ഭരണഘടനയുടെ ഫെഡറല്‍ മൂല്യങ്ങള്‍ക്ക് മരണവാറണ്ട്

Posted on: March 30, 2016 5:32 am | Last updated: March 29, 2016 at 11:33 pm
SHARE

ഇന്ത്യയുടെ ഫെഡറലിസത്തിനും മതനിരപേക്ഷതക്കും മരണവാറണ്ട് ഉയര്‍ത്തിക്കൊണ്ടാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാറുകളെ അധികാരദുര്‍വിനിയോഗത്തിലൂടെയും കുതിരക്കച്ചവടത്തിലൂടെയും അട്ടിമറിക്കുന്നതില്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാറിനേക്കാള്‍ ഒരുപടി മുന്നിലാണ് ബി ജെപി സര്‍ക്കാര്‍. വാജ്‌പൈയുടെ രണ്ട് ടേം ഭരണ കാലത്തും കുതിരക്കച്ചവടവും അധികാര ശക്തിയും ഉപയോഗിച്ച് സര്‍ക്കാറുകളെ അട്ടിമറിച്ച കുപ്രസിദ്ധമായ ചരിത്രം ബി ജെ പിക്ക് അവകാശപ്പെട്ടതാണല്ലോ. ഇപ്പോഴിതാ അരുണാചല്‍പ്രദേശിന് പിന്നാലെ ഉത്തരാഖണ്ഡിലും തങ്ങളുടെ ഭരണഘടനാവിരുദ്ധമായ നീക്കം വിജയകരമായി പൂര്‍ത്തീകരിക്കാനുള്ള നീക്കത്തിലാണ് ബി ജെ പി.
‘ഓപറേഷന്‍ ലോട്ടസ്’ എന്ന് നാമകരണം ചെയ്തിരിക്കുന്ന അമിത് ഷായുടെ കുത്സിതമായ രാഷ്ട്രീയ തന്ത്രമാണ് അരുണാചല്‍പ്രദേശിനു പിന്നാലെ ഉത്തരാഖണ്ഡിലും പയറ്റുന്നത്. ജനുവരി 26ന് അരുണാചല്‍ പ്രദേശില്‍ തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് സര്‍ക്കാറിനെ പുറത്താക്കാനായിട്ടാണല്ലോ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത്. ഇതേ മാര്‍ഗം പിന്തുടര്‍ന്നുകൊണ്ടാണ് കഴിഞ്ഞ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ഭരണഘടനയുടെ 356ാം വകുപ്പ് പ്രകാരം ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ശിപാര്‍ശ ചെയ്തത്. രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ഞായറാഴ്ച തന്നെ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയാതായുള്ള വിജ്ഞാപനത്തില്‍ ഒപ്പുവെക്കുകയും ചെയ്തു.
കോണ്‍ഗ്രസിലെ ഒമ്പത് എം എല്‍ എമാര്‍ ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രി ഹരീഷ്‌റാവത്തിനെതിരെ രംഗത്തുവന്നതോടുകൂടിയാണ് ബി ജെ പി അട്ടിമറി നീക്കം ആരംഭിച്ചത്. സ്പീക്കര്‍ ഗോവിന്ദ്‌സിംഗ് കുത്തുവാള്‍ വിമത എം എല്‍ എമാരെ കൂറുമാറ്റ നിയമമനുസരിച്ച് അയോഗ്യരാക്കി. ശനിയാഴ്ച സ്പീക്കര്‍ 9 എംഎല്‍ എ മാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. സ്പീക്കര്‍ വിമതരെ അയോഗ്യരാക്കുമെന്ന് ബോധ്യപ്പെട്ടതോടെയാണ് മോദി സര്‍ക്കാര്‍ രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ ചെയ്തത്. രസകരമായ കാര്യം രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതിനു ശേഷമാണ് എം എല്‍ എമാരെ അയോഗ്യരാക്കിക്കൊണ്ടുള്ള തീരുമാനം വന്നത് എന്നതാണ്. 71 അംഗ ഉത്തരാഖണ്ഡ് നിയമസഭയില്‍ ബി ജെ പിക്ക് 28 എം എല്‍ എമാരാണുള്ളത്. ഒമ്പത് കോണ്‍ഗ്രസ് വിമതരുടെ കൂടി പിന്തുണകിട്ടിയാല്‍ 37 അംഗങ്ങളോടെ സഭയില്‍ ബി ജെ പിക്ക് ഭൂരിപക്ഷമുള്ള കക്ഷിയാകാനാകും.
