ട്വന്റി-20 ലോകകപ്പ് കിരീടം വെസ്റ്റ് ഇന്‍ഡീസിന്

Posted on: April 3, 2016 10:45 pm | Last updated: April 4, 2016 at 9:50 am

west indiesകൊല്‍ക്കത്ത: അവിശ്വസനീയം… അത്യുജ്ജ്വലം….. കാര്‍ലോസ് ബ്രാത്‌വെയ്റ്റ് എന്ന കൊലകൊമ്പന്റെ അവിസ്മരണീയ പ്രകടനത്തിന് മുമ്പില്‍ ഇംഗ്ലീഷ് പട നിഷ്പ്രഭം.. ത്രില്ലര്‍ പോരാട്ടത്തിനൊടുവില്‍ ട്വന്റി 20 ലോകകപ്പ് കിരീടം വെസ്റ്റ് ഇന്‍ഡീസിന് സ്വന്തം. അവസാന ഓവറില്‍ വിന്‍ഡീസിന് വേണ്ടിയിരുന്നത് 19 റണ്‍സ്. ബെന്‍ സ്റ്റോക്‌സ് എറിഞ്ഞ ആ ഓവറിന്റെ ആദ്യ നാല് പന്തുകളിലും പടുകൂറ്റന്‍ സിക്‌സര്‍ പറത്തിയ ബ്രാത്‌വെയ്റ്റ് ഇംഗ്ലണ്ടിനെ കൊന്നു കൊലവിളിക്കുകയായിരുന്നു. 66 പന്തില്‍ ഒമ്പത് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പെടെ 85 റണ്‍സടിച്ച മെര്‍ലോണ്‍ സാമുവല്‍സിന്റെ തകര്‍പ്പന്‍ പ്രകടനം വിന്‍ഡീസ് ജയത്തില്‍ നിര്‍ണായകമായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് രണ്ട് പന്തുകളും ആറ് വിക്കറ്റും ശേഷിക്കേ 161 റണ്‍സടിച്ച് വിജയത്തിലേക്ക് കുതിച്ചു കയറി. വിന്‍ഡീസിനായി ബ്രാവോ 25 റണ്‍സ് നേടി. 11 റണ്‍സെടുക്കുന്നതിനിടെ വെടിക്കെട്ട് വീരനായ ക്രിസ് ഗെയിലിനെയും ജോണ്‍സന്‍ ചാര്‍ലീസിനെയും, ഇന്ത്യക്കെതിരായ മത്സരത്തിലെ ഹീറോ ലെന്‍ഡില്‍ സിമണ്‍സിനെയും നഷ്ടപ്പെട്ട് തോല്‍വിയെ തുറിച്ച് നോക്കിയ വിന്‍ഡീസിനെ സാമുവല്‍സ് ഒറ്റയാല്‍ പ്രകടനത്തിലൂടെ കരകയറ്റുകയായിരുന്നു. ഇംഗ്ലണ്ടിനായി വില്ലി മൂന്നും റൂട്ട് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. നേരത്തെ ഇംഗ്ലീഷ് ബാറ്റിംഗ് നിരയുടെ തുടക്കം തന്നെ തകര്‍ച്ചയോടെ ആയിരുന്നു. ആദ്യ ഓവറില്‍തന്നെ ജേസണ്‍ റോയി മടങ്ങി. പിന്നീട് ജോ റൂട്ടും (36 പന്തില്‍ 54), ജോസ് ബട്‌ലറും (22 പന്തില്‍ 36) മികച്ച പ്രകടനം പുറത്തെടുത്തു. വാലറ്റക്കാരന്‍ ഡേവിഡ് വില്ലി(21)യുടെ ബാറ്റിംഗാണ് ഇംഗ്ലണ്ട് സ്‌കോര്‍ 150 കടത്തിയത്. വിന്‍ഡീസിന്റെ രണ്ടാം ട്വന്റി 20 കിരീടമാണിത്.
വനിതകളിലും വിന്‍ഡീസ്
കൊല്‍ക്കത്ത: വനിതാ ട്വന്റി-20 ലോകകപ്പ് കിരീടം വെസ്റ്റിന്‍ഡീസ് സ്വന്തമാക്കി. ഫൈനലില്‍ ആസ്‌ത്രേലിയയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് വിന്‍ഡീസ് കന്നി ലോക കിരീടമുയര്‍ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 148 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 19.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഓപണര്‍മാരായ ഹെയ് ലി മാത്യൂസിന്റെയും സ്റ്റഫാനി ടെയ്‌ലറുടെയും തകര്‍പ്പന്‍ ബാറ്റിംഗാണ് വിന്‍ഡീസിന് അനായാസ ജയം സമ്മാനിച്ചത്. ഹെയ്‌ലി മാത്യൂസ് 45 പന്തില്‍ 66ഉം ടെയ്‌ലര്‍ 57 പന്തില്‍ 59ഉം റണ്‍സെടുത്തു.