ഡോര്‍ ടു ഡോര്‍ കാര്‍ഗോ സര്‍വീസുകള്‍ നിരക്ക് വര്‍ധിപ്പിക്കുന്നു

Posted on: March 29, 2016 2:15 pm | Last updated: March 29, 2016 at 2:15 pm
CARGO2
കാര്‍ഗോ സര്‍വീസ് നിരക്ക് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത വിവിധ കാര്‍ഗോ കമ്പനി പ്രതിനിധികള്‍

മസ്‌കത്ത്:വിമാന കമ്പനികള്‍ കാര്‍ഗോ നിരക്ക് വര്‍ധിപ്പിച്ച സാഹചര്യത്തില്‍ രാജ്യത്തെ ഡോര്‍ ടു ഡോര്‍ കാര്‍ഗോ കമ്പനികള്‍ സേവന നിരക്ക് വര്‍ധിപ്പിക്കുന്നു. അടുത്ത മാസം ഒന്നു മുതല്‍ 1 റിയാലും 300 ബൈസയും ഒരു കിലോക്ക് ഈടാക്കുമെന്ന് കാര്‍ഗോ സ്ഥാപനങ്ങള്‍ സംയുക്തമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

പ്രവാസികളുടെ കുടുംബങ്ങള്‍ക്കും മറ്റും 20,000 രൂപ വരെ വിലയുള്ള സാധനങ്ങള്‍ ഡ്യൂട്ടി ഫ്രീ ഗിഫ്റ്റ് ആയി അയച്ചു കൊടുക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന കാര്‍ഗോ സേവനങ്ങള്‍ നല്‍കി വരുന്ന ഒമാനിലെ 35 സ്ഥാപനങ്ങളാണ് നിരക്ക് 1 റിയാല്‍ 300 ബൈസയായി ഉയര്‍ത്തിയിരിക്കുന്നത്. ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളിലെ കാര്‍ഗോ ക്ലിയറന്‍സ് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി നിര്‍ത്തിവെച്ചതിലൂടെ കാര്‍ഗോ മേഖല പ്രതിസന്ധിയില്‍ ആയിരുന്നു. കഴിഞ്ഞ ആറു മാസമായി ഡല്‍ഹി എയര്‍പോര്‍ട്ട് വഴി മാത്രമാണ് കാര്‍ഗോ സ്ഥാപനങ്ങള്‍ സര്‍വീസ് നടത്തുന്നത്.

ഇതിനിടെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വിവിധ വിമാന കമ്പനികള്‍ക്ക് കാര്‍ഗോ വസ്തുക്കള്‍ ഇറക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ വിമാന കമ്പനികള്‍ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കുകയായിരുന്നു. ഈ മാസം ആദ്യം മുതല്‍ ഉയര്‍ത്തിയ നിരക്ക് ഈടാക്കുന്നത് ആരംഭിക്കുകയും ചെയ്തു.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള ചെലവ് വര്‍ധനയും കാര്‍ഗോ കമ്പനികളെ സര്‍വീസ് നിരക്ക് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കി. ഇതിന് പുറമെ മസ്‌കത്ത് വിമാനത്താവളത്തില്‍ കാര്‍ഗോ നിരക്ക് ഉയര്‍ത്തുകയും ചെയ്തു.മുഹമ്മദ് ഉണ്ണി, നൗഷാദ്, മുഹമ്മദ് അലി, അശ്‌റഫ്, ബശീര്‍, സലീം, ജബ്ബാര്‍, റിനേഷ്, മുഹമ്മദ്, ശാഫി, സല്‍മാന്‍, ചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.