കെട്ടിട വാടകയില്‍ ദുബൈയില്‍ അഞ്ചു ശതമാനം കുറവ്

Posted on: April 6, 2016 3:21 pm | Last updated: April 7, 2016 at 6:43 pm

DUBAI RENTദുബൈ:കെട്ടിട വാടകയില്‍ ദുബൈയില്‍ അഞ്ചു ശതമാനത്തിന്റെ കുറവുണ്ടായതായി അധികൃതര്‍ വ്യക്തമാക്കി. വര്‍ഷത്തിന്റെ ആദ്യമാസങ്ങളിലാണ് വാടകയില്‍ കുറവുണ്ടായിരിക്കുന്നത്. ഫെബ്രുവരിയിലാണ് അഞ്ചു ശതമാനത്തിലധികം വാടക കുറഞ്ഞത്. അപാര്‍ട്‌മെന്റുകള്‍ക്കും വില്ലകള്‍ക്കുമാണ് അഞ്ചു ശതമാനത്തോളം വാടക കുറഞ്ഞതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മാസവുമായി താരതമ്യപ്പെടുത്തുമ്പോഴാണ് വാടകയില്‍ കുറവുണ്ടായിരിക്കുന്നത്. ഫഌറ്റുകള്‍ക്ക് 5.4 ശതമാനവും വില്ലകള്‍ക്ക് 5.7 ശതമാനവുമാണ് കുറവ് രേഖപ്പെടുത്തിയത്. റിയല്‍ എസ്റ്റേറ്റ് രംഗത്തെ സ്പന്ദനങ്ങള്‍ നിരീക്ഷിക്കുന്ന റെയ്ഡിനാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അബുദാബിയില്‍ വാടക സൂചികയില്‍ 1.1 ശതമാനം വര്‍ധനവാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. 65.8 ഉണ്ടായിരുന്ന വാടക സൂചിക 66.9 ആയി ഉയര്‍ന്നു.

മേഖലയില്‍ എണ്ണ വിലയിടിവിനെ തുടര്‍ന്ന് വാടകയില്‍ കുറവുണ്ടാവുമ്പോഴും എണ്ണയെ ആശ്രയിച്ച് സാമ്പത്തിക ക്രമം ചിട്ടപ്പെടുത്തുന്ന അബുദാബിയില്‍ വാടകയില്‍ വര്‍ധനവ് സംഭവിച്ചിരിക്കുന്നത് മേഖലയുടെ സമ്പദ്‌വ്യവസ്ഥക്ക് ശുഭസൂചനയാണ് നല്‍കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. അധികം വൈകാതെ എണ്ണ വില ഉയര്‍ന്നേക്കാമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. ഓരോ വര്‍ഷത്തിലും 0.9 ശതമാനത്തോളം വളര്‍ച്ചയാണ് അബുദാബിയിലെ റിയല്‍ എസ്‌റ്റേറ്റ് മേഖല കൈവരിക്കുന്നത്. എന്നാല്‍ രാജ്യം വളര്‍ച്ച പ്രകടമാക്കുന്ന ഒരു ക്രമത്തിലേക്ക് പെട്ടെന്ന് പ്രവേശിക്കാന്‍ സാധ്യത കുറവാണെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.
യു എ ഇയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സാമ്പത്തിക രംഗത്തെ സ്ഥാപനമായ സാവില്‍സിന്റെ ഭാഗമായ കോര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരമാണിത്. രാജ്യത്ത് ഈ വര്‍ഷം രണ്ട് മുതല്‍ മൂന്നു ശതമാനം വരെ കുറവാണ് വാടകയില്‍ സംഭവിക്കുകയെന്ന് നാഷ്ണല്‍ ബേങ്ക് ഓഫ് അബുദാബിയുടെ സാമ്പത്തിക വിദഗ്ധനായ അല്‍പ് എക്കേ അഭിപ്രായപ്പെട്ടു.