ഒമ്പത് അംഗങ്ങളെ സ്പീക്കര്‍ അയോഗ്യരാക്കി കഴിഞ്ഞാല്‍ ബി ജെ പിക്ക് വിശ്വാസവോട്ടെടുപ്പില്‍ ജയിക്കാനാകില്ലല്ലോ. 26 കോണ്‍ഗ്രസ് എം എല്‍ എമാരുടെ പിന്തുണയാണ് ഹരീഷ് റാവത്തിനുണ്ടായിരുന്നത്. ആറ് എം എല്‍ എമാരുള്ള പീപ്പിള്‍സ് ഡമോക്രാറ്റിക് ഫ്രണ്ടിന്റെ പിന്തുണയും റാവത്ത് ഉറപ്പിച്ചിരുന്നു. അങ്ങനെ വരുമ്പോള്‍ ഒമ്പത് വിമതരെ അയോഗ്യരാക്കിയ ശേഷം വിശ്വാസേവാട്ടെടുപ്പ് നടത്തിയാലും റാവത്ത് സര്‍ക്കാര്‍ ഭൂരിപക്ഷം നേടുമെന്ന് ഉറപ്പായതോടെയാണ് രാഷ്്രടപതി ഭരണം പ്രഖ്യാപിച്ചത്.
ബി ജെ പി അധികാരത്തിനു വേണ്ടി ഏത് ജനാധിപത്യവിരുദ്ധമാര്‍ഗവും സ്വീകരിക്കുമെന്നുള്ളതാണ് ചരിത്രം. കാശ്മീരില്‍ തിരഞ്ഞെടുപ്പ് കാലത്ത് തങ്ങള്‍ രാജ്യദ്രോഹികളാണെന്ന് ആക്ഷേപിച്ച പി ഡി പിയുമായി ചേര്‍ന്നാണല്ലോ അവര്‍ തിരഞ്ഞെടുപ്പിനു ശേഷം സര്‍ക്കാര്‍ ഉണ്ടാക്കിയത്. രാഷ്ട്രീയമായ ധാര്‍മികത ഒട്ടുമില്ലാത്ത ബി ജെ പി അധികാരത്തിനു വേണ്ടി ഏത് കുത്സിത മാര്‍ഗവും സ്വീകരിക്കും എന്നതിന്റെ നഗ്നമായ ഉദാഹരണമാണ് ഉത്തരാഖണ്ഡ് സംഭവം.
മാര്‍ച്ച് 18ന് ധനവിനിയോഗ ബില്ലിനെതിരെ അസംബ്ലിയില്‍ ഒമ്പത് കോണ്‍ഗ്രസ് എം എല്‍ എമാര്‍ രംഗത്ത് വന്നതോടെയാണ് ഉത്തരാഖണ്ഡിലെ പ്രതിസന്ധി ആരംഭിക്കുന്നത്. ധനവിനിയോഗ ബില്‍ പരിഗണിക്കുമ്പോള്‍ 67 അംഗങ്ങളാണ് അസംബ്ലിയില്‍ ഉണ്ടായിരുന്നത്. മുന്‍മുഖ്യമന്ത്രി വിജയ് ബഹുഗുണയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് വിമതര്‍ ഉള്‍പ്പെടെ 35 അംഗങ്ങള്‍ ധനവിനിയോഗ ബില്ലിനെ എതിര്‍ത്ത് സ്പീക്കര്‍ക്ക് കത്തു നല്‍കി. അവര്‍ വോട്ടെടുപ്പ് വേണമെന്നാവശ്യപ്പെട്ടു. വോട്ടെടുപ്പ് ഇല്ലാതെ ശബ്ദവോട്ടോടെ ബില്‍ പാസ്സായതായി പ്രഖ്യാപിക്കുകയാണ് ഉണ്ടായത്. ഈയൊരു സാഹചര്യത്തിലാണ് ഉത്തരാഖണ്ഡ് ഗവര്‍ണര്‍ കെ കെ പോള്‍ വിഷയത്തില്‍ ഇടപെടുന്നത്. സംസ്ഥാനത്ത് ഭരണത്തകര്‍ച്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തരവകുപ്പിനും റിപ്പോര്‍ട്ട് അയക്കുന്നു. തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പിലേക്ക് നീങ്ങാനുള്ള സ്പീക്കറുടെ നീക്കത്തെയും ഗവര്‍ണര്‍ ചോദ്യം ചെയ്തു. ചുരുക്കിപ്പറഞ്ഞാല്‍ ഗവര്‍ണറില്‍ നിന്ന് രാഷ്ട്രപതി ഭരണത്തിനാവശ്യമായ റിപ്പോര്‍ട്ടുകള്‍ ശേഖരിച്ചാണ് ബി ജെ പി തങ്ങളുടെ അട്ടിമറി ശ്രമം പൂര്‍ത്തീകരിച്ചത്.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് വലിയ ആരോപണങ്ങളാണ് ബി ജെ പിക്ക് നേരെ ഉന്നയിച്ചിരിക്കുന്നത്. 