്രിക സമര്‍പ്പണവും തുടങ്ങി. ഇരു മുന്നണികളും തങ്ങളുടെ പ്രകടന പത്രികയും പുറത്തിറക്കി. പ്രചാരണ ഗോദയില്‍ ഇന്ധനം ആകേണ്ടത് ഈ പ്രകടന പത്രികയാണ്. ഇതിലൂന്നിയാണ് ചര്‍ച്ചകള്‍ മുന്നേറുന്നത്. വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളുമാണ് പ്രകടന പത്രിക. അധികാരത്തില്‍ വന്നാല്‍ സ്വീകരിക്കുന്ന നിലപാടുകളുടെ തുറന്നു പറച്ചില്‍. അവ്യക്തതകളുള്ള വിഷയങ്ങളോട് അകന്ന് നിന്നും വിവാദങ്ങള്‍ക്കിടവരുത്തുന്നവയോട് മൗനം പാലിച്ചുമാണ് പ്രകടന പത്രികകള്‍ തയ്യാറാക്കുന്നത്. ഈ കെട്ടുപാടുകളില്ലാത്ത അവ്യക്തകള്‍ തെല്ലുമില്ലാത്ത നിര്‍ദേശങ്ങള്‍ പോലും കഴിഞ്ഞ കാലങ്ങളില്‍ എത്രത്തോളം നടപ്പാക്കാന്‍ കഴിഞ്ഞുവെന്ന പരിശോധിക്കുമ്പോഴാണ് പ്രകടന പത്രികകളുടെ പൊള്ളത്തരം ചോദ്യം ചെയ്യപ്പെടുന്നത്. തിരഞ്ഞെടുപ്പ് കാലത്തെ ഒഴിച്ചുകൂടാനാകാത്ത ചടങ്ങ് എന്ന നിലയിലേക്ക് പ്രകടനപത്രികകള്‍ മാറുന്നുണ്ടോയെന്ന സന്ദേഹം ഉയര്‍ത്തുന്നതാണ് വര്‍ത്തമാന കാലം.

ഓരോ മുന്നണികളും പിന്തുടരുന്ന നയങ്ങളാണ് പ്രകടനപത്രികകളില്‍ ഇടംപിടിക്കുന്നത്. നിര്‍ദേശിക്കപ്പെടുന്ന പദ്ധതികള്‍ ഈ നയങ്ങളോട് ചേര്‍ന്ന് പോകുന്നതുമായിരിക്കും. വോട്ട് നേടാന്‍ മാത്രം ലക്ഷ്യമിട്ട് കൈയടി നേടുന്ന പ്രഖ്യാപനങ്ങള്‍ നടത്തിയത് കൊണ്ട് കാര്യമില്ല. മറിച്ച് കേരളം അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ ഉള്‍ക്കൊണ്ട് മറുമരുന്ന് നിര്‍ദേശിക്കാന്‍ കഴിയുന്നതാകണം. വന്‍കിട പദ്ധതികളാണ് വികസനമെന്ന ധാരണയാണ് ചിലര്‍ക്ക്. പദ്ധതികള്‍ ആരെയെല്ലാം അഡ്രസ് ചെയ്യുന്നുവെന്നതിലാണ് പ്രസക്തി.
കേരളം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ എന്ത് നിര്‍ദേശമാണ് ഇരുമുന്നണികളുടെയും പ്രകടന പത്രിക മുന്നോട്ടുവെക്കുന്നതെന്ന് പരിശോധിച്ചാല്‍ ഉത്തരം പറയാന്‍ അല്‍പം പ്രയാസപ്പെടും. വാര്‍ഷിക സാമ്പത്തിക വളര്‍ച്ചയില്‍ മൂന്ന്, നാല് ശതമാനം ഇടിവുണ്ടാകുമെന്ന് ഏറ്റവും പുതിയ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് തന്നെ വ്യക്തമാക്കുന്നു. കേരളത്തിലെ നാണ്യവിളകള്‍ നേരിടുന്ന പ്രതിസന്ധിയും ഗള്‍ഫ് വരുമാനത്തിലെ ഇടിവുമാണ് ഈ കണക്ക് കൂട്ടലിന്റെ ആധാരം. വല്ലാത്തൊരു പ്രതിസന്ധിയാണ് നാണ്യവിളകളുടെ കാര്യത്തില്‍ സംഭവിക്കുന്നത്. മെട്രോയും വിമാനത്താവളവും ചര്‍ച്ച ചെയ്യുന്നത് പോലെ തന്നെ ഇക്കാര്യവും പരിഗണിക്കുന്നുണ്ടോ ? വരുമാനം വലിയൊരു ഘടകമാണ്. വായ്പയെടുത്ത് അതില്‍ നിന്ന് ശമ്പളം കൊടുത്ത് എത്ര കാലം നമുക്ക് മുന്നോട്ടുപോകാന്‍ കഴിയും. സംസ്ഥാനവരുമാനത്തിന്റെ മുഖ്യപങ്കും ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, വായ്പകളിന്മേല്‍ നല്‍കേണ്ട പലിശ എന്നിവക്കായി നീക്കിവെക്കുമ്പോള്‍ വികസനത്തിന് പണം എവിടെ നിന്ന് എന്ന ചോദ്യത്തിന് ആരുടെ പ്രകടന പത്രികയിലാണ് ഉത്തരമുള്ളത്.

