മലയാളി നെഴ്‌സിന്റെ കൊലപാതകം: ഞെട്ടല്‍ മാറാതെ സലാല

Posted on: April 22, 2016 2:42 pm | Last updated: April 22, 2016 at 2:42 pm
SHARE

chikkuമസ്‌കത്ത്:മോഷ്ടാക്കളുടെ കുത്തേറ്റു സാലലയില്‍ മലയാളി നെഴ്‌സ് മരിക്കാനിടയായ സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് മോചിതരാകാന്‍ പ്രയാസപ്പെടുകയാണ് സലാലയിലെ വിദേശികളും സ്വദേശികളും. ബുധനാഴ്ച്ച രാത്രിയോടെ തന്നെ കൊലപാതക വാര്‍ത്ത പ്രചരിച്ചിരുന്നു.
ക്രൂരമായി മര്‍ദിച്ചതിന് ശേഷം നടന്ന കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങള്‍ പ്രദേശത്ത് താമസിക്കുന്നവരില്‍ ഭീതിയുണ്ടാക്കി. ചെവി അറുത്ത് ആഭരണങ്ങള്‍ കവര്‍ന്ന നിലയിലായിരുന്നു ചിക്കു റോബര്‍ട്ടിനെ കാണപ്പെട്ടത്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും മാരക മുറിവുകള്‍ ഉണ്ടായിരുന്നു. പ്രതിരോധിക്കാനള്ള ശ്രമത്തിനിടെ കൂടുതല്‍ ഭാഗങ്ങളില്‍ മുറിവ് ഏല്‍ക്കുകയായിരുന്നു. കുത്തേറ്റ് രക്തം വാര്‍ന്നാണ് മരിച്ചതാണെന്ന് കരുതുന്നു. ചിക്കു റോബര്‍ട്ട് അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു.
രാത്രി 10 മണിയോടെയാണ് സലാല ടൗണിലെ താമസസ്ഥലത്ത് ഭര്‍ത്താവാണ് ചിക്കുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബദര്‍ അല്‍ സമ ഹോസ്പിറ്റലിലെ സ്റ്റാഫ് നെഴ്‌സായ ഇവര്‍ 10 മണിക്ക് ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന്, ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ലിന്‍സണ്‍ അന്വേഷിച്ച് ചെല്ലുമ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന ചിക്കുവിനെ കാണുന്നത്.
നാല് വര്‍ഷമായി ഇവര്‍ സലാലയില്‍ ജോലി ചെയ്ത് വരികയാണ്. ചങ്ങനാശ്ശേരി സ്വദേശിയാണ് ഭര്‍ത്താവ് ലിന്‍സന്‍. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്്. വിദേശികളടക്കമുള്ളവര്‍ താമസിച്ചിരുന്ന കെട്ടിടത്തിലാണ് ഇവരും താമസിച്ചിരുന്നത്്. എന്നാല്‍, അന്വേഷണം ഏത് രീതിയില്‍ ആണ് പുരോഗമിക്കുന്നത് എന്നതിനെ സംബന്ധിച്ചോ മറ്റോ പോലീസ് സൂചന നല്‍കിയിട്ടില്ല.
കഴിഞ്ഞ വര്‍ഷം സലാലയില്‍ കെട്ടടിടത്തില്‍ നിന്ന് താഴെ വീണ് മലയാളി മരിച്ചിരുന്നു. അക്രമികളില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മോഷണങ്ങള്‍ പ്രദേശത്ത് പലപ്പോഴായി സംഭവിച്ചിട്ടുണ്ടെങ്കിലും മോഷണത്തിനിടെ കൊലപാതകം ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.