ആരുടെ അക്കൗണ്ടിലും പെടാത്ത കോഴിക്കോട് സൗത്ത്

Posted on: April 23, 2016 6:00 am | Last updated: April 23, 2016 at 1:11 am

30-1459321066-muneer-wahabസംസംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ വോട്ടര്‍മാരുള്ള മണ്ഡലമായ കോഴിക്കോട് സൗത്തിനൊരു പാരമ്പര്യമുണ്ട്. ആര് കേരളം ഭരിക്കുന്നുവോ ആ മുന്നണിക്ക് പിന്തുണ നല്‍കുന്നയാളായിരിക്കും ജനപ്രതിനിധി. സര്‍ക്കാറിനെ മാറ്റി പരീക്ഷിക്കുന്ന കേരളത്തിന്റെ മനസ് തന്നെയാണ് സൗത്തിന്റേത്. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും മുന്നണിയെ സൗത്തുകാര്‍ മാറ്റിപ്പിടിക്കും. അത് കൊണ്ട് തന്നെ കോഴിക്കോട് സൗത്തിനെ ആര്‍ക്കും സ്വന്തം കണക്കില്‍ പെടുത്താനുമാകില്ല. അത് തന്നെയാണ് നിലവിലുള്ള ജനപ്രതിനിധി മന്ത്രി ഡോ എം കെ മുനീറിനെയും എതിര്‍ സ്ഥാനാര്‍ഥി ഐ എന്‍ എല്ലിലെ പ്രൊഫ എ പി അബ്ദുല്‍ വഹാബിനെയും ആശങ്കയിലാഴ്ത്തുന്നതും.
ചരിത്രം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണിയെങ്കില്‍ ഇക്കുറി ചരിത്രം തിരുത്താന്‍ പൊകുകയാണെന്ന് ഐക്യമുന്നണിയും അവകാശപ്പെടുന്നു. യു ഡി എഫ് സര്‍ക്കാറില്‍ കോഴിക്കോട് ജില്ലക്ക് ഒരു മന്ത്രിയെ മാത്രമെ ലഭിച്ചിട്ടുള്ളൂ. അത് ഡോ എം കെ മുനീറാണ്. അത് കൊണ്ട് തന്നെ മന്ത്രി മത്സരിക്കുന്ന മണ്ഡലമെന്ന പ്രത്യേകത കൂടിയുണ്ട് സൗത്തിന്. മാത്രമല്ല അഞ്ച് വര്‍ഷം സാമൂഹിക നീതി വകുപ്പിന്റെ മന്ത്രി എന്ന നിലയില്‍ ചെയ്ത മികച്ച പ്രവര്‍ത്തനങ്ങള്‍ തന്റെ രക്ഷക്കെത്തുമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു. സൗത്ത് മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളും അദ്ദേഹം അക്കമിട്ട് നിരത്തുന്നു. ഇത്തവണ കോഴിക്കോട് സൗത്ത് മണ്ഡലം വിട്ട് മറ്റേതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കാനാണ് ഡോ എം കെ മുനീര്‍ താത്പ്പര്യം പ്രകടിപ്പിച്ചത്. കഴിഞ്ഞ തവണയും ഡോ എം കെ മുനീര്‍ മത്സരിച്ചത് മനസ്സില്ലാ മനസ്സോടെയായിരുന്നു. ഇത്തവണയും നേരത്തെ തന്നെ സൗത്ത് വേണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും പാര്‍ട്ടി തീരുമാനിച്ചത് സൗത്തില്‍ തന്നെ മത്സരിക്കാനാണ്. ഇതിന് പിന്നില്‍ പാര്‍ട്ടിയിലെ ചിലര്‍ കരുനീക്കം നടത്തിയതായും ചര്‍ച്ചയുണ്ടായിരുന്നു.
പാര്‍ട്ടിയുടെ നിര്‍ദേശം ശിരസാ വഹിച്ച് അദ്ദേഹം പടക്കളത്തിലിറങ്ങി. ഇനി ജയിച്ചു കയറുകയെന്നതാണ് ലക്ഷ്യം.എതിരാളി ഇടത് മുന്നണി സ്ഥാനാര്‍ഥി എ പി അബ്ദുല്‍ വഹാബും പ്രതീക്ഷയില്‍ തന്നെയാണ്. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് കണക്കെടുത്താല്‍ ഭൂരിപക്ഷം എല്‍ ഡി എഫിനാണെന്നത് വിജയ പ്രതീക്ഷനല്‍കുന്നു. 2006ലെ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഐ എന്‍ എല്ലിലെ പി എം എ സലാം മത്സരിച്ച് ജയിച്ച മണ്ഡലം കഴിഞ്ഞ തവണ 1376 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഡോ എം കെ മുനീര്‍ പിടിച്ചെടുത്തത്.
1957 ലും 1960 ലും കോണ്‍ഗ്രസിലെ പി കുമാരനായിരുന്നു വിജയം.1965 ലും 1967 ലും മുസ്‌ലിം ലീഗിലെ പി എം അബൂബക്കര്‍ മത്സരിച്ച് ജയിച്ചു. 1970ല്‍ സ്വതന്ത്രന്‍ കല്‍പ്പള്ളി മാധവന്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 1977,80,82 വര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്റെ ഭാഗമായിരുന്ന അഖിലേന്ത്യാ ലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ച പി എം അബൂബക്കര്‍ വീണ്ടും ജയിച്ചു. 87ല്‍ സി പി എമ്മിലെ സി പി കുഞ്ഞു ജയിച്ചപ്പോള്‍ 91 ല്‍ ജയം യു ഡി എഫിനായിരുന്നു. മുസ്‌ലിം ലീഗിലെ ഡോ എം കെ മുനീറാണ് ജയിച്ചത്. എന്നാല്‍ 1996ല്‍ മണഡലം വീണ്ടും ഇടത്തേക്ക് ചാഞ്ഞു. സി പി എമ്മിലെ എളമരം കരീമിനായിരുന്നു അന്ന് ജയം. 2001ല്‍ മണ്ഡലം വീണ്ടും യു ഡി എഫിനൊപ്പമായി. മുസ്‌ലിം ലീഗിലെ ടി പി എം സാഹിറാണ് അന്ന് തിരഞ്ഞെടുക്കപ്പെട്ടത്. 2006 ല്‍ എല്‍ ഡി എഫിലെ പി എം എ സലാം ജയിച്ച സീറ്റ് 2011ല്‍ യു ഡി എഫ് ഡോ എം കെ മുനീറിലൂടെ പിടിച്ചെടുക്കുകയായിരുന്നു.
തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്ന സ്ഥാനാര്‍ഥിക്ക് വലിയ ഭൂരിപക്ഷമൊന്നും സൗത്ത് നല്‍കാറില്ല. 2006 ല്‍ പി എം എ സലാമിന് 14000 വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയതൊഴിച്ചാല്‍ മറ്റ് തിരഞ്ഞെടുപ്പികളിലെല്ലാം ഈ സ്ഥിതി കാണാവുന്നതാണ്. 2001 ല്‍ ടി പി എം സാഹിറിന്റെത് 787 ഉം. പഴയ കോഴിക്കോട് രണ്ടാം മണ്ഡലമാണ് കോഴിക്കോട് സൗത്തായി മാറിയത്. കോര്‍പറേഷനിലെ 19,22 മുതല്‍ 39 വരെ വാര്‍ഡുകള്‍,54 മുതല്‍ 61 വരെയുള്ള വാര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കോഴിക്കോട് സൗത്ത് മണ്ഡലം.1,45,743 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. ഇതില്‍ സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍,75 615.പുരുഷ വോട്ടര്‍മാരുടെ എണ്ണം 70 128. 1987 ല്‍ കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട ഡോ എം കെ മുനീര്‍ 1991ല്‍ കോഴിക്കോട്ടു നിന്നും 1996ലും 2001 ലും മലപ്പുറത്ത് നിന്നും വിജയിച്ചിട്ടുണ്ട്. 2001 മുതല്‍ 2006 വരെ പൊതുമരാമത്തു വകുപ്പ് മന്ത്രിയും 2011 മുതല്‍ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമാണ് മുനീര്‍.
ഐ എന്‍ എല്‍ സംസ്ഥാന ജന സെക്രട്ടറിയാണ് പ്രൊഫ എ പി അബ്ദുല്‍ വഹാബ്. തിരൂരങ്ങാടി പി എസ് എം ഒ കോളജ് ഇംഗ്ലീഷ് വിഭാഗം മുന്‍ മേധാവി, എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. നിയമസഭയിലേക്ക് മൂന്നാം തവണയാണ് മത്സരിക്കുന്നത്. തിരൂരില്‍ 2001ല്‍ ഇ ടി മുഹമ്മദ് ബഷീറിനോടും 2006ല്‍ മഞ്ചേരിയില്‍ പി കെ അബ്ദുര്‍റബ്ബിനോടും പരാജയപ്പെട്ടു. ഐ എന്‍എല്ലിന് ഇത്തവണ ജയസാധ്യതയുള്ള സീറ്റ് വേണമെന്ന ആവശ്യം പരിഗണിച്ചാണ് ഇടത് മുന്നണി സൗത്ത് മണ്ഡലം അനുവദിച്ചത്.
എന്‍ ഡി എക്ക് വേണ്ടി ബി ജെ ഡി എസ് സ്ഥാനാര്‍ഥിയാണ് മത്സരിക്കുന്നത്. കുറ്റിയില്‍ സതീഷനാണ് സ്ഥാനാര്‍ഥി. എസ് എന്‍ഡി പി ചേവായൂര്‍ ശാഖാ പ്രസിഡന്റാണ്. ജില്ലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലമെന്ന നിലയില്‍ കോഴിക്കോട് സൗത്ത് മണ്ഡലം സംസ്ഥാന ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.പ്രവചനം അസാധ്യമെന്നത് കൊണ്ട് തന്നെ സൗത്തിലെ പോരാട്ടം കൊടും വേനല്‍ചൂടിനെയും വെല്ലുന്ന തരത്തിലാണ്.

