പൊലിമയോടെ പൂരം പൂത്തിറങ്ങി

Posted on: April 18, 2016 9:51 am | Last updated: April 18, 2016 at 9:51 am

THRISSUR POORAMതൃശൂര്‍:പരന്നൊഴുകിയ പൂര പ്രേമികളുടെ നിറസാന്നിധ്യത്തില്‍ തൃശൂരില്‍ പൂരാവേശം കൊട്ടിക്കയറി. സാംസ്‌കാരിക തലസ്ഥാനത്ത് വാദ്യമേളങ്ങളുടെ മാസ്മരിക പ്രപഞ്ചം സൃഷ്ടിച്ച് ഘടക പൂരങ്ങള്‍ വടക്കുംനാഥ സന്നിധിയിലെത്തിയതോടെ എല്ലാ കര്‍ണപുടങ്ങളും നാദ വിസ്മയത്തില്‍ അലിഞ്ഞുചേര്‍ന്നു. നയനങ്ങളെല്ലാം ഇമ വെട്ടാതെ വര്‍ണക്കാഴ്ചകള്‍ക്ക് സാക്ഷ്യം വഹിച്ചു. മീനച്ചൂട് പോലും വകവെക്കാതെയെത്തിയ സ്വദേശികളും വിദേശികളും ഉള്‍പ്പെടുന്ന വന്‍ ജനപ്രവാഹത്തെ നിയന്ത്രിക്കുന്നതിന് 3000 നിയമപാലകരെയാണ് നഗരത്തില്‍ വിന്യസിച്ചിരുന്നത്.—
കണിമംഗലം ശാസ്താവ് ഘടകപൂരങ്ങളുമായി രാവിലെ തന്നെ വടക്കുംനാഥ സന്നിധിയിലേക്ക് എഴുന്നള്ളി. ഉച്ചക്ക് 11.30 ഓടെ മഠത്തില്‍വരവ് പഞ്ചവാദ്യവും അരങ്ങേറി. പാറമേക്കാവ് വിഭാഗത്തിന് ചേറ്റാനിക്കര വിജയനും തിരുവമ്പാടിക്ക് വേണ്ടി അന്നമനട പരമേശ്വരന്‍ മാരാരുമാണ് വാദ്യഘോഷത്തിന് നേതൃത്വം നല്‍കിയത്. ഉച്ചക്ക് 2.30ന് ഇലഞ്ഞിത്തറ മേളം ആരംഭിച്ചു. പെരുവനം കുട്ടന്‍ മാരാരുടെ പ്രാമാണിത്വത്തില്‍ മുന്നൂറോളം കലാകാരന്മാരാണ് ഇലഞ്ഞിത്തറമേളം കൊട്ടിത്തകര്‍ത്തത്. ഇതിന് മുന്നോടിയായി പാറമേക്കാവ് ദേവിയുടെ എഴുന്നള്ളിപ്പും നടന്നിരുന്നു.
വൈകുന്നേരം പാറമേക്കാവ് ഭഗവതി തെക്കേഗോപുര നടയിറങ്ങുമ്പോഴേക്കും തെക്കേചെരിവ് ജനസാഗരമായി. പൂരം എഴുന്നള്ളിപ്പില്‍ തിരുവമ്പാടിക്ക് ശിവസുന്ദറും പാറമേക്കാവിന് ശ്രീപത്മനാഭനും തിടമ്പേറ്റി. അഞ്ച് മണിയോടെ വിസ്മയ വര്‍ണപ്പകര്‍ച്ചകളോടെ കുടമാറ്റം ആരംഭിച്ചു. തെക്കേഗോപുര നടയില്‍ തിരുവമ്പാടി വിഭാഗവും പാറമേക്കാവ് വിഭാഗവും 15 വീതം ആനകളെ അണിനിരത്തി വര്‍ണക്കുടകള്‍ ഉയര്‍ത്തിയതോടെ ജനം ആവേശക്കൊടുമുടിയിലാണ്ടു.ആദ്യം തിരുവമ്പാടി വിഭാഗമാണ് അലങ്കാര കുടകള്‍ വാനിലേക്ക് ഉയര്‍ത്തി കുടമാറ്റ മത്സരത്തിന് തുടക്കമിട്ടത്. രണ്ടും മൂന്നും നിലകളുള്ള കുടകളും എല്‍ ഇ ഡി കുടകളും ആകര്‍ഷകമായി. പിന്നീട് നടന്ന ചെറിയ വെടിക്കെട്ടോടെ പകല്‍ പൂരത്തിന് തിരശ്ശീല വീണു. രാത്രി ചെറുപൂരങ്ങള്‍ വീണ്ടും വടക്കുംനാഥനിലെത്തി. പുലര്‍ച്ചെ മൂന്നിന് പാറമേക്കാവ്- തിരുവമ്പാടി വിഭാഗങ്ങള്‍ മത്സരിച്ച് വെടിക്കെട്ട് നടത്തിയതോടെ പൂരത്തിന്റെ പ്രധാന ചടങ്ങുകള്‍ സമാപിച്ചു.
കൊല്ലം പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയായിരുന്നു വെടിക്കെട്ട് നടന്നത്. കരിമരുന്ന് നിര്‍മാണത്തില്‍ നിരോധിത രാസവസ്തുക്കള്‍ ഒന്നും തന്നെ ഉപയോഗിച്ചിരുന്നില്ല. ഇരു ദേവസ്വങ്ങളും 2000 കിലോ വീതം കരിമരുന്നുകള്‍ പ്രയോഗിച്ചു. എല്ലാം ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലായിരുന്നു.
ഇന്ന് നടക്കുന്ന പകല്‍ പൂരത്തിന് ശേഷം വടക്കുംനാഥന്റെ ശ്രീമൂലസ്ഥാനത്ത് ഇരുവിഭാഗങ്ങളും സംഗമിച്ച് ഉപചാരം ചൊല്ലി പിരിയുന്നതോടെ ഈ വര്‍ഷത്തെ തൃശൂര്‍ പൂരത്തിന് സമാപ്തിയാകും.