അന്ധരുടെ രാജ്യത്തെ ഒറ്റക്കണ്ണന്‍

Posted on: April 23, 2016 6:00 am | Last updated: April 22, 2016 at 11:20 pm

ഇന്ത്യയുടെ സാമ്പത്തിക രംഗത്തെക്കുറിച്ചു അത്ര ആശാവഹമല്ലാത്ത ചിത്രമാണ് റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. അന്ധരുടെ രാജ്യത്ത് ഒറ്റക്കണ്ണന്‍ രാജാവ ്‌പോലെയാണ് ഇന്ത്യ സാമ്പത്തിക വളര്‍ച്ചയില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നുവെന്ന സര്‍ക്കാര്‍ വൃത്തങ്ങളുടെ അവകാശ വാദം. നാം വളര്‍ന്നു എന്ന പറയണമെങ്കില്‍ ഇനിയും ഏറെ ദൂരം പോകാനുണ്ടെന്ന് ഒരു അമേരിക്കന്‍ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുകയുണ്ടായി. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയുള്‍ക്കൊള്ളുന്ന ബ്രിക്‌സ് രാജ്യങ്ങളില്‍ ഏറ്റവും താണ ആളോഹരി വരുമാനം ഇന്ത്യയിലാണ്. 1960-കളില്‍ ഇന്ത്യന്‍ സമ്പദ്ഘടന ചൈനയുടേതിനേക്കാള്‍ മുകളിലായിരുന്നു. ഇന്ന് ചൈനയുടെ ആളോഹരി വരുമാനം ഇന്ത്യയുടേതിനേക്കാള്‍ വളരെക്കൂടുതല്‍ വരും. ശരാശരി ചൈനക്കാരന്റെ വരുമാനം ശരാശരി ഇന്ത്യക്കാരന്റേതിന്റെ നാലുമടങ്ങാണ്. ഇന്നത്തേത് പോലെയോ ഇതിലും മെച്ചമായോ ഇരുപതുവര്‍ഷമെങ്കിലും വളര്‍ന്നാലേ ഇന്ത്യ നല്ലനിലയില്‍ എത്തിയെന്നു പറയാനും ആഹ്ലാദിക്കാനും കഴിയൂ എന്നും രഘുറാം രാജന്‍ വിലയിരുത്തുന്നു.
ചൈനയെ കടത്തിവെട്ടി ലോകത്തിലെ ഏറ്റവും ത്വരിത വളര്‍ച്ചയുള്ള സമ്പദ്ഘടനയായി മാറിയിരിക്കയാണ് ഇന്ത്യയുടേതെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ അവകാശവാദം. 2004ലെ അവസാന പാദത്തില്‍ 6.9 ശതമാനമായിരുന്ന മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ചാ (ജിഡിപി) നിരക്ക് കഴിഞ്ഞ വര്‍ഷത്തെ അവസാനപാദം 7.4 ശതമാനമായി വളര്‍ന്നുവെന്നും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 113.45 ലക്ഷം കോടി രൂപയായിരുന്ന മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി)നിലവിലെ വില സൂചിക അനുസരിച്ച് 126.54 ലക്ഷം കോടി രൂപയാകുമെന്നും സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് അടുത്തിടെ അവകാശപ്പെട്ടിരുന്നു. ഇതെല്ലാം ഊതിപ്പെരുപ്പിച്ച കണക്കുകളാണെന്നാണ് റിസര്‍വ് ബേങ്ക് ഗവര്‍ണറുടെ പ്രസ്താവന വിളിച്ചോതുന്നത്.
