Connect with us

Malappuram

നിറം മാറുന്ന പെരിന്തല്‍മണ്ണയില്‍ കണ്ണുംനട്ട് മുന്നണികള്‍

Published

|

Last Updated

പെരിന്തല്‍മണ്ണ:കമ്മ്യൂണിസ്റ്റ് താത്വികാചാര്യനും ഐക്യകേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയുമായ ഇ എം എസ് നമ്പൂതിരിപ്പാടിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്നുകൊണ്ട് പടവെട്ടിയ കമ്മുസാഹിബ്, നെച്ചിയില്‍ മൊയ്തീന്‍ കുട്ടി, ചെങ്ങര മാധവതരകന്‍, അഡ്വ. മുഹമ്മദ് ശാഫി, ഡോ. എം എസ് നായര്‍ എന്നിവരുടെ കര്‍മഭൂമിയാണ് പെരിന്തല്‍മണ്ണ. തിരഞ്ഞെടുപ്പിലൂടെ ലോകത്ത് ആദ്യമായി കമ്മ്യൂനിസ്റ്റ് ഭരണം അധികാരത്തിലെത്താന്‍ ചുക്കാന്‍ പിടിച്ച ഏലംകുളം മനക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ ജന്മനാട് തിരഞ്ഞെടുപ്പില്‍ ഇരു മുന്നണികളെയും പിന്തുണച്ചിട്ടുണ്ട്.

എന്നാലും പെരിന്തല്‍മണ്ണയെ കൂടുതല്‍ കാലം നിയമസഭയില്‍ പ്രതിനിധീകരിക്കാന്‍ ഭാഗ്യമുണ്ടായത് മുസ്‌ലിംലീഗിനാണ്. സംസ്ഥാന അസംബ്ലിയില്‍ പ്രതിനിധീകരിച്ചത് മുസ്‌ലിം ലീഗാണെന്നതില്‍ ലീഗിന് ഏറെ അഭിമാനിക്കാം. ഒമ്പത് തവണയാണ് മണ്ഡലത്തെ ലീഗ് പിടിച്ചടക്കിയത്. ഇതില്‍ ആറ്് തവണയും പ്രതിനിധീകരിച്ചതാവട്ടെ നാലകത്ത് സൂപ്പിയും. 1952, “60 കളിലെ തിരഞ്ഞെടുപ്പില്‍ അവിഭക്ത കമ്യൂനിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളായ ഗോവിന്ദന്‍ നമ്പ്യാരും ഇ പി ഗോപാലനുമാണ് ആദ്യമായി വിജയിച്ചവര്‍. 65ല്‍ മണ്ഡലം സി പി എമ്മിന്റെ കൈകളിലെത്തി. അത്തവണ സി കോയയും 67 ല്‍ സി പി എമ്മിന്റെ തന്നെ പാലോളി മുഹമ്മദ് കുട്ടിയും ജയിച്ചുകയറി. പിന്നീട് 1970കളില്‍ ചരിത്രം തിരുത്തി. 2001 വരെ മണ്ഡലം മുസ്‌ലിം ലീഗിന്റെ കൈകളില്‍ സുരക്ഷിതമായി.

1970ല്‍ ലീഗിലെ കെ കെ എസ് തങ്ങളോട് ഇ കെ ഇമ്പിച്ചിബാവയും 77 ല്‍ കെ കെ എസ് തങ്ങളോട് തന്നെ പാലോളി മുഹമ്മദ് കുട്ടിയും പരാജയപ്പെട്ടു. പിന്നീട് 80ലാണ് ആദ്യമായി നാലകത്ത് സൂപ്പി കോണി ചിഹ്‌നത്തില്‍ പെരിന്തല്‍മണ്ണയില്‍ ജയിച്ച് കയറിയത്. അക്കൊല്ലം പാലോളി മുഹമ്മദ് കുട്ടിയുടെ രണ്ടാം തോല്‍വി സൂപ്പിയിലൂടെയായി. പിന്നീട് 82ല്‍ പാറക്കോട്ടില്‍ ഉണ്ണി, 87 ആര്‍ എന്‍ മനഴി, 91ല്‍ എം എം മുസ്തഫ, 96ല്‍ ഡോ. എ മുഹമ്മദ്, 2001ല്‍ വി ശശികുമാര്‍ എന്നിവരെയെല്ലാം പരാജയപ്പെടുത്തി സൂപ്പി ജൈത്ര യാത്ര നടത്തി.

2006ല്‍ യു ഡി എഫില്‍ ഉണ്ടായ പ്രത്യേകിച്ച് മുസ്‌ലിം ലീഗില്‍ നേതാക്കള്‍ക്കിടയിലുണ്ടായ പടലപിണക്കം ഇടത് മുന്നണി മുതലെടുക്കുകയും അനന്തരം മണ്ഡലം യു ഡി എഫിന് നഷ്ടമാവുകയും ചെയ്തു. കന്നിമത്സരത്തിനിറങ്ങിയ ലീഗിലെ അബ്ദുല്‍ ഹമീദ് മാസ്റ്ററെ പരാജയപ്പെടുത്തി വി ശശികുമാര്‍ മണ്ഡലം വീണ്ടും സി പി എമ്മിന് വേണ്ടി തിരിച്ച് പിടിച്ചു. 2011ല്‍ എത്തുമ്പോള്‍ അതിരുകള്‍ പുനര്‍നിര്‍ണയിച്ച പെരിന്തല്‍മണ്ണ പുതിയ മണ്ഡലമായി. 2009ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ 5246 വോട്ടിന്റെയും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ 9939 വോട്ടിന്റെയും ഭൂരിപക്ഷം യു ഡി എഫിന്് ലഭിച്ചു. ഇടതു ഭരണം കാഴ്ചവെച്ചിരുന്ന പഞ്ചായത്തുകളായ പുലാമന്തോള്‍, താഴെക്കോട്, എന്നിവ യു ഡി എഫ് പിടിച്ചെടുക്കുകയും ചെയ്തു. ആലിപ്പറമ്പ്, മേലാറ്റൂര്‍ എന്നീ പഞ്ചായത്തുകളില്‍ ഭരണം നിലനിര്‍ത്തുകയും നറുക്കെടുപ്പിന്റെ കനിവില്‍ പെരിന്തല്‍മണ്ണ നഗരസഭ, വെട്ടത്തര്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ അധ്യക്ഷ സ്ഥാനം നേടിയതും മാത്രമായിരുന്നു ഇടതിന്് നേട്ടമായി പറയാനുണ്ടായിരുന്നത്.