അതീവ ഗുരുതരാവസ്ഥയിലാണ് നമ്മുടെ സമ്പദ്ഘടന. വളര്‍ച്ചാ നിരക്ക് താഴേക്ക് പോകുന്നു. എന്നാല്‍ പ്രകടന പത്രികകള്‍ വായിച്ചാല്‍ ഇത്ര വലിയ പ്രതിസന്ധിയോയെന്ന് തോന്നിപോകും. അല്‍പ്പമെങ്കിലും പ്രതീക്ഷ നല്‍കുന്നത് ഇടത് മുന്നണിയുടെ പ്രകടന പത്രികയാണ്. നികുതി വരുമാനം വര്‍ധിപ്പിച്ച് റവന്യുകമ്മി ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യുമെന്നാണ് എല്‍ ഡി എഫ് വാഗ്ദാനം. വായ്പയായി എടുക്കുന്ന പണം മൂലധന ചെലവുകള്‍ക്ക് മാത്രമായി ഉപയോഗിക്കും. നികുതി വര്‍ധനയുടെ അടിസ്ഥാന ഉപാധി അഴിമതി ഇല്ലാതാക്കുകയാകുമെന്നാണ് മറ്റൊരു നിര്‍ദേശം. മുന്‍ എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് നടപ്പാക്കി വിജയിപ്പിച്ചെടുത്ത അഴിമതി രഹിത വാളയാറിന്റെ രണ്ടാംപതിപ്പും മുന്നോട്ടുവെക്കുന്നു. മറ്റൊരു സുപ്രധാന നിര്‍ദേശം വ്യാപാരി സൗഹൃദ നയമാണ്. നികുതി പിരിവിന്റെ കാര്യത്തില്‍ ഈ നയത്തിന് ഏറെ പ്രസക്തിയുണ്ട്. നികുതി പിരിവിനെന്ന പേരില്‍ കൂട്ടത്തോടെ ഉദ്യോഗസ്ഥരെത്തി ഭീഷണിപ്പെടുത്തി സ്വന്തം പോക്കറ്റ് നിറക്കുന്ന പതിവിന് അന്ത്യം കുറിക്കാന്‍ ഇതിലൂടെ കഴിയും.
വരുമാനവര്‍ധനവ്, ധനവിനിയോഗം എന്നിവയിലെല്ലാം പല നിര്‍ദേശങ്ങളും ഇടത് മുന്നണിയുടെ പ്രകടന പത്രികയിലുണ്ടെങ്കിലും യു ഡി എഫ് പ്രകടന പത്രികയില്‍ കാര്യമായ പരാമര്‍ശങ്ങളില്ല. കേരളത്തിന്റെ ഇന്നുള്ള പ്രതിശീര്‍ഷ വരുമാനം 4700 അമേരിക്കന്‍ ഡോളര്‍ എന്നത് 2040ല്‍ 36000 ഡോളര്‍ ആയി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നാണ് യു ഡി എഫ് പറയുന്നത്. 20 വര്‍ഷത്തിനകം കേരളത്തിന്റെ ശരാശരി വളര്‍ച്ച 7.5 വര്‍ധിപ്പിച്ച് വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും അവര്‍ അവകാശപ്പെടുന്നു. കാര്‍ഷിക വളര്‍ച്ച രണ്ട് ശതമാനവും വ്യവസായ നിര്‍മ്മാണ മേഖല ഒന്‍പത് ശതമാനവും നിര്‍മ്മാണ മേഖല ഒന്‍പത് ശതമാനവും വാര്‍ത്താവിനിമയ മേഖലയില്‍ 7.5 ശതമാനവും വിദ്യാഭ്യാസ ആരോഗ്യ മേഖലയില്‍ പത്ത് ശതമാനവും വളര്‍ച്ച ലക്ഷ്യമിടുന്നതായും യു ഡി എഫിന്റെ പ്രകടന പത്രികയിലുണ്ട്. ഈ മേഖലകളുടെ ഇപ്പോഴത്തെ പ്രകടനവുമായി ഇതിനെ താരതമ്യപ്പെടുത്തിയാല്‍ ഈ ലക്ഷ്യം എത്രമാത്രം അകലെയാണെന്ന് ബോധ്യപ്പെടും. ഓരോ മേഖലയുടെയും സ്ഥിതി ഇതാണ്.

