ഫുഡ് ഫെസ്റ്റിവലിന് എത്തിയത് രണ്ടു ലക്ഷം പേര്‍

Posted on: April 22, 2016 9:12 pm | Last updated: April 26, 2016 at 11:42 pm

food festivalദോഹ: ഈ വര്‍ഷത്തെ രാജ്യാന്തര ഫുഡ് ഫെസ്റ്റിവല്‍ രണ്ടു ലക്ഷം പേര്‍ സന്ദര്‍ശിച്ചു. പങ്കെടുത്തവരില്‍ 80 ശതമാനം പേരും മേളയുടെ പരിപാടികളിലും പ്രദര്‍ശനങ്ങളിലും സംതൃപ്തി രേഖപ്പെടുത്തിയതായി ഖത്വര്‍ ടൂറിസം അതോറിറ്റി വ്യക്തമാക്കി. സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി അതോറിറ്റി സംഘടനപ്പിക്കുന്ന പ്രധാന വാര്‍ഷിക പരിപാടികളിലൊന്നാണ് ഫുഡ് ഫെസ്റ്റിവല്‍.
ഏഴാമത് ഭക്ഷ്യമേളയാണ് ദിവസങ്ങള്‍ക്കു മുമ്പ് സമാപിച്ചത്. അതോറിറ്റിക്കൊപ്പം സഹകരിച്ച കമ്പനികള്‍, സ്‌പോണ്‍സേഴ്‌സ്, വളണ്ടിയര്‍മാര്‍ തുടങ്ങി കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമായിരുന്നു മേളയെന്ന് ഖത്വര്‍ ടൂറിസം അതോറിറ്റി ഫെസ്റ്റിവല്‍ ആന്‍ഡ് ഇവന്റ്‌സ് ഡയറക്ടര്‍ മശാല്‍ ശഹ്ബിക് പറഞ്ഞു. കഴിഞ്ഞ വര്‍ഷം 170,000 സന്ദര്‍ശകരാണ് എത്തിയത്. ഇത്തവണ രണ്ടു ലക്ഷം പേരെത്തി. ഖത്വര്‍ എയര്‍വേയ്‌സ് കുക്കിംഗ് തിയറ്റര്‍ ഒരുക്കിയ കുക്കിംഗ് പ്രദര്‍ശനം, എല്ലാപ്രായത്തിലുമുള്ളവര്‍ക്കു വേണ്ടിയുള്ള വിനോദ പരിപാടികള്‍, ഖത്വര്‍-ചൈന സാംസ്‌കാരിക വര്‍ഷത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക പരിപാടികള്‍, ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രതിദിന സിനിമാപ്രദര്‍ശനം, കരിമരുന്നു പ്രദര്‍ശനം തുടങ്ങിയവ മേളയിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിച്ചു.
സന്ദര്‍ശകരില്‍ 30 ശതമാനം കുടുംബങ്ങളായിരുന്നു. 22 ശതമാനം ദമ്പതികളും 44 ശതമാനം ഗ്രൂപ്പുകളുമായിരുന്നു. 77 ശതമാനം സന്ദര്‍ശകരും മേളയെക്കുറിച്ചറിഞ്ഞത് സോഷ്യല്‍ മീഡിയയില്‍ നിന്നും നേരിട്ട് ആളുകളില്‍നിന്ന് കേട്ടുമാണ്. മൂന്നു വേദികളിലായി നടന്ന മേളയിലെ സന്ദര്‍ശകരില്‍ 69 ശതമാനം പേരും മൂന്നു മണിക്കൂറെങ്കിലും മേളയില്‍ തങ്ങി. ഇസ്‌ലാമിക് ആര്‍ട്ട് മ്യൂസിയമായിരുന്നു പ്രധാനവേദി. കതാറ വില്ലേജ്, പേള്‍ ഖത്വര്‍ എന്നിവിടങ്ങളിലായിരുന്നു മറ്റു വേദികള്‍. ഈ വര്‍ഷത്തെ വിജയത്തില്‍നിന്നും സന്ദര്‍ശകരുടെ അഭിപ്രായവും പരിഗണിച്ച് അടുത്ത വര്‍ഷം മേള കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.