ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങള്‍ക്ക് 100 ദശലക്ഷം റിയാല്‍ മൂലധനം വേണം

Posted on: March 30, 2016 8:17 pm | Last updated: March 30, 2016 at 8:17 pm

ദോഹ: രാജ്യത്തെ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് പുതിയ പെരുമാറ്റച്ചട്ടം. ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങള്‍ക്ക് 100 മില്യന്‍ റിയാല്‍ മൂലധനം നിര്‍ബന്ധമാണെന്ന് സെന്‍ട്രല്‍ ബേങ്ക് ഗവര്‍ണര്‍ ശൈഖ് അബ്ദുല്ല ബിന്‍ സഊദ് അല്‍ താനി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഇന്‍ഷ്വറന്‍സ് കമ്പനികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന്റെയും ക്രമീകരിക്കുന്നതിന്റെയും ഭാഗമായാണ് നിബന്ധന. രാജ്യത്തെ സാമ്പത്തിക സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട സെന്‍ട്രല്‍ ബേങ്ക് ആക്റ്റ് അനുസരിച്ചാണ് നിബന്ധനകള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
ലൈസന്‍സിംഗ്, റഗുലേഷന്‍സ്, റിസ്‌ക് മാനേജ്‌മെന്റ്, അക്കൗണ്ടിംഗ് ആന്‍ഡ് ആക്ച്വറീസ് റിപ്പോര്‍ട്‌സ്, പ്രൂഡന്‍ഷ്യല്‍ റിക്വയര്‍മെന്റ്‌സ് എന്നിവ കേന്ദ്രീകരിച്ചാണ് നിബന്ധനകള്‍. ലിസ്റ്റഡ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് 100 മില്യന്‍ റിയാല്‍ മൂലധനം അല്ലെങ്കില്‍ റിസ്‌ക് അടിസ്ഥാനമാക്കിയുള്ള മൂലധനം എന്നാണ് സെന്‍ട്രല്‍ ബേങ്ക് നിര്‍ദേശിക്കുന്നത്. ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനികളാണെങ്കില്‍ സെന്‍ട്രല്‍ ബേങ്ക് നിശ്ചയിച്ച റിസ്‌ക് അടിസ്ഥാനമാക്കിയുള്ള തുകയുടെ അഞ്ചിരട്ടിയെങ്കിലും മൂലധനനം വേണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ബ്രാഞ്ചുകള്‍ക്ക് 35 ദശലക്ഷം റിയാല്‍ മൂലധനം വേണമെന്നും നിബന്ധന പറയുന്നു.
ഇന്‍ഷ്വറന്‍സ് കമ്പനികളുടെ ബിസിനസ് നിയന്ത്രണം, വിജ്ഞാപനങ്ങള്‍, സെന്‍ട്രല്‍ ബേങ്കിനുള്ള മുന്‍കരുതല്‍ റിപ്പോര്‍ട്ട്, ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, ഉടമസ്ഥരുടെ മാറ്റം, ഗ്രൂപ്പ് സൂപ്പര്‍വിഷന്‍, ബിസിനസ് മാറ്റം, ബിസിനസ് നിര്‍ത്തിവെക്കല്‍, അപേക്ഷകളുടെ കൈകാര്യ സമയം തുടങ്ങിയ മേഖലകളിലെല്ലാം നിയമത്തില്‍ നിര്‍ദേശങ്ങളുണ്ട്. രാജ്യത്തെ ഇന്‍ഷ്വറന്‍സ് മേഖലയില്‍ ഇതാദ്യമായാണ് ഇത്തരമൊരു നിബന്ധനകള്‍ കൊണ്ടു വരുന്നതെന്ന് ഖത്വര്‍ സെന്‍ട്രല്‍ ബേങ്ക് പ്രസ്താവനയില്‍ പറഞ്ഞു. ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഷ്വറന്‍സ് സൂപ്പര്‍വൈസേഴ്‌സിന്റെയും ആഗോളതലത്തിലും മേഖലയിലും പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളുടെയും മാര്‍ഗനിര്‍ദേശങ്ങള്‍ പരിഗണിച്ചു കൊണ്ടാണ് നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്.
പുതിയ നിബന്ധനകള്‍ ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരും. എല്ലാ ഇന്‍ഷ്വറന്‍സുകള്‍, റീ ഇന്‍ഷ്വറന്‍സുകള്‍, തകാഫുല്‍ റീതകാഫുല്‍ കമ്പനികള്‍, വിദേശ കമ്പനികളുടെ ബ്രാഞ്ചുകള്‍ എന്നിവയെല്ലാം പുതിയ നിബന്ധനകള്‍ അനുസരിച്ച് മാറ്റം വരുത്തേണ്ടി വരും.