വലിയ പദ്ധതികള്‍ നടപ്പാക്കുന്നത് പോലെ തന്നെ അവക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ എത്രത്തോളം നമുക്ക് വിജയിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് കൊച്ചി മെട്രോ യാതാര്‍ഥ്യത്തിലേക്ക് അടുക്കുകയാണ്. എന്നാല്‍, മെട്രോ ഓടിക്കാന്‍ ആവശ്യമായ വൈദ്യുതി പുതുതായി ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? ഉയര്‍ന്ന വിലയില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി കൊണ്ടുവന്ന് മെട്രോ ഓടിക്കുമ്പോള്‍ അതിന് ചെലവേറും. സ്വാഭാവികമായും യാത്ര നിരക്ക് നിശ്ചയിക്കുന്നതില്‍ പോലും ഇത് സ്വാധീനിക്കും. യൂനിറ്റൊന്നിന്ന് 14 രൂപ കൊടുത്ത് പുറത്ത് നിന്ന് വാങ്ങേണ്ടി വന്നാല്‍ വൈദ്യുതി ചാര്‍ജ് ഉയര്‍ത്താതെ മറ്റ് മാര്‍ഗമുണ്ടാകില്ല. സര്‍ചാര്‍ജ് എന്ന പേരില്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുന്നത് നിര്‍ത്താന്‍ കഴിയണമെങ്കില്‍ ഉത്പാദനം വര്‍ധിപ്പിച്ചേ മതിയാകൂ. അല്ലാതെ വൈദ്യുതി ബില്‍ കൂടുന്നതില്‍ ബോര്‍ഡിനെ കുറ്റം പറയുന്നതില്‍ കാര്യമില്ല.