ഇന്ത്യന്‍ സമ്പദ്ഘടനയുടെ പുരോഗതി കാര്‍ഷിക മേഖലയുടെ വളര്‍ച്ചയെ ആശ്രയിച്ചാണ്. രാജ്യത്തെ കാര്‍ഷിക, ഗ്രാമീണ മേഖല ഇപ്പോള്‍ മുരടിപ്പിലാണ്. ഇത് പ്രതീക്ഷിത സാമ്പത്തിക വളര്‍ച്ച നേടുന്നതിന് വിഘാതമാകുമെന്ന്, സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ ആരാഞ്ഞ് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യവസായ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിദ്ഗധര്‍ ചൂണ്ടിക്കാട്ടിയതാണ്. 2014 ഏപ്രില്‍ മുതല്‍ 2015 ഫെബ്രുവരി വരെയുള്ള കാലയളവില്‍ കാര്‍ഷികോത്പന്ന കയറ്റുമതി നാല് ശതമാനമാണ് ഇടിഞ്ഞത്. ഇക്കാലയളവല്‍ ഗ്രാമീണ മേഖലയിലെ കൂലിയിലുണ്ടായ വര്‍ധന 4.6 ശതമാനം മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇത് പന്ത്രണ്ട് ശതമാനമായിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച എട്ട് ശതമാനം സാമ്പത്തിക വളര്‍ച്ച നേടണമെങ്കില്‍ കാര്‍ഷിക മേഖല നാലു ശതമാനമെങ്കിലും വളരണം. ഇന്നത്തെ നിലയില്‍ ഇത് പ്രയാസമാണ്. രാജ്യത്തെ നൂറ്റി ഇരുപത്തിയഞ്ച് കോടി ജനതയില്‍ പകുതിയിലേറെ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടാണ് ഉപജീവനം കണ്ടെത്തുന്നതെങ്കിലും സമ്പദ് വ്യവസ്ഥയില്‍ കൃഷിയുടെ സംഭാവന പതിനഞ്ച് ശതമാനം മാത്രമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.2008ല്‍ 38 ശതമാനമായിരുന്ന നിക്ഷേപനിരക്ക് ഇപ്പോള്‍ 30 ശതമാനത്തില്‍ താഴെയാണ്. 2008ല്‍ 2.8 ശതമാനമായി കുറഞ്ഞ ധനകാര്യ കമ്മി 5.7 ശതമാനമായി വര്‍ധിച്ചിരിക്കുന്നു. സംസ്ഥാനങ്ങളുടെ കമ്മിയും കൂടി ചേര്‍ത്താല്‍ രാജ്യത്തിന്റെ മൊത്തം ധനകാര്യ കമ്മി ജി ഡി പിയുടെ ഒമ്പത് ശതമാനത്തോളം വരും. പിന്നെയെവിടെയാണ് സര്‍ക്കാര്‍ അവകാശപ്പെടുന്ന സാമ്പത്തിക മുന്നേറ്റം.
അല്ലെങ്കിലും സര്‍ക്കാര്‍ നിരത്തുന്ന വളര്‍ച്ചയുടെ നിരക്ക് ഏതാനും സമ്പന്നരെ ചുറ്റിപ്പറ്റിയുള്ളതാണ്. ഗ്ലോബല്‍ വെല്‍ത്ത് രണ്ട് മാസം മുമ്പ് പുറത്ത് വിട്ട കണക്കനുസരിച്ചു രാജ്യത്തെ അതിസമ്പന്നരായ നുറ് പേരുടെ കൈവശമുള്ള സ്വത്ത്‌സാധാരണക്കാരായ 87 കോടി ആളുകളുടേതിന് തുല്യമാണ്. ഇതില്‍ മുകേഷ് അംബാനിയുടെ മാത്രം സ്വത്ത് കണക്കാക്കിയാല്‍ ജനസംഖ്യയുടെ 25 ശതമാനം പേരുടേതിനേക്കാള്‍ കൂടുതല്‍ വരുമത്രേ.വികസനം മേല്‍ത്തട്ടില്‍ ഒതുങ്ങിനില്‍ക്കുകയാണെന്ന് സാരം. സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും ഒഴുകിയെത്തുന്ന, എല്ലാവരെയും ഗുണഭോക്താക്കളാക്കി മാറ്റുന്ന ആസൂത്രണവും സാമ്പത്തികവളര്‍ച്ചയുമാണ് ശരിയായ അര്‍ഥത്തില്‍ ഒരു രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച. സാമ്പത്തിക വളര്‍ച്ചയുടെയും ആഭ്യന്തര ഉത്പാദനക്ഷമതയുടെയുമൊക്കെ നിരക്കും കണക്കും ഊതിപ്പെരുപ്പിച്ചും നിരന്തരം ആവര്‍ത്തിച്ചും അഭിമാനം കൊള്ളുന്നവര്‍ ഈ വസ്തുത സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്. ആണവശേഷിയില്‍ ഊറ്റംകൊള്ളാനായത് കൊണ്ടോ ആകാശത്തിന്റെ അനന്തതയിലേക്ക് പര്യവേക്ഷണ സംഘത്തെ അയച്ചതുകൊണ്ടോ വികസനം വികസനമാകുന്നില്ല. ദാരിദ്ര്യ നിര്‍മാര്‍ജനം, സമൂഹത്തിന്റെ താഴേതട്ടിലുള്ളവരുടെ മുന്നേറ്റം, പോഷകാഹാര ലഭ്യത, ആയുര്‍ദൈര്‍ഘ്യം തുടങ്ങിയ സാമൂഹിക സൂചികകള്‍കൂടി ഉയരുമ്പോഴേ സാമ്പത്തികവളര്‍ച്ച പൂര്‍ണമാകുകയുള്ളൂ. 20 വര്‍ഷംകൂടി വളര്‍ന്നാല്‍ ശരാശരി ഇന്ത്യക്കാരന് അന്തസ്സായ ജീവിതനിലവാരം കൈവരിക്കാനാകുമെന്ന് റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ മേല്‍പ്രസ്താവനയില്‍ പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്. ഇന്നത്തെ നിലയിലാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ ഇതും ദിവാസ്വപ്‌നാകാനാണ് സാധ്യത.