500 കോടി മുതല്‍ 1000 കോടിവരെ വിമതര്‍ക്ക് കോഴ നല്‍കിയാണ് തന്റെ സര്‍ക്കാറിനെ അട്ടിമറിച്ചത് എന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും കശാപ്പാണ് ഉത്തരാഖണ്ഡില്‍ നടന്നിരിക്കുന്നത്. ഗവര്‍ണറെ ഉപയോഗിച്ച് ഭരണഘടനയുടെ ഫെഡറല്‍ മൂല്യങ്ങളുടെ കഴുത്ത് ഞെരിക്കുകയാണ് ബി ജെ പി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ എം എല്‍ എമാര്‍ ബി ജെ പി രാഷട്രീയത്തോട് കടുത്ത വിരോധം പുലര്‍ത്തുന്നവരല്ലല്ലോ. ഒരുതരം മൃദുഹിന്ദുത്വ നിലപാട് അവരെ ഭരിക്കുകയാണ്. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും എം എല്‍ എമാര്‍ ഒരേ സാമൂഹിക അടിത്തറയില്‍ നിന്നും ഉയര്‍ന്നുവരുന്നവരാണ്. സവര്‍ണസമ്പന്ന വിഭാഗങ്ങളുടെ താത്പര്യങ്ങളാണ് ബി ജെ പി എന്നപോലെ കോണ്‍ഗ്രസ് നേതാക്കളെയും നയിക്കുന്നത്. അതുകൊണ്ടൊക്കെത്തന്നെയാണ് ബി ജെ പിക്കും അമിത്ഷാക്കും കോണ്‍ഗ്രസ് എം എല്‍ എമാരെ എളുപ്പം വലവീശിപ്പിടിക്കാന്‍ കഴിയുന്നതും.
അരുണാചല്‍ പ്രദേശ് സംഭവവും ഉത്തരാഖണ്ഡ് സംഭവവും സംസ്ഥാനങ്ങളുടെ അധികാരപരിധിയിലേക്കുള്ള കേന്ദ്രസര്‍ക്കാറിന്റെ നുഴഞ്ഞുകയറ്റത്തെയാണ് കാണിക്കുന്നത്. അരുണാചല്‍പ്രദേശിലെ നബാംതൂക്കി സര്‍ക്കാറിനെ അട്ടിമറിച്ചത് 21 കോണ്‍ഗ്രസ് വിമതരും ബി ജെ പിയും ചേര്‍ന്ന് നടത്തിയ കൗതുകകരമായ സംഭവങ്ങളിലൂടെയാണ്. താത്കാലിക നിയമസഭാ സമ്മേളനത്തിലൂടെ സ്പീക്കര്‍ നബാംറേബിയെ പുറത്താക്കിയതോടെയാണ് അരുണാചല്‍ സംസ്ഥാനത്ത് പ്രതിസന്ധി തുടങ്ങിയത്. ഒരു ഹോട്ടലില്‍ നിയമസഭാ സമ്മേളനം തട്ടിക്കൂട്ടിയാണ് ഈ കളികളെല്ലാം നടത്തിയത്! സ്പീക്കര്‍ക്ക് പിറകെ മുഖ്യമന്ത്രിയെയും കോണ്‍ഗ്രസ് വിമതരെ കൂട്ടുപിടിച്ച് ബി ജെ പി പുറത്താക്കുകയായിരുന്നു.
ഇവിടെയും കൈയാളായത് ഗവര്‍ണര്‍ തന്നെ. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നതായി ഗവര്‍ണര്‍ ജ്യോതിപ്രസാദ് രാജ്‌ഖോവ രാഷ്ട്രപതിക്ക് തുടര്‍ച്ചയായി റിപ്പോര്‍ട്ടുകള്‍ അയച്ചു. ക്രമസമാധാനനില തകര്‍ന്നതിന്റെ തെളിവായി രാജ്ഭവന് അടുത്ത് പോലും ഗോഹത്യ നടന്നതായി ഗവര്‍ണര്‍ റിപ്പോര്‍ട്ട് അയച്ചു. ഇതൊരു വ്യാജസംഭവമായിരുന്നു. കാളയോട് സാദൃശ്യമുള്ള മിഥുന്‍ എന്ന മൃഗത്തെ വിശ്വാസപരമായ അനുഷ്ഠാനക്രിയയുടെ ഭാഗമായി ബലി നടത്തിയതിനെയാണ് ഗവര്‍ണര്‍ ഗോഹത്യയായി ചിത്രീകരിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.
പണവും അധികാരവും ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാറുകളെ തകര്‍ക്കുന്ന ഫാസിസ്റ്റ് നീക്കമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ മതേതരത്വവും ഫെഡറല്‍ മൂല്യങ്ങളും ജനാധിപത്യവും സംരക്ഷിക്കണമെന്നാഗ്രഹിക്കുന്ന എല്ലാ വിഭാഗം ജനങ്ങളും ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here