126 സീറ്റില്‍ തുടങ്ങിയ സഭ

Posted on: April 1, 2016 6:00 am | Last updated: April 1, 2016 at 12:19 am

കൊച്ചി: ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന 1957 ല്‍ സംസ്ഥാനത്തുണ്ടായിരുന്നത് 126 സീറ്റുകളാണ്. ഇതില്‍ 11 എണ്ണം പട്ടികജാതിക്കാര്‍ക്കും ഒരെണ്ണം പട്ടികവര്‍ഗക്കാര്‍ക്കും സംവരണം ചെയ്തതായിരുന്നു. ആകെയുള്ള 114 ല്‍ 12 എണ്ണം ദ്വയാംഗമണ്ഡലങ്ങളുമായിരുന്നു. മൊത്തം 75.14 ലക്ഷം വോട്ടര്‍മാരില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത് 58.37 ലക്ഷമായിരുന്നു. 66.62 ശതമാനം പേരാണ് അന്ന് പോളിംഗ് ബൂത്തുകളിലെത്തിയത്.
1960 ല്‍ നടന്ന രണ്ടാം നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പിലും സീറ്റുകളുടെ എണ്ണം 126 ആയിരുന്നു. എന്നാല്‍ സമ്മതിദാനാവകാശം വിനിയോഗിച്ച ശതമാനക്കണക്കില്‍ ആ തിരഞ്ഞെടുപ്പാണ് ഇന്നും മുന്നില്‍. ആകെയുളള വോട്ടര്‍മാരില്‍ 85.70 ശതമാനം പേരാണ് അന്ന് ബൂത്തുകളിലെത്തിയത്. 114 ഏകാംഗ മണ്ഡലങ്ങളും 12 ദ്വയാംഗ മണ്ഡലങ്ങളും. ഈ തിരഞ്ഞെടുപ്പോടെ ദ്വയാംഗ മണ്ഡല സംവിധാനം ഉപേക്ഷിക്കപ്പെട്ടു.
1965 ല്‍ നിയമസഭാ സീറ്റുകളുടെ എണ്ണം 126 ല്‍ നിന്നും 133 ആയി ഉയര്‍ത്തി. ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ 1965 ലെ തിരഞ്ഞെടുപ്പ് റദ്ദാക്കപ്പെടുകയും സംസ്ഥാനത്ത് രാഷ്ട്രപതിഭരണം നിലവില്‍ വരികയും ചെയ്തു. ആകെയുണ്ടായിരുന്ന 85.57 ലക്ഷം വോട്ടര്‍മാരില്‍ 75.12 ശതമാനം പേര്‍ (64.28 ലക്ഷം) സമ്മതിദാനാവകാശം വിനിയോഗിച്ചു. 1967 ല്‍ നടന്ന നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പില്‍ 75.67 ശതമാനം പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ആകെയുണ്ടായിരുന്ന 86.13 ലക്ഷം വോട്ടര്‍മാരില്‍ 65.18 ലക്ഷം പേരാണന്ന് വോട്ടു ചെയ്തത്.
1970ല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടന്നു. സീറ്റുകള്‍ 133 ആയി തുടര്‍ന്നു. വോട്ടര്‍മാരുടെ എണ്ണം 1.01 കോടിയായി ഉയര്‍ന്നെങ്കിലും 76.34 ലക്ഷം പേരാണന്ന് പോളിംഗ് ബൂത്തിലെത്തിയത് (75.07 ശതമാനം) അടിയന്തരാവസ്ഥയെ തുടര്‍ന്ന് മൂന്നു സന്ദര്‍ഭങ്ങളിലായി ആറുമാസം വീതം നിയമസഭാ കാലാവധി അന്നു നീട്ടിക്കൊടുക്കുകയും ചെയ്തു. ഇക്കാലത്തിനിടയില്‍ നടന്ന മണ്ഡല പുനര്‍ നിര്‍ണയത്തോടെ മണ്ഡലങ്ങളുടെ എണ്ണം 140 ആയി ഉയര്‍ന്നു. വോട്ടര്‍മാരുടെ എണ്ണം 1.14 കോടിയായി. ഇതില്‍ 90.78 ലക്ഷം പേര്‍ അതായത് 79.20 ശതമാനം പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.
1980 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 1.32 കോടി വോട്ടര്‍മാരില്‍ 95.87 ലക്ഷം പേര്‍ വോട്ടു രേഖപ്പെടുത്തി. 1982 ല്‍ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ എണ്ണം 1.31 കോടിയായി താഴ്ന്നു. എന്നാല്‍ പോളിംഗ് ശതമാനം മുന്‍ തിരഞ്ഞെടുപ്പിനേക്കാള്‍ കൂടുകയും ചെയ്തു. 1980 ല്‍ 72.28 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ സ്ഥാനത്ത് 82 ല്‍ 73.56 ശതമാനം പേരാണ് വോട്ടു ചെയ്തത്.
1960ന് ശേഷം ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പായിരുന്നു 1987ലേത്. 1.59 കോടി വോട്ടര്‍മാരില്‍ 80.53 ശതമാനം പേര്‍ ബൂത്തിലെത്തി. 1991 ല്‍ 1.96 കോടി വോട്ടര്‍മാരില്‍ നിയമസഭയിലേക്ക് വോട്ടുരേഖപ്പെടുത്തിയത് 1.44 കോടി പേരായിരുന്നു. 73.46 ശതമാനം പേര്‍ അന്ന് വോട്ടു ചെയ്‌തെങ്കില്‍ 1996 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം 71.16 ആയി കുറഞ്ഞു. സംസ്ഥാനത്ത് വോട്ടര്‍മാരുടെ എണ്ണം ആ തിരഞ്ഞെടുപ്പില്‍ രണ്ടു കോടി കവിഞ്ഞിരുന്നു. 2001 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ എണ്ണം 2.16 കോടിയായി ഉയര്‍ന്നു. 1.56 കോടി വോട്ടര്‍മാരാണ് അന്ന് പോളിംഗ് ബൂത്തുകളിലെത്തിയത്. 72.45 ശതമാനം 2006 ല്‍ വോട്ടര്‍മാരുടെ എണ്ണം 2.14 കോടിയായി താഴ്ന്നു. 1.55 കോടി വോട്ടര്‍മാരാണ് അന്ന് സമ്മതിദാനാവകാശം വിനിയോഗിച്ചത് (72.38 ശതമാനം).
2011ല്‍ മൊത്തം വോട്ടര്‍മാരുടെ എണ്ണം 2.32 കോടിയായിരുന്നു. ഇതില്‍ 8835 വിദേശവോട്ടര്‍മാരും ഉള്‍പ്പെടും. ഇതില്‍ തപാല്‍ വോട്ടുകള്‍ ഉള്‍പ്പടെ മൊത്തം സമ്മതിദാനാവകാശം വിനിയോഗിച്ചവരുടെ എണ്ണം 1.74 കോടിയായിരുന്നു. 2006ലം തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടിംഗ് ശതമാനം 75.27 ആയി ഉയര്‍ന്നു. പുരുഷവോട്ടര്‍മാരില്‍ 75.32 ശതമാനം പേര്‍ പോളിംഗ് ബൂത്തിലെത്തിയപ്പോള്‍ വനിത വോട്ടര്‍മാരില്‍ 74.96 ശതമാനം പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 100 ശതമാനവും തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ചുള്ള തിരഞ്ഞെടുപ്പെന്ന സവിശേഷതയും ആ തിരഞ്ഞെടുപ്പിന് ഉണ്ടായിരുന്നു.