കോഴിക്കോട് സൗത്ത്
കോര്‍പറേഷനിലെ 19,22 മുതല്‍ 39 വരെ വാര്‍ഡുകള്‍,54 മുതല്‍ 61 വരെയുള്ള വാര്‍ഡുകള്‍
വോട്ടുരേഖ
2011ലെ നിയമസഭാ തിരഞ്ഞെടുപ്പ്
എം കെ മുനീര്‍ (യു ഡി എഫ്) 47771
സി പി മുസാഫര്‍ അഹമ്മദ് ( എല്‍ ഡി എഫ്)….. 46395
ജയ സദാനന്ദന്‍ ( ബി ജെ പി )……. 7512
ഭൂരിപക്ഷം 1376

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്
(കോഴിക്കോട് സൗത്ത്)
എം കെ രാഘവന്‍ (കോണ്‍ഗ്രസ്) 45128
എം വിജയരാഘവന്‍ (സി പി എം ) 39912
സി കെ പത്മനാഭന്‍ (ബി ജെ പി) 14156
ഭൂരിപക്ഷം 5216

2015ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം
എല്‍ ഡി എഫ് 16 വാര്‍ഡുകള്‍
യു ഡി എഫ് 10 വാര്‍ഡുകള്‍
ബി ജെ പി ഒരു വാര്‍ഡ്