ഇതെല്ലാം തന്നെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ഞളാംകുഴി അലിയുടെ വിജയത്തിന് ആക്കം കൂടി. അങ്ങനെ സി പി എം വിട്ട് ലീഗില്‍ വന്ന ബിസിനസുകാരന്‍ മഞ്ഞളാം കുഴി അലിയുമായ വി ശശികുമാര്‍ നടത്തിയ പോരാട്ടത്തില്‍ അലി വിജയിച്ച് മന്ത്രി വരെയായി. ഇത്തവണയും അലി പെരിന്തല്‍മണ്ണയില്‍ നിന്ന് ജനവിധി തേടാനിറങ്ങുമ്പോള്‍ ശക്തമായ എതിരാളിയെ തേടുകയാണ് ഇടതുപക്ഷം. ഇരു മുന്നണികളും ഇഞ്ചോടിഞ്ച് മാറ്റുരക്കുന്ന മണ്ഡലമാണ് പെരിന്തല്‍മണ്ണ. താഴെക്കോട്, ആലിപ്പറമ്പ്, വെട്ടത്തൂര്‍, മേലാറ്റൂര്‍, ഏലംകുളം, പുലാമന്തോള്‍ ഗ്രാമപഞ്ചായത്തുകളും പെരിന്തല്‍മണ്ണ നഗരസഭയും ഉള്‍പെടുന്ന മണ്ഡലം. 2011ല്‍ അലിക്ക് 69730 വോട്ടും ശശികുമാറിന് 60141 വോട്ടും ബി ജെ പിയുടെ സി കെ കുഞ്ഞിമുഹമ്മദിന് 1989 വോട്ടാണ് ലഭിച്ചത്.

കഴിഞ്ഞ ഒക്‌ടോബറില്‍ നടന്ന പഞ്ചായത്ത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ആറ് പഞ്ചായത്തുകളിലും നഗരസഭയിലുമായി യു ഡി എഫിന് 66727 വോട്ടും എല്‍ ഡി എഫിന് 66395 വോട്ടും ലഭിച്ചു. ബി ജെ പിക്കാവട്ടെ മണ്ഡലത്തിലെ 22 വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ പോലും നിര്‍ത്താനായില്ല എന്ന് മാത്രമല്ല 2014 ലോകസഭ ഇലക്ഷനില്‍ ലഭിച്ച വോട്ടുകള്‍ പോലും സ്വരൂപിക്കാനായതുമില്ല. അലിയുടെ എതിരാളിയായി ഇത്തവണയും വി ശശികുമാറിനെ തന്നെയാണ് സി പി എം കളത്തിലിറക്കുന്നത്. ബി ജെ പി സ്ഥാനാര്‍ഥിയായി മണ്ഡലം നേതാവ് അഡ്വ. എം കെ സുനിലും രംഗത്തുണ്ട്. കേരളം ഉറ്റി നോക്കുന്ന മണ്ഡലമായ പെരിന്തല്‍മണ്ണയില്‍ ഇക്കുറിയും തീപ്പൊരി മത്സരമായിരിക്കും.

2011ലെ ഫലം
മഞ്ഞളാംകുഴി അലി (ലീഗ്) 69,730
വി ശശികുമാര്‍ (സി പി എം) 60141
സി കെ കുഞ്ഞിമുഹമ്മദ് (ബി ജെ പി) 1989
സൈതാലിക്കുട്ടി (എസ് ഡി പി ഐ) 1067
മുഹമ്മദലി (സ്വതന്ത്രന്‍) 808

നിയമസഭയിലെത്തിയവര്‍
1957 പി ഗോവിന്ദന്‍ നമ്പ്യാര്‍ (സി പി ഐ)
1960 ഇ പി ഗോപാലന്‍
1965 സി കോയ (സി പി എം)
1967 പാലോളി മുഹമ്മദ് കുട്ടി ( (സി പി എം)
1970 കെ കെ എസ് തങ്ങള്‍ ( ലീഗ്)
1977 കെ കെ എസ് തങ്ങള്‍ ( ലീഗ്)
1980 നാലകത്ത് സൂപ്പി ( ലീഗ്)
1982 നാലകത്ത് സൂപ്പി ( ലീഗ്)
1987 നാലകത്ത് സൂപ്പി ( ലീഗ്)
1991 നാലകത്ത് സൂപ്പി ( ലീഗ്)
1996 നാലകത്ത് സൂപ്പി ( ലീഗ്)
2001 നാലകത്ത് സൂപ്പി ( ലീഗ്)
2006 വി ശശികുമാര്‍ (സി പി എം)
2011 മഞ്ഞളാംകുഴി അലി ( ലീഗ്)