Connect with us

National

ഇന്ത്യ- യു എസ് സൈനിക സഹകരണത്തിന് ധാരണ

Published

|

Last Updated

ന്യൂഡല്‍ഹി:സൈനിക താവളങ്ങള്‍ പരസ്പരം പങ്കുവെക്കുന്നതുള്‍പ്പെടെ സൈനിക മേഖലയിലെ തന്ത്രപ്രധാനമായ സഹകരണത്തിന് ഇന്ത്യ- യു എസ് ധാരണ. യു എസ് പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടറാണ് ഇതുസംബന്ധിച്ച് വ്യക്തമാക്കിയത്. ഇന്ത്യന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ഇതുസംബന്ധിച്ച കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടില്ലെന്നും കൂടുതല്‍ സഹകരണ നടപടികളിലേക്ക് ഉടന്‍ കടക്കുമെന്നും അദ്ദേഹം അറിയിച്ചു. കരാര്‍ നിലവില്‍ വന്നാല്‍ സൈനിക വിമാനങ്ങള്‍, കപ്പലുകള്‍ എന്നിവയുടെ അറ്റകുറ്റപ്പണി, സൈനികര്‍ക്കുള്ള വിശ്രമം, സൈനികോപകരണങ്ങളുടെ വിതരണം തുടങ്ങിയവക്ക് ഇന്ത്യന്‍ സൈനിക താവളങ്ങള്‍ ഉപയോഗപ്പെടുത്താന്‍ യു എസിന് സാധിക്കും.

കരാറോടെ ഏഷ്യയില്‍ യു എസിന്റെ നിയന്ത്രണം കൂടുതല്‍ വിപുലമാകും. നിലവില്‍ പാക്കിസ്ഥാന്‍, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുമായി യു എസ് ഈ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. തന്ത്രപ്രധാനമായ സൈനിക മേഖലകളില്‍ സൈ്വര്യസഞ്ചാരം അനുവദിച്ചാല്‍ അത് ഭാവിയില്‍ മറ്റുപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. യു എസിന് സൈനിക സ്വാതന്ത്ര്യം അനുവദിച്ച രാജ്യങ്ങള്‍ ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന യാഥാര്‍ഥ്യം നിലനില്‍ക്കെയാണ് നരേന്ദ്ര മോദി സര്‍ക്കാറിന്റെ പുതിയ നീക്കം.

എന്നാല്‍, ശത്രുരാജ്യമായ പാക്കിസ്ഥാനുമായി നല്ലബന്ധത്തിലാണ് ചൈനയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ അമേരിക്കയുമായി സൈനിക സഹകരണത്തിന് തയ്യാറെടുക്കുന്നത്. ഇരു രാജ്യങ്ങളുടെയും കര, വ്യോമ, നാവിക സേന താവളങ്ങള്‍ പരസ്പരം പങ്കുവെക്കുന്നതു സംബന്ധിച്ച് കരാറില്‍ ഒപ്പുവെക്കണമെന്ന് അമേരിക്ക ഏറെ നാളായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ ഇന്ത്യ ഇതുവരെ അനുകൂലമായി നിലപാട് സ്വീകരിച്ചിരുന്നില്ല. ലോകത്തെ മികച്ച സൈനിക ശക്തികളിലൊന്നായ ഇന്ത്യ ഇത്തരമൊരു നിലപാടിലേക്ക് പെടുന്നനെ എടുത്തുചാടുന്നത് ശരിയല്ലെന്നായിരുന്നു രാഷ്ട്രീയ തീരുമാനം.

ദക്ഷിണ ചൈന സമുദ്രത്തിലെയും ഇന്ത്യന്‍ മഹാസമുദ്രത്തിലെയും ചൈനീസ് കടന്നുകയറ്റം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിലപാട് മയപ്പെടുത്താന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് അറിയുന്നത്.