ദുരന്ത സ്ഥലത്ത് നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയുമെത്തി

Posted on: April 11, 2016 8:22 am | Last updated: April 11, 2016 at 8:22 am

modiകൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും അപകട സ്ഥലം സന്ദര്‍ശിച്ചു. തിരുവനന്തപുരത്ത് വിമാനത്തില്‍ വന്നിറങ്ങിയ മോദി വ്യോമസേനയുടെ പ്രത്യേക ഹെലികോപ്ടറിലാണ് കൊല്ലത്തെ ആശ്രാമം മൈതാനത്ത് എത്തിയത്. ഡല്‍ഹി ആള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ നാല് ഡോക്ടര്‍മാരടങ്ങുന്ന വിദഗ്ധ സംഘവും മോദിക്കൊപ്പം ഇവിടെയത്തെി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍ എന്നിവര്‍ ചേര്‍ന്ന് മോദിയെ സ്വീകരിച്ചു. കൊല്ലത്തത്തെിയ മോദി ദുരന്തസ്ഥലത്തേക്കാണ് ആദ്യം പോയത്. സംഭവത്തില്‍ പ്രധാനമന്ത്രി ദു:ഖം രേഖപ്പെടുത്തിയതായി രമേശ് ചെന്നിത്തല പറഞ്ഞു. ക്ഷേത്രത്തിന്റെ പാരമ്പര്യത്തെ കുറിച്ചും മോദി ചെന്നിത്തലയോട് ചോദിച്ചറിഞ്ഞു. മരിച്ചവരില്‍ തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ ഉണ്ടെങ്കില്‍ അവ തിരിച്ചറിയുന്നതിന് ഡി എന്‍ എ പരിശോധന നടത്താന്‍ മോദി നിര്‍ദ്ദേശിച്ചു. തനിക്കൊപ്പമുള്ള മെഡിക്കല്‍ സംഘം ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പരുക്കേറ്റവര്‍ക്ക് എല്ലാവിധ സഹായങ്ങളും ഏര്‍പ്പെടുത്താനും അദ്ദേഹം നിര്‍ദ്ദേശിച്ചു. ജനറല്‍ ആശുപത്രിയില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമൊപ്പം കൊല്ലം ആശ്രാമം റെസ്റ്റ് ഹൗസില്‍ പ്രധാനമന്ത്രി കൂടികാഴ്ച നടത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലും മോദി സന്ദര്‍ശനം നടത്തി.