ഗ്രീന്‍ ലൈന്‍ തുരങ്ക നിര്‍മാണം പൂര്‍ത്തിയായി

Posted on: March 31, 2016 8:15 pm | Last updated: April 1, 2016 at 8:23 pm
ഗ്രീന്‍ ലൈന്‍ തുരങ്ക നിര്‍മാണം പൂര്‍ത്തിയായതിനെ തുടര്‍ന്ന് നടന്ന ആഘോഷം
ഗ്രീന്‍ ലൈന്‍ തുരങ്ക നിര്‍മാണം പൂര്‍ത്തിയായതിനെ തുടര്‍ന്ന് നടന്ന ആഘോഷം

ദോഹ: ദോഹ മെട്രോ റയില്‍ പദ്ധതിയിലെ ഗ്രീന്‍ലൈനിലെ തുരങ്കങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായി. ഇതോടെ മെട്രോയിലെ ആകെ തുരങ്കങ്ങളുടെ നിര്‍മാണം 87 ശതമാനം പൂര്‍ത്തിയായി. ഗ്രീന്‍ ലൈന്‍ അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷനുകളുടെ നിര്‍മാണം 57 ശതമാനവും പൂര്‍ത്തിയായി. ടണല്‍ നിര്‍മാണം പൂര്‍ത്തീകരിച്ചതിനെത്തുടര്‍ന്ന് ഇന്നലെ ആഘോഷം നടന്നു.
എജുക്കേഷന്‍ സിറ്റി സ്റ്റേഷനിലാണ് ഇന്നലെ ടണല്‍ ബോറിംഗ് മെഷീന്‍ ദൗത്യം അവസാനിപ്പിച്ചത്. മെട്രോ ഗ്രീന്‍ലൈനിലെ അവസാനത്തെ അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷനാണ് എജുക്കേഷന്‍ സിറ്റി. റെഡ്‌ലൈന്‍ നോര്‍ത്തിലെ ടണല്‍ നിര്‍മാണം പൂര്‍ത്തിയാക്കി പത്തു ദിവസത്തിനുള്ളില്‍ ഗ്രീന്‍ലൈന്‍ ടണല്‍ നിര്‍മാണവും പൂര്‍ത്തിയാക്കി ദോഹ മെട്രോ പദ്ധതി നാഴികക്കല്ലുകള്‍ പിന്നിടുകയാണെന്ന് ഖത്വര്‍ റയില്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. മെട്രോ പദ്ധതി സമയക്രമം പാലിച്ചു തന്നെ മുന്നോട്ടു പോകുകയാണെന്ന് ഖത്വര്‍ റയില്‍ സി ഇ ഒ ഡോ. എന്‍ജി. സാദ് അല്‍ മുഹന്നദി പറഞ്ഞു. നിര്‍മാണത്തിന്റെ എല്ലാ ഘട്ടങ്ങളും മികച്ച പുരോഗതിയാണ് കൈവരിക്കുന്നത്. മെട്രോയുടെ സാങ്കേതിക സംവിധാനങ്ങളും രൂപകല്‍പ്പനാ പ്രവര്‍ത്തനങ്ങളിലേക്കും പ്രവേശിക്കുകയാണ്. നിശ്ചിത സമയത്തിനകം തന്നെ എല്ലാം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ബജറ്റ് അനുവദിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2014 സെപ്തംബറിലാണ് ദോഹ മെട്രോ ഗ്രീന്‍ലൈനിലെ തുരങ്ക നിര്‍മാണം ആരംഭിച്ചത്. 22 കിലോമീറ്റര്‍ തുരങ്ക നിര്‍മാണത്തിന് ആറു ടണല്‍ ബോറിംഗ് മെഷീനുകളാണ് ഉപയോഗിച്ചത്. ഗ്രീന്‍ലൈനില്‍ പത്ത് അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷനും ഒരു ഭൗമോപരിതല സ്റ്റേഷനുമാണുള്ളത്. 19 കിലോമീറ്റര്‍ പാതയില്‍ മൂന്നു കിലോമീറ്റര്‍ മാത്രമാണ് ഭൂമിക്കു മുകളിലുള്ളത്. ഇന്നലെ ദൗത്യം പൂര്‍ത്തിയാക്കിയ ടണലിംഗ് മെഷീന്‍ കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. അല്‍ റയ്യാന്‍ അല്‍ ഖദീം, അല്‍ ശഖാബ്, ഖത്വര്‍ നാഷനല്‍ ലൈബ്രറി എന്നീ സ്റ്റേഷന്‍ പ്രദേശങ്ങള്‍ കഴിഞ്ഞാണ് ഗ്രീന്‍ലൈന്‍ എജുക്കേഷന്‍ സിറ്റിയിലെത്തിച്ചേരുന്നത്. മന്‍സൂറ സ്റ്റേഷനില്‍നിന്നാണ് മെട്രോ ഗ്രീന്‍ലൈന്‍ ആരംഭിക്കുന്നത്. റിഫ സ്റ്റേഷനില്‍ അവസാനിക്കും. 11 സ്റ്റേഷനുകളിലൂടെയുള്ള യാത്രക്കു പ്രതീക്ഷിക്കുന്ന സമയം 24 മിനിറ്റാണ്. മട്രോ ഗോള്‍ഡ് ലൈനിലെ ടണലാണ് അടുത്തതായി പ്രതീക്ഷിക്കുന്ന നിര്‍ണായക പൂര്‍ത്തീകരണം. റെഡ്‌ലൈനിലെ ശേഷിക്കുന്ന ടണലിന്റെ പൂര്‍ത്തീകരണവും പ്രതീക്ഷിക്കുന്നു. ഈ വര്‍ഷാവസാനത്തോടെ തന്നെ രണ്ടും സംഭവിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ടണലുകള്‍ പൂര്‍ത്തിയാകുന്നതോടെ ട്രാക്ക്, പവര്‍ സപ്ലേ, സിഗ്‌നലിംഗ് തുടങ്ങിയ സംവിധാനങ്ങളുടെ നിര്‍മാണം ആരംഭിക്കാന്‍ തയാറെടുക്കുകയാണ് കരാര്‍ കമ്പനികള്‍. സ്റ്റേഷനുകളുടെ രൂപകല്‍പ്പനയും വൈകാതെ പൂര്‍ത്തിയാക്കും. 2019ല്‍ ഒന്നാംഘട്ടം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന ദോഹ മെട്രോ 2020ലാണ് പൂര്‍ണമായും യാത്രക്കാര്‍ക്കു വേണ്ടി തുറക്കുക. ലുസൈല്‍ ട്രാം സിസ്റ്റവുമായി ബന്ധിപ്പിക്കുന്നതോടെയാണ് മെട്രോ പൂര്‍ത്തീകരണം പ്രതീക്ഷിക്കുന്നത്. 2030ല്‍ മെട്രോ, ലുസൈല്‍ ട്രാം, ദീര്‍ഘദൂര റയില്‍ എന്നിവ സംയോജിപ്പിച്ചുകൊണ്ടുള്ള പൊതുഗതാഗത സംവിധാനം രാജ്യത്തു പ്രാവര്‍ത്തികമാകും. 2021ല്‍ പ്രതിദിനം ആറുലക്ഷം പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. 37 സ്റ്റേഷനുകളാണ് അപ്പേഴേക്കും യാത്രക്കാര്‍ക്കായി തുറക്കുക. സ്റ്റേഷനുകള്‍ക്കിടയിലെ ശരാശരി യാത്രാസമയം മൂന്നു മിനിറ്റായിരിക്കും.