വോട്ടൊഴുക്ക് മാറ്റുമോ ‘ശോഭന’ മോഹങ്ങള്‍..?

Posted on: April 7, 2016 6:00 am | Last updated: April 7, 2016 at 12:44 am
SHARE

shobhana-george-ആലപ്പുഴ: ആലപ്പുഴയില്‍ ചെങ്ങന്നൂര്‍, അമ്പലപ്പുഴ എന്നീ മണ്ഡലങ്ങളിലാണ് വിമത ശല്യം. ചെങ്ങന്നൂരില്‍ മുന്‍ എം എല്‍ എയും കോണ്‍ഗ്രസ് നേതാവുമായ ശോഭനാ ജോര്‍ജാണ് സ്ഥാനാര്‍ഥിയായി രംഗത്തെത്തിയത്. ഇതിന്റെ മുന്നോടിയായി ശോഭനാ ജോര്‍ജ് കോണ്‍ഗ്രസ് വിടുകയും ചെയ്തു. ചെങ്ങന്നൂര്‍ സീറ്റിനായി ശോഭനാ ജോര്‍ജ് ശ്രമം നടത്തിയെങ്കിലും സിറ്റിംഗം എം എല്‍ എ. പി സി വിഷ്ണുനാഥിന് സീറ്റ് നിഷേധിക്കാനോ മറ്റേതെങ്കിലും മണ്ഡലത്തിലേക്ക് മാറ്റാനോ കോണ്‍ഗ്രസ് തയ്യാറാകാതായതോടെ ശോഭനയുടെ മോഹം നടപ്പായില്ല. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതോടെ പാര്‍ട്ടി വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെങ്ങന്നൂരില്‍ മത്സര രംഗത്തിറങ്ങുകയുമായിരുന്നു.
സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായ ശോഭന വളരെ മുമ്പ് തന്നെ മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അണിയറ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയുമായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുകയും ഒരു പഞ്ചായത്തിന്റെ ഭരണം ലഭിക്കുകയും ചെയ്ത മണ്ഡലത്തില്‍ വിഷ്ണുനാഥിനേക്കാള്‍ അനുയോജ്യന്‍ താന്‍ തന്നെയാണെന്നും ക്രൈസ്തവ, ന്യൂനപക്ഷ വോട്ടുകള്‍ ഏകോപിപ്പിച്ച് വിജയം ഉറപ്പാക്കാന്‍ കഴിയുമെന്നും ശോഭന പറയുന്നു. വിഷ്ണുനാഥിനെതിരെ എല്‍ ഡി എഫ് രംഗത്തിറക്കിയിരിക്കുന്നത് കെ കെ രാമചന്ദ്രന്‍നായരെയും ബി ജെ പി രംഗത്തിറക്കിയിരിക്കുന്നത് അഡ്വ. പി എസ് ശ്രീധരന്‍പിള്ളയെയുമാണ്. ശോഭന നേരത്തെ രണ്ട് തവണ ഇവിടെ എം എല്‍ എയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
അമ്പലപ്പുഴയില്‍ യുവ കോണ്‍ഗ്രസ് നേതാവ് അഡ്വ. നാസര്‍ എം പൈങ്ങാമഠമാണ് യു ഡി എഫ് സ്ഥാനാര്‍ഥിക്ക് വിമതനായി മത്സര രംഗത്തുള്ളത്. ജെ ഡി യുവിലെ ഷേഖ് പി ഹാരിസ് ആണ് ഇവിടെ യു ഡി എഫ് സ്ഥാനാര്‍ഥി. ഒരു ബൂത്ത് കമ്മിറ്റി പോലുമില്ലാത്ത ജെ ഡി യുവിന് അമ്പലപ്പുഴ സീറ്റ് ദാനം ചെയ്ത കോണ്‍ഗ്രസ് നടപടിക്കെതിരെ പാര്‍ട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും കടുത്ത എതിര്‍പ്പാണുയര്‍ന്നത്. ഇത് മുതലെടുത്താണ് അഡ്വ നാസര്‍ എം പൈങ്ങാമഠം ഇവടെ വിമത സ്ഥാനാര്‍ഥിയായി രംഗപ്രവേശം ചെയ്തത്.
വിവിധ ട്രേഡ് യൂനിയന്‍ സംഘടനകളുടെ ഭാരവാഹിത്വമുള്ള അഡ്വ. നാസര്‍ എം പൈങ്ങാമഠം മുമ്പ് അമ്പലപ്പുഴ ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചിട്ടുണ്ട്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ നിന്ന് മത്സരിക്കുന്നതിനായി ജലഗതാഗത വകുപ്പിലെ ജോലി നാസര്‍ രാജി വെച്ചിരുന്നു. സീറ്റ് കിട്ടാതിരുന്നതിനെ തുടര്‍ന്ന് വിമത സ്ഥാനാര്‍ഥിയാകാന്‍ തയ്യാറെടുത്ത നാസറിനെ ഒടുവില്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് അനുനയിപ്പിക്കുകയും മത്സര രംഗത്ത് നിന്ന് പിന്മാറ്റുകയുമായിരുന്നു.