പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ആശ്വാസകരമായിരുന്നെന്ന് മുഖ്യമന്ത്രി

Posted on: April 15, 2016 3:06 pm | Last updated: April 16, 2016 at 9:28 am
SHARE

MODI PARAVOORകൊല്ലം: പറവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവരുടെ സന്ദര്‍ശനം ആശ്വാസകരമായിരുന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡി.ജി.പിയുടെ പരാമര്‍ശം വളച്ചൊടിക്കേണ്ട കാര്യമില്ല. പ്രധാനമന്ത്രി അടക്കമുള്ളവര്‍ എത്തിയപ്പോള്‍ ഉണ്ടായ സുരക്ഷാ പ്രശ്‌നങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ദേശീയ നേതാക്കളുടെ സന്ദര്‍ശനവും ഉപദേശവും കേരളത്തിന് ഗുണം ചെയ്തു. ദുരന്തമേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ രാവിലെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. രാവിലെ ആറു മണിക്ക് ശേഷം വിദഗ്ധ ചികിത്സ നല്‍കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

പ്രധാനമന്ത്രിയും കോണ്‍ഗ്രസ് ഉപാധ്യക്ഷനും പരവൂരില്‍ എത്തിയതില്‍ യാതൊരു അപാകതയുമില്ല. തിരക്കിട്ട രക്ഷാപ്രവര്‍ത്തനമാണ് പരവൂരില്‍ പൊലീസ് നടത്തിയത്. എന്നാല്‍, വി.വി.ഐ.പികളുടെ സന്ദര്‍ശനം രക്ഷാപ്രവര്‍ത്തനത്തെ ഒരു തരത്തിലും ബാധിച്ചില്ലെന്നും ആഭ്യന്തര രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. വെടിക്കെട്ട് ദുരന്തത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് ഉപാധ്യക്ഷനും സന്ദര്‍ശനം നടത്തുന്നതിനെ എതിര്‍ത്തിരുന്നുവെന്ന് ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.
അപകട ദിവസം പരവൂര്‍ സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ എതിര്‍ത്തിരുന്നതായാണ് സെന്‍കുമാര്‍ പറഞ്ഞത്. സന്ദര്‍ശനം അടുത്ത ദിവസത്തേക്ക് മാറ്റാന്‍ അഭ്യര്‍ഥിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും സുരക്ഷ ഒരുക്കേണ്ടി വന്നുവെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഡിജിപി സെന്‍കുമാര്‍ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here