കാട്ടാനയെ കല്ലെറിഞ്ഞ സംഭവം; നാല് യുവാക്കളെ അറസ്റ്റ് ചെയ്തു

Posted on: March 29, 2016 6:47 pm | Last updated: March 29, 2016 at 9:50 pm

Elephantസുല്‍ത്താന്‍ ബത്തേരി :മുത്തങ്ങയിലെ ദേശീയപാതയില്‍ കാട്ടാനയെ കല്ലെറിഞ്ഞ നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. മാനന്തവാടി, മേപ്പാടി, കോട്ടപ്പടി, സ്വദേശികളായ ഷമീര്‍, അബ്ദുള്‍ റസാഖ്, റിയാസ്, ഷനല്‍ ഹാഷിം എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച വാഹനവുമായി ഇന്നു രാവിലെ വൈല്‍ഡ് ലൈഫ് വാര്‍ഡനു മുന്നില്‍ കീഴടങ്ങുകയായിരുന്നു.

വെള്ളിയാഴ്ചയാണ് പൊന്‍കുഴിക്കും തകരപാടിക്കും ഇടയില്‍ നാലംഗസംഘം റോഡ് കുറുകെ കടക്കുകയായിരുന്ന കാട്ടാനയ്ക്കും കുട്ടിയാനയ്ക്കും നേരെ കല്ലെറിഞ്ഞിത്. മൈസൂര്‍ ഭാഗത്തുനിന്നു കാറിലെത്തിയതാണ് യുവാക്കള്‍. പ്രകോപിതരായ കാട്ടാനകള്‍ മുന്നോട്ടുവന്നതോടെ ഇവര്‍ വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഈ സമയം പ്രകോപിതനായ ആന മറ്റു വാഹനങ്ങള്‍ക്കെതിരേ തിരിയാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി.

മറ്റൊരു വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനു പിന്നാലെ ശക്തമായ പ്രതിഷേധം യുവാക്കള്‍ക്കുനേരെ ഉയര്‍ന്നിരുന്നു. വനപാതയിലൂടെ കടന്നു പോകുന്ന വാഹനങ്ങളിലുള്ളവര്‍ മൃഗങ്ങള്‍ക്കു തീറ്റകൊടുക്കുകയോ ഉപദ്രവിക്കുകയോ ചെയ്യരുതെന്നാണ് വനം വകുപ്പിന്റെ കര്‍ശന നിര്‍ദേശം. ടൂറിസ്റ്റുകള്‍ വന്യമൃഗങ്ങളെ ഉപദ്രവിക്കുന്നതു പതിവായ സാഹചര്യത്തില്‍ കര്‍ശന നടപടിക്കൊരുങ്ങുകയാണ് വനം വകുപ്പ്. വന്യജീവി സംരക്ഷണ നിയമം സെക്ഷന്‍ ഒന്‍പത് പ്രകാരം ഏഴു വര്‍ഷം തടവും 25,000 രൂപ പിഴയും വരെ ലഭിക്കാവുന്ന കുറ്റം ചുമത്താവുന്നതാണ് കേസ്.