Connect with us

Kerala

പാലക്കാട്ടെ ചൂട് ആര്‍ക്ക് കുളിരാകും

Published

|

Last Updated

പാലക്കാട് നിയോജകമണ്ഡലത്തില്‍ മൂന്ന് മുന്നണിക്കും ഒരു പോലെ ജീവമരണപോരാട്ടമാണ്. മണ്ഡലം നിലനിര്‍ത്താനായി യു ഡി എഫ് ശ്രമിക്കുമ്പോള്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി പിടിച്ചെടുക്കുന്നതിന് സി പി എമ്മും ബി ജെ പിയും ഒരു പോലെ പോരാട്ടം നടത്തുന്ന മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. യു ഡി എഫ് സ്ഥാനാര്‍ഥിയായ സിറ്റിംഗ് എം എല്‍ എ ഷാഫി പറമ്പില്‍, മുന്‍ എം പി കൂടിയായ സി പി എമ്മിലെ എന്‍ എന്‍ കൃഷ്ണദാസ്, ബി ജെ പിയിലെ ശോഭാസുരേന്ദ്രന്‍ എന്നിവരാണ് അങ്കത്തട്ടില്‍ പ്രചാരണം ആരംഭിച്ചത്.
ജില്ലയുടെ ആസ്ഥാന കേന്ദ്രമായ പാലക്കാട്ട് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി ഷാഫി പറമ്പിലിനെ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് ഷാഫിക്ക് വീണ്ടുമൊരു അവസരത്തിന് വഴിതെളിഞ്ഞത്.
പാലക്കാട്ട് രണ്ടാമതായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് ബി ജെ പിയാണ്. കോണ്‍ഗ്രസിന്റെ കരുത്തനായ സ്ഥാനാര്‍ഥിയെ നേരിടാന്‍ അതിലും കൂടുതല്‍ കരുത്തുള്ള ആളു വേണമെന്ന തിരിച്ചറിവിലായിരുന്നു ബി ജെ പി. അങ്ങനെയാണ് ശോഭാ സുരേന്ദ്രനെ അങ്കത്തട്ടിലിറക്കിയത്. എല്‍ ഡി എഫാകട്ടെ ഇത്തവണ മണ്ഡലം തിരിച്ച് പിടിക്കണമെന്നാവാശിയില്‍ സി പി എമ്മിലെ തീപ്പൊരി നേതാവും മികച്ച പാര്‍ലമെന്റിയേന്‍ എന്ന ഖ്യാതി നേടിയ നേതാവുമായ എന്‍ എന്‍ കൃഷ്ണദാസിനെ ഇറക്കി പാലക്കാട് ചുവപ്പ് കൊടി പാറിപ്പിക്കാനുള്ള യജ്ഞത്തിലാണ്. എന്നാല്‍ പാര്‍ട്ടിക്കുള്ളിലേയും ഘടകകക്ഷികളിലേയും പിന്തുണയില്ലായ്‌യും വിഭാഗിയതയും മൂന്ന് സ്ഥാനാര്‍ഥികള്‍ക്കും ഭീഷണിയാകുന്നുണ്ട്.
കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റുകളിലൊന്നായി പാലക്കാട് മണ്ഡലം ചിത്രത്തിലുണ്ട്. തദ്ദേശസ്വയഭരണ സ്ഥാപന തിരഞ്ഞടുപ്പില്‍ ചരിത്രത്തിലാദ്യമായി ഒരു നഗരസഭകിട്ടിയിരിക്കുന്നത് ഇത്തവണ ബി ജെ പിക്ക് പാലക്കാടാണ്. മണ്ഡലത്തില്‍ പല പഞ്ചായത്തുകളിലും ബി ജെ പി സാന്നിധ്യമറിയിക്കുകയും ചെയ്തിട്ടുണ്ട്. ബി ജെ പി കേന്ദ്ര നേതൃത്വം തന്നെ പാലക്കാട് മണ്ഡലം ബി ജെ പിക്ക് ലഭിക്കാവുന്ന സീറ്റായി പരിഗണിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ പാലക്കാട്ടുനിന്നു മത്സരിച്ച ശോഭാ സുരേന്ദ്രന് ഒന്നര ലക്ഷത്തിന് മുകളില്‍ വോട്ടു നേടിയിരുന്നു. ഈ വോട്ടുപിടുത്തം ശോഭക്കും ബി ജെ പിക്കും ഒരു പോലെ ആത്മവിശ്വാസം പകരുന്നുണ്ട്.