വൈദ്യുതി ഉത്പാദനത്തിന്റെ കാര്യത്തില്‍ യു ഡി എഫ് പ്രകടന പത്രിക കാര്യമായ നിര്‍ദേശങ്ങളൊന്നും മുന്നോട്ടുവെക്കുന്നില്ല. 2500 മെഗാവാട്ട് വൈദ്യുതി ഉത്പാദനം എല്‍ ഡി എഫ് വാഗ്ദാനം ചെയ്യുമ്പോള്‍ യു ഡി എഫ് കണക്കൊന്നും പറയുന്നില്ല. ആയിരം മെഗാവാട്ട് സൗരോര്‍ജം വഴി കണ്ടെത്തുമെന്നാണ് എല്‍ ഡി എഫ് നല്‍കുന്ന വാഗ്ദാനം. യു ഡി എഫ് സൗരോര്‍ജം എന്ന് പരാമര്‍ശിക്കുന്നത് തന്നെ പേടിയോടെയാണെന്ന് പ്രകടന പത്രിക വായിച്ചാല്‍ ബോധ്യപ്പെടും. കാരണം, സോളാര്‍ അത്രമാത്രം അവരെ വേട്ടയാടിയിട്ടുണ്ട്. കേരളത്തില്‍ വിപ്ലവം സൃഷ്ടിക്കുമായിരുന്ന ഒരു പദ്ധതിയാണ് ചില തട്ടിപ്പുകാര്‍ക്ക് സര്‍ക്കാര്‍ സംവിധാനം കൂട്ടുനിന്നതു കൊണ്ട് ഇല്ലാതായത്.

അഡ്രസ് ചെയ്യേണ്ട മറ്റൊരു മേഖല കേരളം അഭിമുഖീകരിക്കുന്ന മാലിന്യപ്രശ്‌നമാണ്. പ്രധാന നഗരങ്ങളിലൊന്നും മാലിന്യസംസ്‌കരണത്തിന് കാര്യക്ഷമമായ പദ്ധതികളില്ല. ഇക്കാര്യത്തില്‍ ഉറവിട മാലിന്യ സംസ്‌കരണമെന്ന നയമാണ് എല്‍ ഡി എഫ് മുന്നോട്ടുവെക്കുന്നത്. ആലപ്പുഴ നഗരസഭയില്‍ പൂര്‍ണമായും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭാഗികമായും നടപ്പാക്കിയതാണ് ഈ സംവിധാനം. മാലിന്യ നിര്‍മ്മാര്‍ജനത്തില്‍ അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതെ ശാസ്ത്രീയമായ ആസൂത്രണ ആവിഷ്‌കരിച്ച് മാലിന്യ നിര്‍മ്മാര്‍ജ്ജനം നടത്തുമെന്നാണ് യു ഡി എഫ് പ്രകടന പത്രികയിലെ അവകാശവാദം. മാലിന്യ നിര്‍മ്മാര്‍ജനം ഒരു അധ്യായമായി പ്രകടന പത്രികയില്‍ ചേര്‍ത്ത് നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത് എല്‍ ഡി എഫ് ആണ്.
മദ്യനയത്തിന്റെ കാര്യത്തില്‍ യു ഡി എഫിലാണ് കൂടുതല്‍ വ്യക്തത. പ്രത്യേകിച്ച് പൂട്ടിയ ബാറുകളുടെ കാര്യത്തില്‍. ത്രീ സ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക് ഇനിയും ലൈസന്‍സ് നല്‍കുമോയെന്നതില്‍ വ്യക്തമായൊരു മറുപടി എല്‍ ഡി എഫ് നല്‍കുന്നില്ല. അതേസമയം, സാക്ഷരതാ പ്രസ്ഥാനത്തിന്റെ മാതൃകയില്‍ മദ്യവിപത്തിനെതിരെ ക്യാമ്പയിന്‍ നടത്തുമെന്ന എല്‍ ഡി എഫ് വാഗ്ദാനം സ്വാഗതം ചെയ്യപ്പെടേണ്ടതുമാണ്. പ്രത്യേകിച്ച് ബാറുകളില്‍ ബിയറും വൈനും ഇപ്പോഴും വില്‍ക്കുന്ന സാഹചര്യം നിലനില്‍ക്കുമ്പോള്‍. വീര്യം കൂടിയതിനൊപ്പം വീര്യം കുറഞ്ഞ മദ്യവും നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്.

 

 

---- facebook comment plugin here -----

Latest