പാലക്കാട്ട് നാലുതവണ എം പിയായിട്ടുളള കൃഷ്ണദാസ് ആ പരിചയത്തിന്റെ ബലത്തിലാണ് ഷാഫിയേയും ശോഭയേയും നേരിടാന്‍ ഒരുങ്ങുന്നത്. ഇതിനിടയില്‍ മുന്‍കാലങ്ങളില്‍ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ നടത്തിയ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍, അദ്ദേഹത്തിന് തന്നെ പാരയാകുമെന്ന വിലയിരുത്തല്‍ ചില കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. പാലക്കാട്ട് ആദ്യതവണ രാജേഷ് മത്സരിച്ചപ്പോള്‍ഭൂരിപക്ഷം(1820) നന്നേ കുറഞ്ഞിരുന്നു. പാര്‍ട്ടിയിലെ വിഭാഗീയതയാണ് ഇതിനുകാരണമെന്നും കൃഷ്ണദാസിന് ഇതില്‍ പങ്കുണ്ടെന്നും പാലക്കാട്ടെ പാര്‍ട്ടിതന്നെ വിലയിരുത്തിയിട്ടുണ്ട്. വിഭാഗീയത ഇപ്പോഴും പാര്‍ട്ടിയിലുണ്ട്. അത് പരിഹരിച്ചു പോയാല്‍ കൃഷ്ണദാസിന് ഗുണം ലഭിക്കും.
ഷാഫിക്കെതിരെയും കോണ്‍ഗ്രസിനകത്ത് മുറുമുറുപ്പുണ്ടെങ്കിലും പ്രത്യക്ഷമായില്ല. ബി ജെ പിയിലാകട്ടെ നിലവിലെ നഗരസഭവൈസ് ചെയര്‍മാനും സംസ്ഥാന സെക്രട്ടറിയുമായ സി കൃഷ്ണകുമാറിന് പാലക്കാട് മണ്ഡലത്തില്‍ മത്സരിക്കണമെന്നാഗ്രഹം പ്രകടിപ്പിച്ചിരുന്നു.
ജില്ലാനേതൃത്വവും ഇതിന് പിന്തുണ നല്‍കിയെങ്കിലും സംസ്ഥാന നേതൃത്വം ആര്‍ എസ് എസ് സമ്മര്‍ദത്തിന് വഴങ്ങി ശോഭാ സുരേന്ദ്രനെ അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഇതില്‍ ബി ജെ പിക്കുള്ളിലെ അസ്വാരസ്യങ്ങള്‍ പ്രചരണവേളയിലും അനുഭവപ്പെട്ടു. തിരെഞ്ഞടുപ്പ് ഓഫീസ് ഉദ്ഘാടന സമയത്ത് ശോഭാ സുരേന്ദ്രനെ ഒഴിവാക്കി സി കൃഷ്ണകുമാറാണ് ആ കൃത്യം നിര്‍വഹിച്ചത്. അത് പോലെ തന്നെ ശോഭസുരേന്ദ്രന്റെ തിരെഞ്ഞുടപ്പ് പ്രചരണയോഗം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തപ്പോള്‍ അതില്‍ പങ്കെടുക്കാതെ സി കൃഷ്ണകുമാര്‍ തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.
ബി ജെ പിയും സി പി എമ്മും തിരെഞ്ഞടുപ്പ് പ്രചാരണം ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ യു ഡി എഫിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അനിശ്ചിതത്വം ഷാഫി പറമ്പിന്റെ പ്രചരണത്തിന് വേണ്ടത്ര വേഗം വരുത്തിയിട്ടില്ല.

Latest